അനിയന്‍ ജോര്‍ജ്, റ്റി ഉണ്ണികൃഷ്ണന്‍, തോമസ് റ്റി ഉമ്മന്‍ ടീമിന് അധികാരം കൈമാറി
Monday, October 26, 2020 3:35 PM IST
ന്യൂയോര്‍ക്ക്: ഫോമയുടെ പുതിയ നേതാക്കളായ അനിയന്‍ ജോര്‍ജ് (പ്രസിഡന്റ്), റ്റി ഉണ്ണികൃഷ്ണന്‍ (ജനറല്‍ സെക്രട്ടറി), തോമസ് റ്റി ഉമ്മന്‍ (ട്രഷറര്‍), പ്രദീപ് നായര്‍ (വൈസ് പ്രസിഡന്റ്), ജോസ് മണക്കാട് (ജോയിന്റ് സെക്രട്ടറി), ബിജു തോണിക്കടവില്‍ (ജോയിന്റ് ട്രഷറര്‍) എന്നിവര്‍ നേതത്വം നല്‍കുന്ന ഭരണസമിതിക്ക് അധികാരം കൈമാറി. കോവിഡ് പശ്ചാത്തലത്തില്‍ ഒക്‌ടോബര്‍ 24-ാം തീയതി വൈകുന്നേരം ന്യൂയോര്‍ക്ക് ടൈം 3ന് ആരംഭിച്ച വെര്‍ച്വല്‍ സൂം മീറ്റിംഗിലായിരുന്നു ഔദ്യോഗികമായ അധികാര കൈമാറ്റം. സംഘടനയുടെ 2018-20 വര്‍ഷത്തെ പ്രസിഡന്റ് ഫിലിപ്പ് ചാമത്തില്‍ അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ സ്ഥാനമൊഴിയുന്ന കമ്മിറ്റിയുടെ രണ്ടു വര്‍ഷത്തെ പ്രവര്‍ത്തന റിപ്പോര്‍ട്ട്, കണക്ക് അവതരണം, പുതിയ പ്രസിഡന്റ് അനിയന്‍ ജോര്‍ജിന്റെ നയപ്രഖ്യാപനം, സെക്രട്ടറി റ്റി ഉണ്ണിക്കൃഷ്ണന്റെ വരുന്ന രണ്ട് വര്‍ഷത്തെ പ്രവര്‍ത്തന രൂപരേഖ, ട്രഷറര്‍ തോമസ് ടി ഉമ്മന്റെ ബജറ്റ് അവതരണം തുടങ്ങിയവയായിരുന്നു ഹൈലൈറ്റുകള്‍.

റോഷന്‍ മാമന്‍റെ ഈശ്വരപ്രാര്‍ത്ഥനയോടുകൂടി ആരംഭിച്ച സമ്മേളനത്തില്‍ ഫോമായുടെ കഴിഞ്ഞ രണ്ടു വര്‍ഷത്തെ പ്രവര്‍ത്തന നേട്ടങ്ങളുടെ സംക്ഷിപ്ത അവലോകനമാണ് ഫിലിപ്പ് ചാമത്തില്‍ നടത്തിയത്. ഫോമയുടെ അംഗസംഘടനകള്‍ ഉള്‍പ്പെടെയുള്ളവരുടെ ഹൃദയപൂര്‍വമായ പിന്തുണയോടു കൂടി കോവിഡ് മഹാമാരിക്കിടയിലും മികച്ച പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ സാധിച്ചതായി ഫിലിപ്പ് ചാമത്തില്‍ വ്യക്തമാക്കി.

