കേരളത്തിലേക്ക് വിമാന സർവീസ്: മലയാളികൾക്ക് സഹായഹസ്തവുമായി ഷിക്കാഗോ മലയാളിയുടെ ട്രാവൽ ആൻഡ് വീസ കമ്മിറ്റി
Friday, May 22, 2020 7:36 AM IST
ഷിക്കാഗോ: കേരളത്തിലേക്ക് നേരിട്ടുള്ള ആദ്യ വിമാന സർവീസ് മേയ് 23നു (ശനി) സാൻഫ്രാസിസ്കോയിൽ നിന്നു ആരംഭിക്കുമ്പോൾ, കോവിഡിന്‍റെ പ്രതിരോധത്തിൽ ഷിക്കാഗോയിലെ മലയാളി സമൂഹത്തിന് കൈത്താങ്ങാകുവാൻ രൂപീകരിച്ച ഷിക്കാഗോ മലയാളിയുടെ ട്രാവൽ ആൻഡ് വീസ കമ്മിറ്റിയുടെ പ്രവർത്തനങ്ങൾ സജീവമായി തുടരുന്നു.

ഇന്ത്യൻ കോൺസുലേറ്റിൽ നിന്നുള്ള വ്യക്തമായ വിവരങ്ങളുടെ അടിസ്ഥാനത്തിൽ, സഹായം ആവശ്യമുള്ളവർക്ക് കൃത്യമായ വിവരങ്ങളും സഹായങ്ങളും നൽകി നിരവധി പേർക്ക് കൈത്താങ്ങുകയാണ് ഈ കമ്മിറ്റി. 900 ഓളം മലയാളികൾ ഇന്ത്യൻ കോൺസുലേറ്റ് വഴിയായി കേരളത്തിലേക്ക് തിരിച്ചു പോകുവാനായി രജിസ്റ്റർ ചെയ്തിരിക്കുന്ന സാഹചര്യത്തിൽ, പലർക്കും ഇത് സംബന്ധിച്ചുള്ള വ്യക്തമായ വിവരങ്ങൾ ലഭിക്കാത്തതിനാൽ, പരമാവധി കൃത്യമായ വിവരങ്ങൾ നൽകുക എന്ന ഉദ്ദേശത്തോടെയാണ് ട്രാവൽ ആൻഡ് വീസ കമ്മറ്റി പ്രവർത്തിച്ചു വരുന്നത്.

900 ഓളം മലയാളികൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെങ്കിലും കേരളത്തിലേക്ക് നേരിട്ടുള്ള സീറ്റുകളുടെ എണ്ണം പരിമിതമാണ് എന്ന യാഥാർഥ്യം കേരളാ ഗവൺമെന്‍റിന്‍റെ ശ്രദ്ധയിൽ കൊണ്ടുവരുവാനും ഈ പ്രശനം പരിഹരിക്കുവാനും വേണ്ടിയുള്ള ശ്രമങ്ങളും കമ്മിറ്റിയുടെ ഭാഗമായി നടത്തിവരുന്നു. വീസ സംബന്ധമായ സംശയങ്ങൾക്കും വഴികാട്ടലിനും ഈ കമ്മിറ്റിയിലൂടെ സാധ്യമാകുന്നുണ്ട്. ഇപ്പോഴത്തെ സാഹചര്യത്തിൽ ഈ വിഷയത്തിൽ പൊതുജനങ്ങൾക്ക് ഉപകാരമാകുന്ന ചില കാര്യങ്ങൾ കമ്മിറ്റിയുടെ വകയായി താഴെ കൊടുത്തിരിക്കുന്നു.

മേയ് 23 ന് സാൻഫാർസിസ്കോയിൽ നിന്നും കൊച്ചിക്കും അഹമ്മദാബാദിനുമായുള്ള വിമാന സർവീസാണ് കേരളത്തിലേക്കുള്ള അമേരിക്കയിൽ നിന്നുള്ള ആദ്യ വിമാന സർവീസ്. കേരളത്തിലേക്കുള്ള വിമാന സർവീസുകളുടെ എണ്ണം പരിമിതമായതിനാൽ, അപേക്ഷിക്കുമ്പോൾ ബംഗളുരു പോലുള്ള മറ്റ് ലക്ഷ്യങ്ങൾ അപേക്ഷയിൽ ആവശ്യപ്പെട്ടാൽ, സീറ്റുകൾ ലഭിക്കുവാനുള്ള സാധ്യത കൂടുതലാണ്. ചെന്നിറങ്ങുന്ന സ്ഥലത്ത് 28 ദിവസം ക്വാറന്‍റൈനിൽ ഇരിക്കുവാനുള്ള സമ്മതവും അപേക്ഷയോടൊപ്പം അറിയിക്കണം. ഇന്ത്യൻ പൗരന്മാരെ മാത്രമേ ഇപ്പോൾ ഈ ഫൈറ്റുകളിൽ കൊണ്ടുപോവുകയുള്ളൂ. ഒ സി ഐ കാർഡുകളുള്ള അമേരിക്കൻ പൗരന്മാർക്ക്, അത് ചെറിയ കുട്ടികളാണെങ്കിൽ കൂടി, ഈ വിമാനത്തിൽ പ്രവേശനം സാധ്യമല്ല.

