മേഘ രാജഗോപാലൻ, നീൽ ബേദി എന്നിവർക്കു മാധ്യമപ്രവര്‍ത്തനത്തിനുള്ള പുലിറ്റ്‌സർ പുരസ്‌കാരം
Sunday, June 13, 2021 3:10 PM IST
ന്യൂയോർക്ക്: മാധ്യമപ്രവര്‍ത്തനത്തിന് നല്‍കിവരുന്ന 2021ലെ അമേരിക്കയിലെ പരമോന്നത ബഹുമതിയായ പുലിറ്റ്‌സർ പുരസ്‌കാരത്തിന് ഇന്ത്യൻ വംശജരും മാധ്യമപ്രവർത്തകരുമായ മേഘ രാജഗോപാലൻ, നീൽ ബേദി എന്നവർ അർഹയായി.

അന്താരാഷ്ട്ര റിപ്പോർട്ടിംഗ് വിഭാഗത്തിലെ അവാർഡിനു മേഘ രാജഗോപാലനും, പ്രാദേശിക റിപ്പോർട്ടിംഗ് വിഭാഗത്തിൽ നീൽ ബേഡിയും പുലിറ്റ്‌സർ പുരസ്‌കാര ജേതാക്കൾ.

ജൂൺ 11 വെള്ളിയാഴ്ചയാണ് നൂറ്റിയഞ്ചാമത് പുലിറ്റ്‌സർ ജേതാക്കളെന്യൂയോർക്കിലെ കൊളംബിയ യൂണിവേഴ്സിറ്റിയുടെ ഗ്രാജുവേറ്റ് സ്‌കൂൾ ഓഫ് ജേർണലിസം ബോർഡ് പ്രഖ്യാപിച്ചത്. ചൈനയില്‍ ഉയിഗുര്‍ മുസ്ലിങ്ങളെ സംബന്ധിച്ച വാര്‍ത്ത പുറത്തുകൊണ്ടുവന്ന ഇന്ത്യന്‍ വംശജ മേഘ രാജഗോപാലിന് പുലിറ്റ്സര്‍ പുരസ്‌കാരം ലഭിച്ചിരിക്കുന്നത്.

ഫ്ലോറിഡയിൽ കുട്ടികളെ കണ്ടെത്തുന്നതിനായി ലോ എൻഫോഴ്‌സ്‌മെന്‍റ് അധികാരികൾ നടത്തുന്ന ദുർവ്യവഹാരങ്ങൾ വെളിച്ചത്തുകൊണ്ടുവരുന്നതിന് 'ടാംപ ബേ ടൈംസിൽ' നീൽ ബേദി എഴുതിയ അന്വേഷണ പരമ്പരയ്ക്കാണ് പുരസ്കാരം. പുരസ്കാരം തീരെ അപ്രതീക്ഷിതമായിരുന്നുവെന്നാണ് മേഘ രാജഗോപാലന്‍റെ പ്രതികരണം.
പുരസ്‌കാര വിജയിക്ക് 15,000 ഡോളറാണ് സമ്മാനമായി ലഭിക്കുക.

റിപ്പോർട്ട്: പി പി ചെറിയാൻ