ഫ്ളോറിഡയിൽ യുവതിയുടെ മൃതദേഹം കാറിന്‍റെ ഡിക്കിയിൽ
Friday, February 28, 2020 4:43 PM IST
ടൈറ്റസ് വില്ല, ഫ്ലോറിഡ: ടൈറ്റസ് വില്ല ഹോം ടൗണിൽ നിന്നു കാണാതായ അന്ന പ്രിമേറിയയുടെ (36) മൃതദേഹം ടെന്നിസി ലബനനിലെ പാർക്ക് ചെയ്തിരുന്ന കാറിന്‍റെ ഡിക്കിയിൽ നിന്നു കണ്ടെടുത്തതായി ടൈറ്റസ് വില്ല പോലീസ് വെളിപ്പെടുത്തി.

ഫെബ്രുവരി 21നാണ് അന്നയെ കാണാതാവുന്നത്. 26 നാണു മൃതദേഹം കണ്ടെത്തിയത്.അന്ന വാടകയ്ക്കെടുത്തിരുന്ന വീട്ടിലെ ഉടമസ്ഥന്‍റെ കുട്ടിയെ ബേബി സിറ്റ് ചെയ്തിരുന്ന ഡോൺ ഗിബ്സൺ (28) അന്നയുടെ മരണവുമായി ബന്ധപ്പെട്ടു ടെന്നിസി ലബനൻ പോലീസിനു കീഴടങ്ങിയതായി ടൈറ്റസ് വില്ല പോലീസ് പറഞ്ഞു.

ഫ്ലോറിഡയിൽ നിന്ന് അന്ന അപ്രത്യക്ഷമായതിന്‍റെ പിറ്റേദിവസം ഗിബ്സന്‍റെ കാർ സംഭവ സ്ഥലത്തു നിന്നു പുറത്തേക്കു പോകുന്നതായി കണ്ടെത്തിയിരുന്നു.അന്നയുടെ മരണ കാരണം വ്യക്തമല്ലെങ്കിലും അവർ വളരെ ക്രൂരമായി കൊല്ലപ്പെട്ടിരിക്കാമെന്നാണു പോലീസിന്‍റെ നിഗമനം.

ഞായറാഴ്ച ഗിബ്സന്‍റെ കാർ പരിശോധിക്കുന്നതിനുള്ള വാറന്‍റ് പോലീസിനു ലഭിച്ചിരുന്നു. അന്നയെ കാണാതായ ശേഷം ദേശവ്യാപകമായി പോലീസ് അന്വേഷണം ആരംഭിച്ചിരുന്നു. ടൈറ്റസ് വില്ലയിൽ നിന്നും 700 മൈൽ അകലെയുള്ള ലബനനിലായിരുന്നു മൃതദേഹം കണ്ടെത്തിയത്.

റിപ്പോർട്ട്: പി.പി. ചെറിയാൻ