രക്തസാക്ഷിത്വം വഹിച്ച ജവാന്മാർക്ക് ഡാളസ് പൗരാവലിയുടെ പുഷ്പാജ്ഞലി
Monday, February 18, 2019 8:13 PM IST
ഡാളസ് : ജമ്മുകാഷ്മീര്‍ പുല്‍വാമയില്‍ ഉണ്ടായ ഭീകരാക്രമണത്തില്‍ രക്ത സാക്ഷിത്വം വരിച്ച ഇന്ത്യന്‍ ജവാന്മാര്‍ക്ക് ഡാളസ് പൗരാവലിയുടെ പുഷ്പാജ്ഞലി. ഫെബ്രുവരി 16 ന് ഇര്‍വിംഗ് മഹാത്മാഗാന്ധി മെമ്മോറിയല്‍ പാര്‍ക്കില്‍ ഡാളസ് ഫോര്‍ട്ട് മെട്രോപ്ലെക്‌സില്‍ നിന്നും നൂറുകണക്കിന് ഭാരതീയരാണ് ആദരാജ്ഞലികള്‍ അര്‍പ്പിക്കുന്നതിന് എത്തിചേര്‍ന്നത്.

ഡാളസില്‍ അനുഭവപ്പെട്ട അതിശൈത്യത്തെ പോലും അവഗണിച്ചു ചടങ്ങില്‍ പങ്കെടുത്തവരെ ചെയര്‍മാന്‍ ഡോ.പ്രസാദ് തോട്ടക്കൂറ അഭിസംബോധന ചെയ്തു. ഫെബ്രുവരി 14 ഇന്ത്യന്‍ ചരിത്രത്തിലെ കറുത്ത ദിനമായി രേഖപ്പെടുത്തുമെന്നും ഇന്ത്യയുടെ സുരക്ഷിതത്വത്തിനുവേണ്ടി തങ്ങളുടെ ജീവിതം സമര്‍പ്പിച്ചവരെ ഭീകകാക്രമണത്തിലൂടെ കൊലപ്പെടുത്തിയത് അപലപനീയമാണെന്നും ഡോക്ടര്‍ പ്രസാദ് പറഞ്ഞു. മരിച്ചവരുടെ കുടുംബങ്ങളെ അനുശോചനം അറിയിക്കുകയും പരിക്കേറ്റവര്‍ എത്രയും വേഗം സുഖം പ്രാപിക്കട്ടെ എന്ന് പ്രാര്‍ഥിക്കുകയും ചെയ്യുന്നതായി അദ്ദേഹം പറഞ്ഞു.

യുഎസ് കോണ്‍ഗ്രസ് അംഗങ്ങള്‍ക്ക് ഇതേകുറിച്ചു ട്വിറ്റര്‍ സന്ദേശം അയച്ചതായി ഇന്ത്യന്‍ അമേരിക്കന്‍ ഫ്രണ്ട്ഷിപ്പ് കൗണ്‍സില്‍ ബോര്‍ഡ്അംഗം അരുണ്‍ അഗര്‍വാള്‍ അറിയിച്ചു. അമ്പതിലധികം കോണ്‍ഗ്രസ് അംഗങ്ങള്‍ സംഭവത്തെ അപലപിച്ചതായും സന്തപ്ത കുടുംബാംഗങ്ങളെ അനുശോചനം അറിയിക്കണമെന്നാവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്.

ജോണ്‍, കമാല്‍, ഹരി, ജോണ്‍, അക്രം തുടങ്ങിയവര്‍ അനുശോചന സന്ദേശം നല്‍കി. ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട നാല്പതു ജവാന്മാര്‍ക്ക് അഭിവാദ്യം അര്‍പ്പിച്ചുകൊണ്ട് കാന്‍ഡില്‍ ലൈറ്റ് വിജിലും സംഘടിപ്പിച്ചിരുന്നു.

റിപ്പോർട്ട്: പി.പി. ചെറിയാൻ