ന്യൂയോര്‍ക്കിലെ എക്കോ-റോട്ടറി സ്‌നേഹവീടുകള്‍ക്ക് കുമരകത്ത് തറക്കല്ലിട്ടു
Saturday, October 19, 2019 2:43 PM IST
കുമരകം: കേരളത്തിലെ പ്രളയാനന്തര പുനരധിവാസ പദ്ധതി പ്രകാരം ന്യൂയോര്‍ക്ക് ആസ്ഥാനമായുള്ള 'എക്കോ' (എന്‍ഹാന്‍സ് കമ്മ്യൂണിറ്റി ത്രൂ ഹാര്‍മോണിയസ് ഔട്ട്‌റീച്ച്) എന്ന സന്നദ്ധ സേവന സംഘടന റോട്ടറി ക്ലബുമായി (റോട്ടറി ഡിസ്ട്രിക്ട് 3211) സഹകരിച്ച് സൗജന്യമായി നിര്‍മിച്ചു നല്‍കുന്ന 25 'എക്കോറോട്ടറി ഹോംസി'ന്റെ തറക്കല്ലിടീല്‍ കര്‍മം ജോസ് കെ മാണി എംപി നിര്‍വഹിച്ചു. ഒക്ടോബര്‍ പതിനൊന്നിനു രാവിലെ 10.30ന് കുമരകം ആറ്റമംഗലം സെന്റ് ജോണ്‍സ് പള്ളി ഓഡിറ്റോറിയത്തിലായിരുന്നു പ്രളയത്തില്‍ സര്‍വതും നഷ്ടപ്പെട്ട കുമരകം ഗ്രാമ പഞ്ചായത്തില്‍പ്പെട്ടവരുടെ കണ്ണീരൊപ്പുന്ന സമ്മേളനം.

എക്കോ- റോട്ടറി സംയുക്ത സംരംഭമായ 25 സ്‌നേഹവീടുകളുടെ തറക്കല്ലീടീല്‍ സമ്മേളനം ജോസ് കെ മാണി എംപി ഉദ്ഘാടനം ചെയ്തു. റോട്ടറി ഡിസ്ട്രിക്ട് മുന്‍ ഗവര്‍ണ്ണര്‍ ഡോ. ജോണ്‍ ഡാനിയേലിന്റെ അധ്യക്ഷതയില്‍ നടന്ന സമ്മേളനത്തില്‍ എക്കോയുടെ പ്രതിനിധിയായി അലക്‌സ് ആന്റണി വീടിന്റെ സമ്മതപത്രം നല്‍കുകയും ആശംസകള്‍ നേരുകയും ചെയ്തു.

കുമരകം കരി പ്രദേശത്തെ ജനങ്ങളുടെ ദുരവസ്ഥ മാധ്യമങ്ങളുടെ ശ്രദ്ധയില്‍പ്പെടുത്തുകയും തുടര്‍ന്ന് ഇക്കാര്യം റോട്ടറിയുടെയും എക്കോയുടെയും ഏറ്റെടുക്കലിന് കാരണക്കാരിയാവുകയും ഭവനനിര്‍മാണത്തില്‍ എത്തിക്കുകയും ചെയ്ത സാമൂഹിക പ്രവര്‍ത്തക നിഷ ജോസ് കെ മാണിയുടെ നിറസാന്നിധ്യം സമ്മേളനത്തില്‍ ശ്രദ്ധേയമായി. തദവസരത്തില്‍ 25 വീടുകളുടെ സമ്മതപത്രം ഗുണഭോക്താക്കള്‍ ഏറ്റുവാങ്ങി. 470 സ്‌ക്വയര്‍ ഫീറ്റുള്ള ഒരു വീടിന് ഏകദേശം 5.75 ലക്ഷം രൂപ ചെലവുവരും. രണ്ട് ബെഡ് റൂമും അടുക്കളയും സിറ്റ്ഔട്ടുമുള്ള ബാത്ത് അറ്റാച്ച്ഡ് കോണ്‍ക്രീറ്റ് വീടുകളാണ് രൂപകല്‍പന ചെയ്തിട്ടുള്ളത്.

തങ്കമ്മ മത്തായി ആശാരിമറ്റം, സുജിമോള്‍ ജെയിംസ് ചാത്തംപറമ്പില്‍, അജിത പൂത്രക്കളം, കെ.ജി രജിമോന്‍ കുളത്തൂത്തറ, ഷൈല സജീവ് ചെമ്പുമാത്ര, ഷൈനി ജയദേവന്‍ പൂമംഗലം, ബിജി കാരിയില്‍, രതീഷ് പി.സി പുതുവല്‍, ജോസഫ് കല്ലുകണ്ടം, തങ്കച്ചന്‍ തുണ്ടിയില്‍, സതീഷ് പുത്തന്‍കരിച്ചിറ, വി.ജി രാജു വേഴപ്പറമ്പ്, കുഞ്ഞുകുഞ്ഞ് പുതുവല്‍, ജോണി ഇല്ലംകുളത്തുകാവ്, കെ.ജി ചക്രപാണി കള്ളിപ്പറമ്പ്, അമ്മിണി പോജിക്കച്ചിറ, കുഞ്ഞുമോള്‍ ചാക്കോ കുന്നക്കാട്, റജി ചാക്കോ കുന്നക്കാട്, ശാന്തമ്മ കുഞ്ഞുകുഞ്ഞ് കുന്നേല്‍, സൂര്യമോള്‍ ആഞ്ഞിലിപ്പറമ്പ്, രജീഷ് പുത്തന്‍കരിച്ചിറ, കെ.ജെ ആന്റണി കായിത്തറ, ശാന്തന്‍ തറയില്‍, അമ്മിണി തോമസ് മാലിത്തറ, കൊച്ചുമോന്‍ പുതുവല്‍ എന്നിവരാണ് സമ്മതപത്രം ഏറ്റുവാങ്ങിയത്.

