ദേശീയ ശ്രീനാരായണ കണ്‍വന്‍ഷന് ഫിലാഡല്‍ഫിയയില്‍ ഓഗസ്റ് എട്ടിന് സമാരംഭം കുറിക്കും
Friday, August 8, 2014 8:10 AM IST
ഫിലാഡല്‍ഫിയ: ഓഗസ്റ് 8, 9, 10 (വെള്ളി, ശനി, ഞായര്‍) തീയതികളില്‍ ഫിലാഡല്‍ഫിയയിലെ ശ്രീനാരായണ നഗറില്‍ നടക്കുന്ന ദൈവ ദശകം ശതാബ്ദി ആഘോഷത്തിലും ദേശീയ ശ്രീനാരായണ കണ്‍വന്‍ഷനിലും സ്വാമി ശ്രീമദ് സച്ചിദാനന്ദ, സ്വാമി ശ്രീമദ് ബോധി തീര്‍ത്ഥയും പങ്കെടുക്കും. കണ്‍വന്‍ഷന്‍ അവിസ്മരണീയമാക്കുന്നതിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി.

ഓഗസ്റ് എട്ടിന് (വെള്ളി) അഞ്ചിന് വിളംബര ഘോഷയാത്രയോടെ ആഘോഷ പരിപാടികള്‍ സമാരംഭിക്കും. തുടര്‍ന്ന് കണ്‍വന്‍ഷന്റെ ഔപചാരികമായ ഉദ്ഘാടനം ശിവഗിരി ശ്രീനാരായണ ധര്‍മ്മ സംഘം ട്രസ്റിനെ പ്രതിനിധീകരിച്ചുകൊണ്ട് ശ്രീമദ് സച്ചിദാനന്ദ സ്വാമികള്‍ നിര്‍വഹിക്കും. പ്രമുഖ വാഗ്മിയും ശ്രീനാരായണ ധര്‍മ പ്രചാരകനുമായ ഡോ. ബി. അശോക് ഐഎഎസ് (വൈസ് ചാന്‍സിലര്‍, കേരള വെറ്റിറിനറി സര്‍വകലാശാല) മുഖ്യ പ്രാഭാഷണം നടത്തും. ശ്രീമദ് ബോധി തീര്‍ഥ സ്വാമികളുടെ അനുഗ്രഹ പ്രാഭാഷണത്തെ തുടര്‍ന്ന് അമേരിക്കയിലെ വിവിധ ശ്രീനാരായണ പ്രസ്ഥാനങ്ങളുടെ ഭാരവാഹികള്‍ ആശംസ അര്‍പ്പിച്ചു സംസാരിക്കുന്നതായിരിക്കും. കണ്‍വന്‍ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ അഡ്വ. കല്ലുവിള വാസുദേവന്റെ അധ്യക്ഷതയില്‍ ചേരുന്ന സമ്മേളനത്തില്‍ സെക്രട്ടറി പ്രസാദ് കൃഷ്ണന്‍ സ്വഗതമോതും.

ശ്രീനാരായണ പ്രസ്ഥാനങ്ങളിലെ കുടുംബാംഗങ്ങള്‍ അവതരിപ്പിക്കുന്ന കലാപരിപാടികള്‍, സംഗമ വേദിയെ ധന്യമാക്കിക്കൊണ്ട് നൂറ്റിയൊന്ന് പേര്‍ അണി നിരക്കുന്ന ദൈവ ദശകം ആലാപനം, വിവിധ വിഷയങ്ങളെ ആസ്പദമാക്കി വിദഗ്ധര്‍ നയിക്കുന്ന പ്രഭാഷണങ്ങള്‍ ചര്‍ച്ചാ ക്ളാസുകള്‍, കുട്ടികള്‍ക്കായുള്ള മെറിറ്റ് അവാര്‍ഡ് വിതരണം, ആദ്യകാല സംഘാടകരെ ആദരിക്കല്‍, പ്രമുഖ വാഗ്മിയും മാധ്യമ പ്രവര്‍ത്തകനുമായ കേരള കൌമുദി സീനിയര്‍ സബ് എഡിറ്റര്‍ സജീവ് കൃഷ്ണന്‍, ഡോ. പല്‍പ്പുവിന്റെ ജീവിതത്തെ ആസ്പദമാക്കി രചിച്ച 'ദൈവത്തിന്റെ പടത്തലവന്‍' എന്ന കൃതിയുടെ ഏറ്റവും പുതിയ പതിപ്പിന്റെ പ്രകാശനം, ജെഫേഴ്സണ്‍ സര്‍വകലാശാലയിലെ പ്രഫസര്‍ ഡോ.സെല്‍വന്‍ നയിക്കുന്ന യോഗാ പരിശീലനം, ധ്യാനം, കുട്ടികള്‍ക്കും യുവജനങ്ങള്‍ക്കുമായി വിവിധ പരിപാടികള്‍ എന്നിവയും ഉണ്ടായിരിക്കും.

ശനിയാഴ്ച പ്രശസ്ത പിന്നണി ഗായകന്‍ ബിജു നാരായണനും സംഘവും അവതരിപ്പിക്കുന്ന ഗാനമേള കണ്‍വന്‍ഷന്‍ രാവിനെ സംഗീത സാന്ദ്രമാക്കും.

ഓഗസ്റ് 10 രാവിലെ ഒമ്പതിന് നടക്കുന്ന പൊതുയോഗത്തില്‍ കണ്‍വന്‍ഷന്‍ സംബന്ധിച്ച പ്രത്യേക അവലോകനവും ഭാവി പരിപാടികളുടെ ആസൂത്രണവും ചര്‍ച്ചാ വിഷയമാകും. 11ന് ചടങ്ങുകള്‍ ഔപചാരികമായി സമാപിക്കും. തുടര്‍ന്ന് ഫിലാഡല്‍ഫിയ ഗുരുദേവ മന്ദിരത്തിലേക്ക് തീര്‍ഥാടനം നടത്തുവാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അതിനുള്ള അവസരം ഉണ്ടായിരിക്കും

അഡ്വ: കല്ലുവിള വാസുദേവന്‍ (ചെയര്‍മാന്‍), അനിയന്‍ തൈയില്‍ (വൈസ് ചെയര്‍മാന്‍) മുരളി കൃഷ്ണന്‍ (വൈസ് ചെയര്‍മാന്‍), പ്രസാദ് കൃഷ്ണന്‍ (സെക്രട്ടറി), അനു രാജ് (ട്രഷറര്‍), ശ്രീനിവാസന്‍ ശ്രീധരന്‍ (എസ്എന്‍എ സെക്രട്ടറി) എന്നിവര്‍ നേതൃത്വം നല്‍കുന്ന സംഘാടക സമിതിയില്‍ ദേശീയ തലത്തില്‍ വിവിധ സബ് കമ്മിറ്റികള്‍ പ്രവര്‍ത്തിച്ചു വരുന്നു. ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായതായി പബ്ളിസിറ്റി കണ്‍വീനര്‍ രവികുമാര്‍ അറിയിച്ചു.

പരിപാടിയുടെ തത്സമയ സംപ്രേഷണം ഉണ്ടായിരിക്കും. ലൈവ് സ്ട്രീമിംഗ് ലിങ്ക് : വു://ംംം.ൌൃലമാ.്/രവമിിലഹ/ൃലലിമൃമ്യമിമിമശീിേമഹര്ീിലിശീിേ2014

റിപ്പോര്‍ട്ട്: ജോസഫ് മാര്‍ട്ടിന്‍ വിലങ്ങോലില്‍