മലയാളം സൊസൈറ്റി ഹൂസ്റ്റൺ സമ്മേളനം നടത്തി
Monday, October 19, 2020 8:16 PM IST
ഹൂസ്റ്റൺ: ഹൂസ്റ്റണിലെ ഭാഷാ സ്നേഹികളുടെ സംഘടനയായ മലയാളം സൊസൈറ്റിയുടെ ഒക്ടോബര്‍ സമ്മേളനം 11 ന് (ഞായർ) വൈകിട്ട് 4ന് സൂം മീറ്റിംഗിലൂടെ നടത്തി. ജോര്‍ജ് മണ്ണിക്കരോട്ട് സ്വാഗതം ആശംസിച്ചു. ടി.എന്‍. സാമുവലിന്‍റെ സന്ദേഹം എന്ന കവിതയും സുകുമാരന്‍ നായര്‍ അവതരിപ്പിച്ച ഔഷധച്ചെടികളും അമൂല്യഗുണങ്ങളും എന്ന വിഷയത്തെ ആസ്പദമാക്കിയുള്ള പ്രഭാഷണവുമായിരുന്നു പ്രധാന ചര്‍ച്ചാവിഷയങ്ങള്‍. എ.സി. ജോര്‍ജ് മോഡറേറ്റര്‍ ആയിരുന്നു.

"അപ്രിയ സത്യങ്ങള്‍ അല്പമൊന്നോതുകില്‍
ഒപ്പം നശിക്കുമോ സദ്ബന്ധ ഭാവങ്ങള്‍
അരുമക്കിടാങ്ങളാം സോദരെ കൊലചെയ്തി-
ട്ടുരുവിടും മന്ത്രങ്ങള്‍ക്കെന്തുകാര്യം
എന്നിങ്ങനെ സാമൂഹ്യ പ്രതിബദ്ധമായ ചോദ്യങ്ങളുയര്‍ത്തിക്കൊണ്ടുള്ള കവിത സദസിന് ശക്തമായ പ്രതികരണങ്ങളുളവാക്കാന്‍ പര്യാപ്തമായിരുന്നു.

കവിത സന്ദഹമോ സന്ദേശമോ എന്ന ചോദ്യം കേള്‍വിക്കാരില്‍ നിന്നും ഉയര്‍ന്നു. ഇന്ന് ലോകത്ത് നടമാടിക്കൊണ്ടിരിക്കുന്ന സാമൂഹ്യ-മത-രാഷ്ടിയ രംഗങ്ങളിലേക്ക് സദസ്യരെ കൂട്ടിക്കൊണ്ടുപോകയും അവരില്‍ ശക്തമായ പ്രതികരണങ്ങളുണ്ടാക്കുവാന്‍ പരിയാപ്തമാകുകയും ചെയ്തു. ഒരു ചെറിയ കവിതയിലൂടെ വലിയ ആശയങ്ങള്‍ ഉള്‍ക്കൊള്ളാന്‍ കവിക്കു കഴിഞ്ഞുവെന്ന് സദസ്യര്‍ വിലയിരുത്തി. അടുത്ത പ്രഭാഷണം സുകുമാരന്‍ നായരുടെ ഔഷധച്ചെടികളും അമൂല്യഗുണങ്ങളും എന്ന വിഷയത്തെ ആസ്പദമാക്കിയായിരുന്നു. ഒരു സാഗരസമാനമായി വിഷയത്തിലേക്ക് ഒന്ന് എത്തിനോക്കാന്‍ മാത്രമെ തനിക്കു സാധിക്കൂ എന്ന ആമുഖത്തോടെയാണ് സുകുമാരന്‍ നായര്‍ പ്രഭാഷണം ആരംഭിച്ചത്. തുടര്‍ന്ന് അദ്ദേഹം പ്രത്യേകമായ പല ഔഷധച്ചെടികളെ കുറിച്ചും അതിന്‍റെയൊക്കെ ഗുണങ്ങളെ കുറിച്ചും വിവരിച്ചു. ചര്‍ച്ചയിലേക്കു കടന്നപ്പോള്‍ അതൊരു മഹാപ്രവാഹം പോലെ ഒഴുകാന്‍ തുടങ്ങി. പ്രതികരണങ്ങള്‍ ഇന്ത്യയുടെ ആയുര്‍വേദം എന്ന പൗരാണിക വൈദ്യശാസ്ത്രത്ത തഴുകി സ്വന്തം ജീവിതാനുഭവങ്ങളിലേക്കും ആ അനുഭവങ്ങളുടെ പങ്കിടീലിലും എത്തിച്ചു. അതീവ താൽപര്യത്തോടെയാണ് ഏവരും ചര്‍ച്ചയില്‍ പങ്കുചേര്‍ന്നത്.

പൊതു ചര്‍ച്ചയില്‍ പൊന്നു പിള്ള, എ.സി. ജോര്‍ജ്, ഗോപിനാഥ് പിള്ള, ശാന്തമ്മ പിള്ള, ജോസഫ് പൊന്നോലി, മാത്യു പന്നപ്പാറ, നൈനാന്‍ മാത്തുള്ള, ടി.എന്‍. സാമുവല്‍, തോമസ് കളത്തൂര്‍, സുകുമാരന്‍ നായര്‍, അല്ലി എസ്. നായര്‍, കുരിയന്‍ മ്യാലില്‍, ജോസഫ് തച്ചാറ, ടി.ജെ. ഫിലിപ്പ്, ജയിംസ് ചിറത്തടത്തില്‍, ജി. പുത്തന്‍കുരിശ്, ജോര്‍ജ് മണ്ണിക്കരോട്ട് തുടങ്ങിയവർ പങ്കെടുത്തു. പൊന്നു പിള്ളയുടെ നന്ദി പ്രസംഗത്തോടെ സമ്മേളനം പര്യവസാനിച്ചു.

വിവരങ്ങള്‍ക്ക്:മണ്ണിക്കരോട്ട് 281 857 9221, ജോളി വില്ലി 281 998 4917, പൊന്നു പിള്ള 281 261 4950, ജി. പുത്തന്‍കുരിശ് 281 773 1217.