യോഗത്തില്‍ വൈ ഡാനിയേല്‍ ഫൗണ്ടേഷന്റെ സഹകരണത്തോടെ റോട്ടറി ക്ലബ് പൂര്‍ത്തിയാക്കിയ ഒരു സ്‌നേഹവീടിന്റെ താക്കോല്‍ അഡ്വ. സുരേഷ് കുറുപ്പ് എം.എല്‍.എ അമ്മിണിഷാജി ദമ്പതികള്‍ക്ക് കൈമാറി. റോട്ടറി ഡിസ്ട്രിക്ട് മുന്‍ ഗവര്‍ണ്ണര്‍ ഡോ. ജോണ്‍ ഡാനിയേലിന്റെ പിതാവിന്റെ പേരിലുള്ളതാണ് ഈ ഫൗണ്ടേഷന്‍. എക്കോയ്‌ക്കൊപ്പം റോട്ടറി ക്ലബിനും ഈ സംരംഭത്തില്‍ പങ്കാളിയാകാന്‍ സാധിച്ചതില്‍ ചാരിതാര്‍ത്ഥ്യമുണ്ടെന്നും ഭാവിയില്‍ സമാനമായ പദ്ധതികളുമായി മുന്നോട്ടുവരുന്നതില്‍ സന്തേഷമേയുള്ളൂവെന്നും ഡോ. ജോണ്‍ ഡാനിയേല്‍ പറഞ്ഞു. സമ്മേളനത്തില്‍ റോട്ടറി മുന്‍ ഡിസ്ട്രിക്ട് ഗവര്‍ണ്ണറും എക്കോ റോട്ടറി ഹോംസ് പ്രോജക്റ്റ് ചെയര്‍മാനുമായ ഇ.കെ ലൂക്ക് സ്വാഗതമാശംസിച്ചു. ആറ് മാസത്തിനകം വീടുകളുടെ പണി പൂര്‍ത്തിയാക്കി താക്കോല്‍ ദാനം നടത്തുന്നതാണന്ന് അദ്ദേഹം ഉറപ്പുനല്‍കി. സമ്മേളനത്തില്‍ എക്കോയുടെ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഡോ. തോമസ് മാത്യുവിന്റെ സഹോദരന്‍ എബ്രഹാം മാത്യുവും സന്നിഹിതനായിരുന്നു.

അഡ്വ. സുരേഷ് കുറുപ്പ് എംഎല്‍എ, കുമരകം പഞ്ചായത്ത് പ്രഡിഡന്റ് എ.പി. സാലിമോന്‍, വൈസ് പ്രസിഡന്റ് സിന്ധു ചന്ദ്രബോസ്, കോട്ടയം ഈസ്റ്റ് റോട്ടറി ക്ലബ് പ്രസിഡന്റ് റജി കോര എബ്രഹാം, പഞ്ചായത്ത് മെമ്പര്‍മാരായ പി.കെ കൃഷ്‌ണേന്ദു, രജിത കൊച്ചുമോന്‍, സിന്ധു രവീന്ദ്രന്‍, എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. ഭവനപദ്ധതിയുടെ 25 ഗുണഭോക്താക്കളുടെ പ്രതിനിധിയായി മേഖല ജോസഫ് എക്കോയ്ക്കും റോട്ടറി ക്ലബിനുമുള്ള നന്ദി അറിയിച്ചു. വൈക്കം റോട്ടറി ക്ലബ് പ്രസിഡന്റ് ഐജു നീരാക്കല്‍ കൃതജ്ഞത പ്രകാശിപ്പിച്ചു.

ഡോ. തോമസ് മാത്യു എം.ഡി, എഫ്.എ.പി (എക്‌സിക്യൂട്ടീവ് ഡയറക്ടര്‍), ബിജു ചാക്കോ ആര്‍.ആര്‍.ടി (ഓപറേഷന്‍സ് ഡയറക്ടര്‍), സാബു ലൂക്കോസ് എം.ബി.എ (പ്രോഗ്രം ഡയറക്ടര്‍), വര്‍ഗീസ് ജോണ്‍ സി.പി.എ (ഫിനാന്‍സ് ഡയറക്ടര്‍), സോളമന്‍ മാത്യു ബി.എസ് (ക്യാപ്പിറ്റല്‍ റിസോഴ്‌സ് ഡയറക്ടര്‍), കൊപ്പാറ ബി സാമുവേല്‍ എം.എസ് (കമ്യൂണിക്കേഷന്‍സ് ഡയറക്ടര്‍), കാര്‍ത്തിക് ധാമ പിഎച്ച്എആര്‍എം (കമ്മ്യൂണിറ്റി ലെയ്‌സണ്‍ ഡയറക്ടര്‍) എന്നിവരാണ് എക്കോയുടെ സാരഥികള്‍.

റിപ്പോര്‍ട്ട്: എ.എസ് ശ്രീകുമാര്‍