അമേരിക്കയിൽ ടൂറിസ്റ്റ് വീസയിലോ ബിസിനസ് വീസയിലോ വന്നവർക്ക്, ആ വീസകളുടെ കാലാവധി തീരുന്ന സാഹചര്യമുണ്ടെങ്കിൽ, യാത്രാ സൗകര്യം തയാറാകുന്നതുവരെ, ഫീസുകളിൽ ഇളവ് ലഭ്യമാക്കികൊണ്ട്, കാലാവധി നീട്ടികിട്ടുവാനുള്ള സൗകര്യം USCIS ന്‍റെ ഓൺലൈൻ സൗകര്യം മൂലം ലഭ്യമാണ്. ഇതേ സൗകര്യം ഉപയോഗപ്പെടുത്തികൊണ്ട്, കാലാവധി തീരുന്നതിന് മുൻപായി H-1 വീസായുടെ സ്റ്റാറ്റസ് മാറ്റുവാനും സാധിക്കും. ഈ സൗകര്യങ്ങൾ സമയബന്ധിതമായി ഉപയോഗപ്പെടുത്തിയാൽ, പലർക്കും ഇപ്പോഴത്തെ യാത്ര ഒഴിവാക്കുവാൻ സാധിക്കും.

കേരളത്തിൽ നിന്ന് അമേരിക്കയിലേക്ക് യാത്ര ചെയ്യുവാൻ സാധിക്കാത്ത അമേരിക്കൻ പൗരന്മാർക്ക് എയർ ഇന്ത്യയുമായി ബന്ധപ്പെട്ടാൽ, അമേരിക്കയിലേക്ക് പുറപ്പെടുന്ന വിമാനങ്ങളിൽ യാത്ര ചെയ്യുവാൻ സാധിക്കും. ലോക്ക് ഡൗൺ കാരണം ആ വിമാനങ്ങൾ പുറപ്പെടുന്ന സ്ഥലങ്ങളിലേക്ക് എത്തിപെടുവാൻ സാധിക്കാത്ത അവസ്ഥയാണ് എങ്കിൽ, ആറു മാസത്തിലധികമായി കേരളത്തിൽ തങ്ങുന്ന അമേരിക്കൻ പൗരന്മാർ കേരളത്തിലെ എസ് പി ഓഫീസുമായും ചെന്നൈയിലെ അമേരിക്കൻ കോൺസുലേറ്റുമായി ബന്ധപ്പെട്ട് , കേരളത്തിലെ താമസത്തിന്‍റെ കാലാവധി നിയമപരമായി നീട്ടിയെടുക്കാവുന്നതാണ്. അതോടൊപ്പം ഗ്രീൻകാർഡുള്ളവർക്കും അവയുടെ കാലാവധി അവസാനിക്കാറായിട്ടുള്ളവർക്കും ചെന്നൈയിലെ അമേരിക്കൻ കോൺസുലേറ്റുമായി ബന്ധപ്പെട്ട് ലഭിക്കുന്ന confirmation number ഉപയോഗപ്പെടുത്തികൊണ്ട് , ഗ്രീൻ കാർഡിന്‍റെ കാലാവധി അവസാനിച്ചാലും അമേരിക്കയിലേക്ക് എത്തുവാൻ സാധിക്കും.

മുകളിൽ പ്രതിപാദിച്ച വിഷയങ്ങൾ സംന്ധിച്ച് കൂടുതൽ വിവരങ്ങൾ കൈകോർത്ത് ഷിക്കാഗോ മലയാളിയുടെ ടോൾ ഫ്രീ നമ്പറിൽ (1-833-353-7252) വിളിച്ചാൽ ലഭ്യമാകും. ജോൺ പാട്ടപ്പതി, ഗ്ലാഡ്‌സൺ വർഗീസ്, ജോസ് മണക്കാട്ട് എന്നിവരാണ് ട്രാവൽ & വീസ കമ്മറ്റിക്ക് നേതൃത്വം നൽകുന്നത്. ഓരോ ദിവസവും നിരവധി ഫോൺകോളുകൾക്ക് ഈ വിഷയവുമായി ബന്ധപ്പെട്ട് മറുപടി നൽകിക്കൊണ്ടിരിക്കുന്ന ട്രാവൽ ആൻഡ് വീസ കമ്മറ്റിക്ക്, കൈകോർത്ത് ഷിക്കാഗോ മലയാളിയുടെ കോർഡിറ്റേഴ്സായ ബെന്നി വാച്ചാച്ചിറ, ബിജി സി മാണി, ജിതേഷ് ചുങ്കത്ത് എന്നിവർ നന്ദി അറിയിച്ചു.

റിപ്പോർട്ട്: അനിൽ മറ്റത്തികുന്നേൽ