ഫ്ളോറിഡയിൽ കോവിഡ് ടെസ്റ്റ് കിറ്റുകൾക്ക് ക്ഷാമം; കാലാവധി കഴിഞ്ഞവ ഉപയോഗിക്കാൻ അനുമതി
Thursday, January 13, 2022 2:37 PM IST
തൽഹാസെ: കോവിഡ് കിറ്റുകൾക്ക് ക്ഷാമം നേരിടുന്ന ഫ്ളോറിഡ സംസ്ഥാനത്ത് വെയർഹൗസിൽ കെട്ടികിടക്കുന്ന കാലാവധി കഴിഞ്ഞ കിറ്റുകൾ മൂന്നു മാസം കൂടി ഉപയോഗിക്കാൻ അനുമതിയായതായി ഗവർണർ റോൺ ഡിസാന്‍റിസ് വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

ഡിസംബറിൽ കാലാവധി അവസാനിച്ച ഒരു മില്യൺ കൊറോണ വൈറസ് റാപ്പിഡ് ടെസ്റ്റ് കിറ്റുകൾ ഉപയോഗിക്കുന്നതിനുള്ള അനുമതി യുഎസ് ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷനാണ് നൽകിയിരിക്കുന്നത്.

ഡിസംബർ 26 നും 30 നും കാലാവധി അവസാനിച്ച കിറ്റുകൾ വെയർ ഹൗസിൽനിന്നും എമർജൻസി മാനേജ്മെന്‍റ് ഓഫീസ്, കൗണ്ടി ഹെൽത്ത് ഡിപ്പാർട്ട്മെന്‍റ, പബ്ലിക് സേഫ്റ്റി ഏജൻസീസ്, ആശുപത്രികൾ, ലോംഗ് ടേം കെയർ ഫെസിലിറ്റീസ് തുടങ്ങിയ കേന്ദ്രങ്ങളിലേക്കാണ് അയച്ചിരിക്കുന്നത്.

2021 ൽ ലഭിച്ച കിറ്റുകൾക്ക് ആവശ്യക്കാർ കുറവായിരുന്നതിനാൽ വെയർ ഹൗസിൽ സൂക്ഷിച്ചിരിക്കുകയായിരുന്നു. ഇപ്പോൾ സംസ്ഥാനം അതീവ ഗുരുതരാവസ്ഥയിലാണ്.
അതിനാലാ‌ണ് കോവിഡ് പരിശോധനകളുടെ എണ്ണം വർധിപ്പിച്ചതെന്നും ഗവർണർ പറഞ്ഞു.

ബുധനാഴ്ച മാത്രം ഫ്ളോറിഡയിൽ 71742 കോവിഡ് കേസുകൾ സ്ഥിരീകരിച്ചു. മഹാമാരിക്കുശേഷം ഫ്ളോറഡയിൽ ഇതുവരെ 48,78524 പോസിറ്റീവ് കേസുകളും 62,819 മരണവും സ്ഥിരീകരിച്ചു.

പി.പി. ചെറിയാൻ