കോവിഡ് 19 ഡമോക്രാറ്റിക് പാര്‍ട്ടി രാഷ്ട്രീയവത്കരിക്കുന്നുവെന്ന് മെലാനിയ ട്രംപ്
Wednesday, October 28, 2020 2:35 PM IST
പെന്‍സില്‍വേനിയ: അമേരിക്കന്‍ ജനത കോവിഡ് 19 മഹാമാരിയുടെ ദുരിതം അനുഭവിക്കുമ്പോള്‍ ഇതിനെ രാഷ്ട്രീയവത്കരിക്കുന്നതിനാണ് ഡമോക്രാറ്റിക് പാര്‍ട്ടിയും, പാര്‍ട്ടി സ്ഥാനാര്‍ഥി ബൈഡനും ശ്രമിക്കുന്നതെന്ന് പ്രഥമ വനിത മെലാനിയ ട്രംപ് ആരോപിച്ചു. ജനങ്ങള്‍ക്ക് ഭയം വര്‍ധിപ്പിക്കുന്ന പ്രസ്താവനകളാണ് ഡമോക്രാറ്റിക് പാര്‍ട്ടി നടത്തുന്നതെന്നും ഇവര്‍ പറഞ്ഞു.

ചൊവ്വാഴ്ച പെന്‍സില്‍വേനിയയില്‍ ട്രംപിന്റെ തിരഞ്ഞെടുപ്പ് പ്രചാരണ റാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു മെലാനിയ. ആയിരങ്ങളാണ് പ്രസംഗം കേള്‍ക്കാന്‍ എത്തിയിരുന്നത്. കോവിഡ് 19 എന്ന മഹാമാരിയെ ട്രംപ് നേരിട്ടതിനേക്കാള്‍ ഫലപ്രദമായി എനിക്ക് നേരിടുവാന്‍ കഴിയുമായിരുന്നുവെന്ന് ജോ ബൈഡന്റെ അവകാശവാദത്തെ പ്രഥമ വനിത രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചു.

യുഎസ് കോണ്‍ഗ്രസില്‍ 36 വര്‍ഷവും വൈസ് പ്രസിഡന്റായി എട്ടുവര്‍ഷവും ട്രംപിന്റെ പ്രവര്‍ത്തനങ്ങള്‍ അമേരിക്കന്‍ ജനത വിലയിരുത്തണമെന്നും പ്രസിഡന്റ് പദവി ലഭിച്ചാല്‍ ബൈഡന് എന്തു ചെയ്യുവാന്‍ കഴിയുമെന്നും ജനം ഒരു നിമിഷം ചിന്തിക്കണമെന്നും മെലാനിയ പറഞ്ഞു.

മഹാമാരി തന്റെ കുടുംബത്തെ ഗ്രസിച്ചപ്പോള്‍ അനുഭവിച്ച ശാരീരിക-മാനസിക സംഘര്‍ഷങ്ങള്‍ എത്ര മാത്രമായിരുന്നുവെന്നു ഞങ്ങള്‍ മനസിലാക്കിയതിനാല്‍ മറ്റുള്ളവരുടെ മനോവേദനയും ഞങ്ങള്‍ക്ക് ഊഹിക്കാന്‍ കഴിയുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

2019 ജൂണിലാണ് അവസാനമായി ട്രംപിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ മെലേനിയ രംഗത്തെത്തിയത്. അതിനുശേഷം പെന്‍സില്‍വേനിയയില്‍ പ്രത്യക്ഷപ്പെട്ട ഇവര്‍ കേള്‍വിക്കാരുടെ മനം കവര്‍ന്നു. അമേരിക്കന്‍ ജനതയില്‍ ഭയം വര്‍ധിപ്പിക്കുന്നതിനും ആശയകുഴപ്പമുണ്ടാക്കുന്നതിനും ഡമോക്രാറ്റിക് പാര്‍ട്ടി ശ്രമിക്കുമ്പോള്‍ ഭാവിയെക്കുറിച്ചു പ്രതീക്ഷയും സുരക്ഷിതത്വവും നല്‍കുന്നതിനാണ് പ്രസിഡന്റ് ട്രംപ് ലക്ഷ്യമിടുന്നതെന്നും മെലാനിയ പറഞ്ഞു.

റിപ്പോര്‍ട്ട്: പി.പി. ചെറിയാന്‍