ഇന്ത്യന്‍ മ്യൂസിക് ബാന്‍ഡ് 'തൈക്കൂടം ബ്രിഡ്ജ്' വന്‍ തരംഗമാകുന്നു
Saturday, March 7, 2015 5:34 AM IST
ലണ്ടന്‍: ആസ്വാദകരെ സംഗീതത്തിന്റെ ഒരു പുതുലോകത്തേക്ക് കൂട്ടിക്കൊണ്ടുപോയി ചിന്തിപ്പിക്കുകയും ചിരിപ്പിക്കുകയും കരയിപ്പിക്കുകയും ഒക്കെ ചെയ്യുന്ന ഒരു മാജിക്കല്‍ ട്രൂപ്പാണു തൈക്കൂടം ബ്രിഡ്ജ്.

ഇന്ത്യയിലെ മികച്ച ബാന്‍ഡായി മാറിയ തൈക്കൂടം ബ്രിഡ്ജ് ഷോ സൌത്ത് ഇന്ത്യയിലും മിഡില്‍ ഈസ്റിലും നിരവധി ഷോ ഇതിനോടകം കാഴ്ചവച്ചു. ഓസ്ട്രേലിയ, ന്യൂസിലന്‍ഡ് എന്നീ രാജ്യങ്ങള്‍ക്കുശേഷം യുകെയിലേക്കും റെസ്റ് ഓഫ് യൂറോപ്പിലേക്കും വരുന്നു. യുകെയിലെ പ്രമുഖ ഇവന്റ് മാനേജ്മെന്റ് ഗ്രൂപ്പായ കുഷ്ലോഷ് ആണ് യുകെയിലും റെസ്റ് ഓഫ് യൂറോപ്പിലും ഈ കലാവിരുന്ന് 2015 ജൂണ്‍, ജൂലൈ മാസങ്ങളില്‍ ഒരുക്കുന്നത്.

ഗോവിന്ദ് മേനോന്‍, സിദ്ധാര്‍ഥ് മേനോന്‍ എന്നീ സഹോദരന്മാര്‍ ചേര്‍ന്നു രൂപം കൊടുത്ത തൈക്കൂടം ബ്രിഡ്ജ് എന്ന ഇന്ത്യന്‍ മ്യൂസിക് ബാന്‍ഡ് ചുരുങ്ങിയ കാലംകൊണ്ടുതന്നെ ലോകമെങ്ങുമുള്ള പുതു തലമുറ സംഗീത പ്രേമികള്‍ക്കിടയില്‍ വന്‍ തരംഗം ആയി മാറി. തൈക്കൂടം ബ്രിഡ്ജിന്റെ ഫിഷ് റോക്ക്, ശിവ, ചത്തെ എന്നീ ആല്‍ബങ്ങള്‍ സോഷ്യല്‍ മീഡിയയിലും യുടൂബിലും വൈറല്‍ ഹിറ്റ് ആയി മാറി. തൈക്കൂടം ബ്രിഡ്ജിന്റെ വന്‍ ഹിറ്റുകളായ ഫിഷ് റോക്കും ഇംഗ്ളീഷ്, മലയാളം, തമിഴ്, ഹിന്ദി ഭാഷകളിലെ ഹിറ്റ് ഗാനങ്ങളുമായി വേറിട്ട ശൈലിയില്‍ പെര്‍ഫൊം ചെയ്യുന്ന 18 പ്രശസ്ത കലാകാരന്മാരാണ് ഈ ഷോയില്‍ പങ്കെടുക്കുന്നത്. മ്യൂസിക് മോജോ എന്ന പ്രശസ്ത ഷോയിലും ഏറ്റവുമധികം ആരാധകരുള്ള ബാന്‍ഡ് ആണ് തൈക്കൂടം ബ്രിഡ്ജ്. ഫേസ്ബുക്കില്‍ ആറു ലക്ഷത്തോളം ആരാധകരുള്ള ഇവരുടെ പാട്ടുകള്‍ യൂടൂബില്‍ 25 ലക്ഷം ആളുകള്‍ കണ്ടു കഴിഞ്ഞു.


രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ വിവിധ മേഖലകളില്‍ പ്രവര്‍ത്തിച്ചിരുന്ന 18 പ്രഫഷണലുകള്‍ സംഗീതം എന്ന ഒറ്റ വികാരത്തില്‍ ഒന്നിച്ചു ചേര്‍ന്നപ്പോള്‍ ലോകമെങ്ങുമുള്ള സംഗീത പ്രേമികള്‍ക്കു തൈക്കൂടം ബ്രിഡ്ജ് എന്ന മികച്ച ബാന്‍ഡ് പിറന്നു.