ഗ്രീക്ക് പുരാണകഥകൾ വായിച്ചിട്ടുള്ളവർക്ക് ഏറെ പരിചിതമായേക്കാവുന്ന ഒരു കഥ ഇവിടെ അനുസ്മരിക്കട്ടെ. സീയൂസ് ദേവൻ എപ്പിമെത്തീയസിനു ഭാര്യയായി സുന്ദരിയായ പണ്ടോറയെ നൽകി. കൂടാതെ, അവർക്ക് ഒരു സമ്മാനവും നൽകി. അതു മനോഹരമായ ഒരു ഭരണി ആയിരുന്നു.
എന്നാൽ, അതിന്റെ ഭംഗി ആസ്വദിക്കുകയല്ലാതെ അതു തുറക്കാൻ അവർക്ക് അനുവാദമില്ലായിരുന്നു.പക്ഷേ, ഭരണി കൈയിൽ കിട്ടിയപ്പോൾ ആ സുന്ദരിക്ക് ഇരിക്കപ്പൊറുതിയില്ലാതായി. ആ ഭരണിയിൽ എന്താണ് നിക്ഷേപിച്ചിരിക്കുന്നതെന്നറിയാൻ അവൾക്ക് അതീവ ജിജ്ഞാസ. അവൾ സാവധാനം ഭരണി തുറന്നു.
അപ്പോൾ ഒരുപറ്റം പ്രാണികൾ ആ ഭരണിയിൽനിന്നു പുറത്തു കടന്നു പണ്ടോറയെയും അവളുടെ ഭർത്താവിനെയും കുത്താൻ തുടങ്ങി. അവൾ വേഗം ഭരണി അടച്ചു. എന്നാൽ, ഇതിനകം ആ പ്രാണികൾ കുത്തിവച്ചതു പരസ്പര സംശയത്തിന്റെയും വിദ്വേഷത്തിന്റെയും ഭീതിയുടെയും ദുഷ്ടതയുടെയുമൊക്കെ വിഷമായിരുന്നു!
സന്തുഷ്ടമായ അവരുടെ ജീവിതത്തിൽ കൊടുങ്കാറ്റ് ആഞ്ഞടിച്ചു തുടങ്ങി. എപ്പിമെത്തീയസിനു വലിയ കലിയും സങ്കടവുമായി. പണ്ടോറയുടെ ഹൃദയം നുറുങ്ങി അവൾ വാവിട്ടു കരയാൻ തുടങ്ങി. അപ്പോൾ കേൾക്കാം ഭരണിയുടെ ഉള്ളിൽനിന്ന് ഒരു സ്വരം, "എന്നെ പുറത്തുവിടൂ, ഞാൻ നിങ്ങളെ ആശ്വസിപ്പിക്കാം.
' ഉടനെ വിറയ്ക്കുന്ന കൈകളോടെ അവർ ആ ഭരണി വീണ്ടും തുറന്നു. അപ്പോൾ അതിമനോഹരമായ ഒരു ചിത്രശലഭം പുറത്തുവന്നു. അതു പറന്നു നടന്ന് അവരെ ഇരുവരെയും സ്പർശിച്ചു. അപ്പോൾ അവരുടെ ഹൃദയവേദന മയപ്പെട്ടു. അവർക്ക് ഏറെ ആശ്വാസം തോന്നി.
പ്രതീക്ഷയും സ്വപ്നവും
എന്തായിരുന്നെന്നോ ആ ചിത്രശലഭം! അത് അവരിലെ പ്രത്യാശ ആയിരുന്നു! എല്ലാം ശരിയാകുമെന്ന പ്രതീക്ഷ! പണ്ടോറയുടെ ജിജ്ഞാസമൂലം അവർ നിരാശയുടെ പടുകുഴിയിൽ വീണപ്പോൾ പ്രതീക്ഷയാണ് അവരെ കൈപിടിച്ചുയർത്തിയത്.
വേദനയ്ക്കിടെ പ്രതീക്ഷയാണ് അവർക്ക് അല്പം ആശ്വാസം പകർന്നത്. ആംഗലേയ സാഹിത്യകാരനായ അലക്സാണ്ടർ പോപ് ഒരിക്കൽ എഴുതി, "മനുഷ്യഹൃദയത്തിൽ പ്രതീക്ഷ എപ്പോഴും പൊട്ടിമുളച്ചുകൊണ്ടിരിക്കുന്നു.
' ഇപ്രകാരം പൊട്ടിമുളയ്ക്കുന്ന പ്രതീക്ഷയാണ് ഏതു പ്രതിസന്ധിക്കിടയിലും നമ്മെ മുന്നോട്ടു നയിക്കുന്നത്. എല്ലാവരുടെയും ജീവിതത്തിൽ വിവിധ പ്രശ്നങ്ങളും പ്രതിസന്ധികളും പരാജയങ്ങളും ബുദ്ധിമുട്ടുകളുമുണ്ട്. എങ്കിലും നമ്മിൽ കുടികൊള്ളുന്ന പ്രതീക്ഷ നല്ലൊരു ഭാവിയെ സ്വപ്നം കാണാൻ സഹായിക്കുന്നു.
