ഫോര്‍ബ്സ് മിഡില്‍ ഈസ്റ് പട്ടികയില്‍ സൌദിയില്‍നിന്നു ഡോ. സിദ്ദിഖ് അഹ്മദ്
Saturday, May 2, 2015 8:11 AM IST
ദുബായി: അറബ് ലോകത്തെ ബിസിനസ് രംഗത്തുനിന്നു പ്രമുഖ ഇന്ത്യക്കാരുടെ ഫോര്‍ബ്സ് മിഡില്‍ ഈസ്റ് പട്ടികയില്‍ തുടര്‍ച്ചയായി രണ്ടാം വര്‍ഷവും ഇറാം -ഐടിഎല്‍ ഗ്രൂപ്പ് ചെയര്‍മാന്‍ ഡോ. സിദ്ദിഖ് അഹ്മദ് സ്ഥാനം പിടിച്ചു.

ബിസിനസ് ഉടമ-സ്ഥാപക വിഭാഗത്തില്‍ പതിനാറാം സ്ഥാനത്തുള്ള ഡോ. സിദ്ദീഖ് അഹ്മദ് മുന്‍വര്‍ഷത്തേതില്‍നിന്ന് ഒരു സ്ഥാനം മുന്നിലെത്തി. ഫോര്‍ബ്സ് മിഡില്‍ ഈസ്റ് പുറത്തിറക്കിയ ആദ്യ ഇരുപത് പേരുടെ പട്ടികയില്‍ സൌദി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഏക വ്യവസായി ഡോ. സിദ്ദിഖ് അഹ്മദാണ്.

ഉട -സ്ഥാപക വിഭാഗത്തില്‍ നൂറില്‍ 90 പേരും യുഎഇ നിവാസികളാണ്. കുവൈറ്റില്‍നിന്ന് അഞ്ചു പേരും മറ്റു മൂന്നു പേര്‍ സൌദി, ബഹറിന്‍, ഖത്തര്‍ എന്നിവിടങ്ങളില്‍നിന്നുള്ളവരാണ്. 21 മേഖലകളില്‍ മുന്നില്‍ നില്‍ക്കുന്നവരെയാണ് ഈ വര്‍ഷത്തെ പട്ടികയില്‍ ഉള്‍പ്പെടുത്തിയത്. പുതുതായി 37 പേര്‍ പട്ടികയില്‍ സ്ഥാനം പിടിച്ചു. ഈ വര്‍ഷം സ്റാലിയണ്‍സ് ഗ്രൂപ്പ് സാരഥി സുനില്‍ വാസ്വാനിയാണ് ഒന്നാം സ്ഥാനത്തുള്ളത്. മുന്‍ വര്‍ഷം ഒന്നാംസ്ഥാനത്തായിരുന്ന ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.കെ. യൂസഫലി രണ്ടാം സ്ഥാനത്തേക്കു പിന്തള്ളപ്പെട്ടു. പി.എന്‍.സി. മേനോന്‍ (ശോഭാ ഗ്രൂപ്പ്), ഡോ. ആസാദ് മൂപ്പന്‍ (ആസ്റര്‍ ഹെല്‍ത്ത് കെയര്‍) തുടങ്ങിയവരും പട്ടികയില്‍ ഉള്‍പ്പെടുന്നു.

തുടര്‍ച്ചയായി മൂന്നാം വര്‍ഷമാണു ഫോര്‍ബ്സ് മിഡില്‍ ഈസ്റ് പട്ടിക തയാറാക്കുന്നത്. മേഖലയില്‍ സ്വന്തം മികവ് പ്രകടിപ്പിച്ച നൂറു ബിസിനസ് ഉടമകളും സ്ഥാപകരും അമ്പത് സി ലെവല്‍ എക്സിക്യൂട്ടീവുകളുമാണു പട്ടികയില്‍ ഉള്‍പ്പെടുന്നത്.

അംഗീകാരം നേടിയ ബിസിനസ് സാരഥികളെ ദുബായിയില്‍ കഴിഞ്ഞ ദിവസം നടന്ന ചടങ്ങില്‍ ആദരിച്ചു. യുഎഇയിലെ ഇന്ത്യന്‍ അംബാസഡര്‍ ടി.പി. സീതാറാം, അറബ് പബ്ളിഷര്‍ ഹൌസ് പ്രസിഡന്റ് ഡോ. നാസര്‍ ബിന്‍ അഖീല്‍ അല്‍ തയാര്‍ എന്നിവര്‍ നയതന്ത്ര പ്രതിനിധികളും ബിസിനസ് സാരഥികളും പ്രമുഖ വ്യക്തികളുമുള്‍പ്പെടുന്ന സദസില്‍ അവാര്‍ഡ് വിതരണം ചെയ്തു. അംഗീകാരം നേടിയ എല്ലാ വ്യവസായ പ്രമുഖരുടെയും സംഭാവനകളെ അംബാസഡര്‍ ശ്ളാഘിച്ചു.

മികവിനു അംഗീകാരം നേടിയ എല്ലാവരെയും ഫോര്‍ബ്സ് മിഡില്‍ ഈസ്റ് എഡിറ്റര്‍ ഇന്‍ ചീഫും അറബ് പബ്ളിഷര്‍ ഹൌസ് വൈസ് പ്രസിഡന്റുമായ ഖുലൂദ് അല്‍ ഒമിയാന്‍ അഭിനന്ദിച്ചു. ഏറെ വെല്ലുവിളികളുള്ള മിഡില്‍ ഈസ്റ് വിപണിയില്‍ സ്വന്തം നേതൃപാടവവും വളരുന്ന ബിസിനസ് സംരംഭങ്ങളും വഴി സാന്നിധ്യം അടയാളപ്പെടുത്തിയ ഇന്ത്യന്‍ ബിസിനസ് സാരഥികളെ ആദരിക്കുന്നതില്‍ ഫോര്‍ബ്സ് മിഡില്‍ ഈസ്റ് സെയില്‍സ് വിഭാഗം മേധാവി കൃഷ്ണ നടരാജന്‍ സന്തോഷം പ്രകടിപ്പിച്ചു.