ഷിക്കാഗോ ഫെഡറേഷൻ ഓഫ് ഇന്ത്യൻ അസോസിയേഷൻ റിപ്പബ്ലിക് ദിനാഘോഷം നടത്തി
Thursday, January 27, 2022 6:05 PM IST
ഷിക്കാഗോ: ഷിക്കാഗോ ഫെഡറേഷൻ ഓഫ് ഇന്ത്യൻ അസോസിയേഷൻ റിപ്പബ്ലിക് ദിനാഘോഷവും പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണവും നടത്തി.

റിപ്പബ്ലിക് ദിനാഘോഷചടങ്ങിൽ യുഎസ് കോൺഗ്രസ് അംഗങ്ങളായ രാജ കൃഷ്ണമൂർത്തി, ഡാനി ഡേവിസ്, ബ്രാഡ് സ്കിനഡർ എന്നിവരുടെ സാന്നിധ്യം ഏറെ ശ്രദ്ധിക്കപ്പെട്ടു. ഇന്ത്യ മിഡ് വെസ്റ്റ് കോ‌ൺസൽ ജനറൽ അമിത് കുമാർ മുഖ്യാതിഥിയായിരുന്നു.

സാമൂഹിക, സാംസ്കാരിക രംഗങ്ങളിൽ എഫ്ഐഎ നിർവഹിക്കുന്ന പങ്ക് സുപ്രധാനമാണെന്നും ഇതിനു പ്രകടമായ ഉദാഹരണമാണ് വൈസ് പ്രസിഡന്‍റ് കമല ഹാരിസ് എന്നും കോൺഗ്രസ്മാൻ ബ്രാഡ് പറഞ്ഞു. മഹാത്മ ഗാന്ധി, മാർട്ടിൻ ലൂഥർ കിംഗ് എന്നീ നേതാക്കളെക്കുറിച്ചും ബ്രാഡ് പരാമർശിച്ചു. ബ്രിട്ടീഷ് സമ്രാജ്യത്തിൽനിന്നും ഇന്ത്യക്ക് മഹാത്മജി സ്വാതന്ത്ര്യം നേടിക്കൊടുത്തുവെങ്കിൽ അമേരിക്കയിൽ സ്ത്രീകൾക്ക് വോട്ടവകാശം നേടിക്കൊടുത്തത് മാർട്ടിൻ ലൂഥർ കിംഗ് ആണെന്നും ബ്രാഡ് കൂട്ടിചേർത്തു.

അമേരിക്കൻ രാഷ്ട്രീയത്തിൽ ഇന്ത്യൻ സമൂഹത്തിന്‍റെ സ്വാധീനം വർധിച്ചുവരുന്നതായി ഇന്ത്യൻ വംശജനും യുഎസ് കോൺഗ്രസ് അംഗവുമായ രാജ കൃഷ്ണമൂർത്തി പറഞ്ഞു.

ചടങ്ങിൽ രാകേഷ് മൽഹോത്ര പ്രസിഡന്‍റായ സംഘടന ഭാരവാഹികളുടെ സ്ഥാനാരോഹണവും ഇതോടൊപ്പം നടന്നു. എഫ്ഐഎയുടെ മുൻ പ്രസിഡന്‍റ് രാജേഷ് പട്ടേൽ പുതുതായി ചുമതലയേറ്റ സംഘടനാ ഭാരവാഹികൾക്ക് എല്ലാവിധ ആശംസകളും നേർന്നു.

പി.പി. ചെറിയാൻ