നമ്മിലുള്ള ഈ പ്രതീക്ഷയ്ക്ക് എന്തെങ്കിലും അടിസ്ഥാനമുണ്ടോ? തീർച്ചയായും ദൈവത്തിന്റെ വാഗ്ദാനങ്ങളാണ് നമ്മുടെ പ്രതീക്ഷകളുടെ അടിസ്ഥാനം. ദൈവവചനം പറയുന്നു, "കർത്താവ് അരുൾ ചെയ്യുന്നു, നിങ്ങളെക്കുറിച്ചുള്ള പദ്ധതി എന്റെ മനസിലുണ്ട്. നിങ്ങളുടെ നാശത്തിനല്ല, ക്ഷേമത്തിനുള്ള പദ്ധതിയാണത്.
നിങ്ങൾക്ക് ശുഭമായ ഭാവിയും പ്രത്യാശയും നൽകുന്ന പദ്ധതി' (ജെറ 29:11).ദൈവത്തിന്റെ ഈ വാഗ്ദാനമാണ് എല്ലാ പ്രതീക്ഷകളുടെയും അടിസ്ഥാനം. ജീവിതത്തിൽ എന്തു പ്രശ്നങ്ങൾ ഉണ്ടായാലും ദൈവം കൈവെടിയുകയില്ല എന്ന വിശ്വാസവും പ്രതീക്ഷയും. അവിടത്തെ അനന്തപരിപാലനയിൽ എല്ലാം നേരേയാകുമെന്നുള്ള പ്രതീക്ഷ.
ജോബിന്റെ പ്രത്യാശ
ബൈബിളിൽ നാം വായിക്കുന്ന ജോബിന്റെ കഥ ഹൃദയഭേദകമാണ്. എല്ലാം ഉണ്ടായിരുന്ന ജോബിന് എല്ലാം നഷ്ടപ്പെട്ടു. അപ്പോഴും നഷ്ടമാകാതെ ജോബിന് ഉണ്ടായിരുന്നത് ദൈവത്തിലുള്ള പ്രത്യാശ മാത്രമായിരുന്നു.
ജോബ് പറഞ്ഞു, "ദൈവം എന്നെ വധിച്ചാൽത്തന്നെ എന്ത്? അപ്പോഴും ഞാൻ അവിടന്നിൽ പ്രത്യാശ വയ്ക്കും'(ജോബ് 13:15). ഒന്നിനും ഇളക്കാൻ വയ്യാത്ത അചഞ്ചലമായ പ്രതീക്ഷയായിരുന്നു ജോബിന്റേത്. ജോബിന്റേതു പോലുള്ള പ്രതീക്ഷയാണ് നമുക്കും വേണ്ടത്. ജീവിതത്തിൽ ഏതു വിധത്തിലുള്ള കൊടുങ്കാറ്റ് ആഞ്ഞടിച്ചാലും പതറരുത്. പ്രത്യാശയില്ലാത്തവരുമാകരുത്.
അമേരിക്കൻ പൗരസ്വാതന്ത്ര്യത്തിനുവേണ്ടി പോരാടിയ മാർട്ടിൻ ലൂഥർ കിംഗ് ജൂണിയർ പറയുന്നു, "നമുക്കുണ്ടാകുന്ന പരാജയങ്ങൾ നാം അംഗീകരിക്കണം. എന്നാൽ, അനന്തമായ പ്രതീക്ഷ നാം ഒരിക്കലും നഷ്ടപ്പെടുത്തരുത്.' കാരണമെന്താണെന്നോ? നമ്മുടെ പ്രതീക്ഷയുടെ അടിസ്ഥാനം അനന്തനന്മയായ ദൈവംതന്നെ.
പണ്ടോറയുടെ കഥയിലേക്കു തിരികെവരട്ടെ. പണ്ടോറയുടെ പെട്ടി എന്ന പേരിലായിരിക്കാം ഈ കഥ പലരും കേട്ടിട്ടുള്ളത്. എന്നാൽ, അതു തെറ്റായ വിവർത്തനമായിരുന്നെന്നു പണ്ഡിതർ ഇപ്പോൾ സമർഥിക്കുന്നു. പണ്ടോറയുടെ പെട്ടി ആയാലും ഭരണി ആയാലും ഈ കഥ നൽകുന്ന സന്ദേശം പ്രതീക്ഷയെക്കുറിച്ചുതന്നെ. എല്ലാം ഒരിക്കൽ ശരിയാകുമെന്ന പ്രതീക്ഷ.
ഇപ്രകാരമൊരു പ്രതീക്ഷ പൗലോസ് അപ്പസ്തോലനുണ്ടായിരുന്നു. തന്മൂലമാണ് അദ്ദേഹം എഴുതിയത്, "പ്രത്യാശയുടെ ദൈവം നിങ്ങളുടെ വിശ്വാസത്താൽ സകല സമാധാനവും സന്തോഷവുംകൊണ്ട് നിങ്ങളെ നിറയ്ക്കട്ടെ.
അങ്ങനെ പരിശുദ്ധാത്മാവിന്റെ ശക്തിയാൽ നിങ്ങൾ പ്രത്യാശയിൽ സമൃദ്ധി പ്രാപിക്കുകയും ചെയ്യട്ടെ!' (റോമ 15:13). പരിശുദ്ധാത്മാവിന്റെ ശക്തിയാൽ പ്രത്യാശയിൽ നാം വളർന്നാൽ അതു നമ്മുടെ ജീവിതത്തെ വിജയത്തിൽ എത്തിക്കുമെന്നു തീർച്ച.
ഫാ. ജോസ് പന്തപ്ലാംതൊട്ടിയിൽ