''രേഖാ നായരുടെ നേതൃത്വത്തില്‍ വിമന്‍സ് ഫോറം ശക്തമായ പ്രവര്‍ത്തനമാണ് കാഴ്ച വച്ചത്. സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന സമര്‍ത്ഥരായ 58 നേഴ്‌സിങ് വിദ്യാര്‍ത്ഥിനികള്‍ക്ക് ഓരേരുത്തര്‍ക്കും 50,000 രൂപയുടെ സ്‌കോളര്‍ഷിപ്പ് കഴിഞ്ഞ മാസം നല്‍കുകയും തൊഴിലധിഷ്ഠിത പദ്ധതികള്‍ നടപ്പാക്കുകയും ചെയ്തു. ഗ്രാന്റ് കാനിയന്‍ യൂണിവേഴ്‌സിറ്റിയുമായുള്ള സഹകരണം ഉറപ്പാക്കിയതു മൂലം 200ലധികം കോഴ്‌സുകള്‍ക്ക് 15ശതമാനം ഡിസ്‌കൗണ്ട് ലഭിക്കുന്നുണ്ട്. ഇതിലൂടെ അമേരിക്കന്‍ മലയാളികള്‍ക്ക് ഏകദേശം എട്ട് മില്ല്യന്‍ ഡോളര്‍ ലാഭിക്കാന്‍ പറ്റി. ഫോമായുടെ ജന്‍മ സ്ഥലമായ ഹൂസ്റ്റണില്‍ 2018 നവംബറില്‍ ഈ സംഘടനയുടെ പത്താം വാര്‍ഷികം പ്രൗഢോജ്വലമായി ആഘോഷിക്കുകയും ഫോമായുടെ എല്ലാക്കാലത്തെയും സാരഥികളെ ആദരിക്കുകയും ചെയ്തു. ആയിരത്തിലധികം പേരെ പങ്കെടുപ്പിച്ചുകൊണ്ട് മൂന്ന് ദിവസങ്ങളിലായി നടന്ന കേരള കണ്‍വന്‍ഷനിലൂടെ ജന്‍മനാടുമായുള്ള ബന്ധം കൂടുതല്‍ ഊട്ടിയുറപ്പിക്കാനും കഴിഞ്ഞു...'' ഫിലിപ്പ് ചാമത്തില്‍ പറഞ്ഞു.

തുടര്‍ന്ന് സ്ഥാനമൊഴിയുന്ന ജനറല്‍ സെക്രട്ടറി ജോസ് എബ്രഹാം 2018-20 വര്‍ഷത്തെ പ്രവര്‍ത്തന റിപ്പോര്‍ട്ടും ട്രഷറര്‍ ഷിനു ജോസഫ് കണക്കും അവതരിപ്പിച്ചു. കഴിഞ്ഞ രണ്ടു വര്‍ക്കാലം ഫോമാ നടത്തിയ എല്ലാപരിപാടികളെയും കോര്‍ത്തിണക്കിക്കൊണ്ടുള്ള സമഗ്രമായ റിപ്പോര്‍ട്ടായിരുന്നു ജോസ് എബ്രഹാമിന്റേത്. ഒരു ഇവന്റും വിട്ടുപോകാതിരിക്കാന്‍ അദ്ദേഹം ശ്രദ്ധിച്ചു. അദ്ദേഹത്തിന്റെ മികവാര്‍ന്ന അവതരണ ശൈലി ഏറെ പ്രകീര്‍ത്തിക്കപ്പെട്ടു. അതുപോലെ ഷിനു ജോസഫിന്റെ കണക്കവതരണവും കൃത്യവും സുതാര്യമായിരുന്നു. 2018-20 വര്‍ഷത്തെ മൊത്തം വരവ് $3,92,075.86 ഡോളറും ആകെ ചെലവ് $3,77,773.17 ഡോളറുമാണ്. ബാക്കിയുള്ള 14,302.69 ഡോളര്‍ പുതിയ കമ്മിറ്റിയെ ഏല്പിക്കുകയും ചെയ്തു. ജോയിന്റ് സെക്രട്ടറി സാജു ജോസഫും, ജോയിന്റ് ട്രഷറര്‍ ജെയിന്‍ കണ്ണച്ചാംപറമ്പിലും സംസാരിച്ചു.

