ടോജോ തോമസ് കലിഫോർണിയ കാസ്ട്രോ വാലി മുൻസിപ്പൽ കൗൺസിലിലേക്ക്
Monday, August 10, 2020 7:04 PM IST
കലിഫോർണിയ: സാൻഫ്രാൻസിസ്‌കോ ബേ-ഏരിയയിലെ കാസ്ട്രോ വാലി മുൻസിപ്പൽ കൗൺസിലിലെ ഏഴംഗ സമിതിയിലേക്ക് മലയാളിയായ ടോജോ തോമസ് തെരഞ്ഞെടുക്കപ്പെട്ടു.

പുതുതായി നാമനിർദ്ദേശം ചെയ്യപ്പെട്ട അൽ പാദ്രോ, ഇല്യാ പ്രൊകൊപ്പോഫ് എന്നിവർക്കൊപ്പമാണ് മേഖലയുടെ ചുമതല വഹിക്കുന്ന അലമേഡ കൗണ്ടി സൂപ്പർവൈസർ നെയ്റ്റ് മൈലി, ടോജോ തോമസിനെയും നാമനിർദ്ദേശം ചെയ്തിരിക്കുന്നത്.

കാസ്ട്രോ വാലി മുൻസിപ്പൽ കൗൺസിലിലേക്ക് നാമനിർദ്ദേശം ചെയ്യപ്പെടുന്ന ആദ്യത്തെ തെക്കനേഷ്യൻ വംശജനാണ് ടോജോ തോമസ്. കാസ്ട്രോ വാലി പ്രദേശത്തെ സ്‌കൂൾ കുട്ടികളുൾപ്പെടെയുള്ള കാൽനടയാത്രക്കാരുടെ പൂർണസുരക്ഷ ലക്ഷ്യമാക്കിയുള്ള നിരവധി പദ്ധതികൾക്കാവും ടോജോ തോമസ് സാരഥ്യം വഹിക്കുക.

സാൻഫ്രാൻസിസ്‌കോ സിലിക്കൺ വാലി നിവാസികളായ പ്രവാസികൾക്ക് സുപരിചിതനും നോർത്തേൺ കലിഫോർണിയ മലയാളി അസോസിയേഷൻ മുൻ പ്രസിഡന്‍റും ട്രസ്റ്റി ബോർഡ് മെമ്പറും ഫോമായുടെ വെസ്റ്റ് റീജൺ മുൻ വൈസ് പ്രസിഡന്‍റ് എന്ന നിലകളിൽ പ്രവർത്തിച്ചിട്ടുള്ള ടോജോ തോമസ്, കൗണ്ടി സ്‌കൂൾ ബോർഡിലേയ്ക്കും അലമേഡ സൂപ്പർവൈസർ പദവിയിലേക്കും ജനവിധി തേടിയിട്ടുണ്ട്. അമേരിക്കൻ രാഷ്ട്രീയത്തെ വ്യതിരിക്തതയോടെ നോക്കിക്കാണുകയും അതിൽ ഭാഗഭാക്കാവുകയും ചെയ്യുന്നു എന്നതാണ് ആലപ്പുഴയിൽ നിന്നും തൊണ്ണൂറുകളുടെ തുടക്കത്തിൽ അമേരിക്കയിലേയ്ക്ക് കുടിയേറിയ ടോജോ തോമസിനെ വ്യത്യസ്തനാകുന്നത്. പ്രവാസികൾക്കായുള്ള വിവിധങ്ങളായ സാമൂഹ്യക്ഷേമപ്രവർത്തനങ്ങളിൽ നാളിതുവരെ പങ്കാളിയായ ടോജോ തോമസ്, തുടർന്നുവരുന്ന നാളുകളിൽ അദ്ദേഹത്തിന്‍റെ ഇടപെടലുകൾ കാസ്ട്രോ വാലി പ്രദേശത്തെ സ്‌കൂൾ കുട്ടികളുൾപ്പെടെയുള്ള കാൽനടയാത്രക്കാരുടെ നിലവിലുള്ള റോഡ് സുരക്ഷാമാനദണ്ഡങ്ങളുടെ നടത്തിപ്പിനും സമഗ്രമാറ്റങ്ങൾക്കുംവേണ്ടി ഉപയോഗപ്പെടുത്തുമെന്ന് പൊതുജനങ്ങൾക്ക് അദ്ദേഹം ഉറപ്പുകൊടുക്കുന്നു.

https://ebcitizen.com/2020/07/29/miley-names-former-critic-to-castro-valley-mac/

റിപ്പോർട്ട്: ബിജു തോമസ് പന്തളം