ഷിക്കാഗോ സിറ്റി മേയറായി ലോറി ഇലയൻ ലൈറ്റ്ഫൂട്ട് സത്യപ്രതിജ്ഞ ചെയ്തു
Tuesday, May 21, 2019 7:53 PM IST
ഷിക്കാഗോ: സിറ്റിയുടെ അമ്പത്തി ആറാമത് മേയറായി അമേരിക്കന്‍ ഡമോക്രാറ്റിക് സ്ഥാനാർഥിയും അറ്റോര്‍ണിയുമായ ലോറി ഇലയന്‍ ലൈറ്റ്ഫൂട്ട് (56) സത്യപ്രതിജ്ഞ ചെയ്തു അധികാരമേറ്റു. സിറ്റിയുടെ ചരിത്രത്തില്‍ ആദ്യമായാണ് ആഫ്രിക്കന്‍ അമേരിക്കന്‍ വനിതയും ഓപ്പണ്‍ലി ഗെയുമായ ലോറി ലൈറ്റ്ഫൂട്ട് മേയറായി തെരഞ്ഞെടുക്കപ്പെടുന്നത്.

മേയ് 20 ന് ഷിക്കാഗോ വിന്‍ട്രസ്റ്റ് അറീനായില്‍ നടന്ന സത്യ പ്രതിജ്ഞാ ചടങ്ങില്‍ ഇല്ലിനോയ്സ് ഗവര്‍ണര്‍ ജെ.ബി പ്രിറ്റ്‌സ്‌കര്‍, യുഎസ് സെനറ്റര്‍ റ്റാമി ഡക്‌വര്‍ത്ത്, മുന്‍ ഷിക്കാഗോ മേയര്‍ റിച്ചാര്‍ഡ് ഡേലി, സ്ഥാനം ഒഴിയുന്ന മേയര്‍ റഹം ഇമ്മാനുവല്‍ തുടങ്ങി നിരവധി പ്രമുഖര്‍ പങ്കെടുത്തു.

ഏപ്രിലിൽ നടന്ന റണ്‍ ഓഫ് മത്സരത്തില്‍ മുഖ്യ എതിരാളിയും കുക്ക്കൗണ്ടി ബോര്‍ഡ് പ്രസിഡന്‍റുമായ ടോണി പ്രിക്ക്വില്‍ഗിനെ വന്‍ ഭൂരിപക്ഷത്തിനാണ് ലോറി പരാജയപ്പെടുത്തിയത്.

ഷിക്കാഗോ സിറ്റിയിലെ എല്ലാവര്‍ക്കും തുല്യ നീതിയും അവകാശവും ലഭ്യമാക്കുമെന്നും വര്‍ധിച്ചുവരുന്ന അഴിമതിയും അക്രമരാഹിത്യവും ഇല്ലായ്മ ചെയ്യുന്നതിന് തന്‍റെ ഗവൺമെന്‍റ് പരമാവധി ശ്രമിക്കുമെന്നും അധികാരമേറ്റെടുത്ത ശേഷം നടത്തിയ പ്രസംഗത്തില്‍ ലോറി ഉറപ്പു നല്‍കി. പൗരന്മാരുടെ സുരക്ഷ ഉറപ്പാക്കുന്നതിനുള്ള നടപടികള്‍ക്ക് മുന്‍ഗണന നല്‍കുമെന്നും മേയര്‍ കൂട്ടിചേർത്തു.

ആള്‍ഡര്‍മാനിക്ക് പ്രിവിലേജ് അവസാനിപ്പിക്കുന്നതിനുള്ള എക്‌സിക്യൂട്ടീവ് ഉത്തരവിലാണ് ലോറി ആദ്യമായി ഒപ്പുവച്ചത്. കൗണ്‍സില്‍ അംഗങ്ങള്‍ക്ക് അവരവരുടെ വാര്‍ഡ് പ്രവര്‍ത്തനങ്ങള്‍ സ്വതന്ത്രമായി നടത്തുന്നതിനുള്ള അവകാശം സിറ്റി കൗണ്‍സിലിന് നിഷേധിക്കാമെന്ന നിലയിലുള്ള നിയമമാണ് അവസാനിപ്പിക്കാന്‍ തീരുമാനിച്ചത്.

1962 ഓഗസ്റ്റ് 24ന് ഒഹായോയിലാണ് ലോറിയുടെ ജനനം. യൂണിവേഴ്‌സിറ്റി ഓഫ് മിഷിഗണില്‍ നിന്നും ബിരുദവും ഷിക്കാഗോ യൂണിവേഴ്‌സിറ്റിയില്‍ നിന്നും ജൊഡിയും ലഭിച്ച ഇവര്‍ പ്രഗല്‍ഭമായ അറ്റോര്‍ണിയാണ്.

റിപ്പോർട്ട്: പി.പി. ചെറിയാൻ