കംപ്ലയന്റ്‌സ് കമ്മിറ്റി ചെയര്‍മാന്‍ രാജു വര്‍ഗീസ് അധികാര കൈമാറ്റ നടപടികളുടെ നിയമാവലി വായിക്കുകയും ഈ ചടങ്ങിന് നേതൃത്വം നല്‍കുകയും ചെയ്തു. ഒപ്പം ജനറല്‍ സെക്രട്ടറി ജോസ് എബ്രഹാമും ഷിനു ജോസഫും ചേര്‍ന്ന് ന്യൂജേഴ്‌സിയില്‍ സമ്മേളിച്ച പ്രസിഡന്റ് അനിയന്‍ ജോര്‍ജിനും, വൈസ് പ്രസിഡന്റ് പ്രദീപ് നായര്‍ക്കും അധികാര കൈമാറ്റം സംബന്ധിച്ച രേഖകളും, അക്കൗണ്ട് വിശദാംശങ്ങളും കൈമാറി. ജുഡീഷ്യറി കൗണ്‍സില്‍ ചെയര്‍മാന്‍ മാത്യൂസ് ചെരുവിലും അഡൈ്വസറി ബോര്‍ഡ് ചെയര്‍മാന്‍ ജോണ്‍ സി വര്‍ഗീസും ഈ സുപ്രധാന ചടങ്ങിന് സാക്ഷികളായി സംസാരിച്ചു. ചടങ്ങില്‍ പുതിയ ജനറല്‍ സെക്രട്ടറി റ്റി ഉണ്ണിക്കൃഷ്ണന്‍ ഫോമയുടെ വരുന്ന രണ്ടു വര്‍ഷത്തെ കര്‍മ്മ പരിപാടികളുടെ രൂപരേഖ അവതരിപ്പിച്ചു.

യോഗത്തില്‍ ശ്രദ്ധേയമായ മറ്റൊരു കാര്യം ട്രഷറര്‍ തോമസ് ടി ഉമ്മന്‍ അവതരിപ്പിച്ച 2020-2022 വര്‍ഷത്തേക്കുള്ള 1.92 മില്ല്യന്‍ ഡോളറിന്റെ ബജറ്റാണ്. ഫോമായുടെ ചരിത്രത്തിലെ ഈ വലിയ ബജറ്റ് ഫോമായ്ക്കും അമേരിക്കന്‍ മലയാളികള്‍ക്കും ഏറെ ഗുണകരമാവുമെന്ന് തോമസ് ടി ഉമ്മന്‍ ചൂണ്ടിക്കാട്ടി. കോവിഡ് മഹാമാരിയുടെ പ്രതിസന്ധി അവസാനിച്ചാല്‍ 2022 ല്‍ നടത്തുവാന്‍ ആഗ്രഹിക്കുന്ന കണ്‍വന്‍ഷന്‍ നാലുവര്‍ഷം കൂടുമ്പോള്‍ നടത്തപ്പെടുന്ന കണ്‍ വന്‍ഷനായിരിക്കും എന്നതുകൊണ്ട് തന്നെ കണ്‍വന്‍ഷന്റെ പരിപാടികളും പങ്കാളിത്തവും വമ്പിച്ച തോതിലാകുവാനാണ് സാധ്യത. ഇവയെല്ലാം കണക്കിലെടുത്തതാണ് ഫോമായുടെ 1 .92 മില്യന്റെ ബജറ്റ് തയ്യാറാക്കിയതെന്ന് തോമസ് റ്റി ഉമ്മന്‍ പറഞ്ഞു. തുടര്‍ന്ന് ജോയിന്റ് സെക്രട്ടറി ജോസ് മണക്കാട്ട്, ജോയിന്റ് ട്രഷറര്‍ ബിജു തോണിക്കടവില്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. യോഗത്തില്‍ മുന്‍ വൈസ് പ്രസിഡന്റ് വിന്‍സന്റ് ബോസ് മാത്യു സ്വാഗതവും പുതിയ വൈസ് പ്രസിഡന്റ് പ്രദീപ് നായര്‍ കൃതജ്ഞതയും രേഖപ്പെടുത്തി. മൂന്നര മണിക്കൂര്‍ നീണ്ടു നിന്ന മീറ്റിംഗില്‍ 180ലധികം പ്രതിനിധികള്‍ പങ്കെടുത്തു.

റിപ്പോർട്ട്: സാജു ജോസഫ് (പിആര്‍ഒ)