ലോസ് ആഞ്ചലസിൽ ഓണവും ശ്രീ നാരായണ ഗുരുജയന്തിയും ആഘോഷിച്ചു
Monday, September 23, 2019 9:40 PM IST
ലോസ് ആഞ്ചലസ്: കലിഫോർണിയയിലെ പ്രമുഖ മലയാളി സംഘടനയായ ഓർഗനൈസേഷൻ ഓഫ് ഹിന്ദു മലയാളീസിന്‍റെ (ഓം) ആഭിമുഖ്യത്തിൽ ഓണവും ശ്രീ നാരായണ ഗുരുജയന്തിയും ആഘോഷിച്ചു. ആഘോഷ പരിപാടികളിലും വിഭവ സമൃദ്ധമായ ഓണ സദ്യയിലുമായി എഴുന്നൂറിലധികം പേർ പങ്കെടുത്തു.

നോർവക്കിലെ സനാതനഃ ധർമ ക്ഷേത്ര ഹാളിൽ നടന്ന പരിപാടി "ഓം' ന്‍റെ മുൻ പ്രസിഡന്‍റ് രാംദാസ് പിള്ള ഉദ്ഘാടനം ചെയ്തു. ശിവഗിരി മഠത്തിലെ സ്വാമി ഗുരു പ്രസാദ് ഓണ - ശ്രീനാരായണ ഗുരു ജയന്തി സന്ദേശം നൽകി. ഓം പ്രസിഡന്‍റ് വിനോദ് ബാഹുലേയൻ സ്വാഗതം ആശംസിച്ചു. പരിപാടിയിൽ തിരുവാതിര, നൃത്ത ശിൽപങ്ങൾ, മഹാഭാരതത്തെ വർത്തമാനകാലവുമായി ബന്ധിപ്പിച്ചുകൊണ്ടുള്ള സെമി ക്ലാസിക്കൽ നാടകം, കുട്ടികളുടെ ഫ്യൂഷൻ ഡാൻസ് തുടങ്ങിയ വിവിധ കലാരൂപങ്ങളവതരിപ്പിച്ചു. പരിപാടികളുടെ മുഖ്യ പ്രയോജകരായ മാത്യു തോമസ്, നന്ദ കിഷോർ സെത്തിപ്പള്ളി (നമസ്തേ പ്ലാസ), 21 വിഭവങ്ങളുമായി ഓണസദ്യയൊരുക്കിയ ജിജു പുരുഷോത്തമൻ (ഇന്തോ അമേരിക്കൻ കാറ്ററിംഗ്) എന്നിവരെ ചടങ്ങിൽ പൊന്നാടയണിയിച്ചാദരിച്ചു. സെക്രട്ടറി സുനിൽ രവീന്ദ്രൻ നന്ദി പറഞ്ഞു. ആഘോഷങ്ങളുടെ വിജയത്തിനായി പ്രവർത്തിച്ച ഏല്ലാവർക്കും ഡയറക്ടർ രവി വെള്ളത്തേരി, ട്രഷറർ രമ നായർ, വൈസ് പ്രസിഡന്‍റ് സുരേഷ് ഇഞ്ചൂർ എന്നിവർ നന്ദി അറിയിച്ചു.