മാപ്പ് ഫാമിലി ബാങ്ക്വറ്റ് നടത്തി
Thursday, November 15, 2018 12:57 PM IST
ഫിലാഡല്‍ഫിയ: മലയാളി അസോസിയേഷന്‍ ഓഫ് ഗ്രേറ്റര്‍ ഫിലാഡല്‍ഫിയ (മാപ്പ്) വിപുലമായ രീതിയില്‍ ഫാമിലി ബാങ്ക്വറ്റ് നടത്തി. ഒക്‌ടോബര്‍ 28നു ഞായറാഴ്ച വൈകിട്ട് അഞ്ചു മുതല്‍ ഒമ്പതു വരെ പെന്‍സില്‍വേനിയയിലെ 50 ബസ്റ്റില്‍ടണ്‍ പൈക്കിലുള്ള ബ്രൂക്‌സൈഡ് മാനര്‍ ബാങ്ക്വറ്റ് ഹാളില്‍ നടന്ന ബാങ്ക്വറ്റില്‍ മാപ്പ് ഫാമിലിയെ കൂടാതെ ന്യൂയോര്‍ക്ക്, ന്യൂജേഴ്‌സി, വാഷിംഗ്ടണ്‍ എന്നീ സ്റ്റേറ്റുകളില്‍ നിന്നു വിവിധ സംഘടനാ നേതാക്കള്‍ പങ്കെടുത്തു. 1979ല്‍ സ്ഥാപിതമായ ഈ സംഘടനയുടെ വളര്‍ച്ചയില്‍ വിവിധ സ്ഥാനങ്ങള്‍ വഹിച്ചിട്ടുള്ള നിരവധിയാളുകള്‍ ബാങ്ക്വറ്റില്‍ സംബന്ധിച്ചു. 29 വര്‍ഷക്കാലം ഈ സംഘനയില്‍ കമ്മിറ്റി മെമ്പര്‍ മുതല്‍ പ്രസിഡന്റ് സ്ഥാനം വരെ അലങ്കരിച്ച യോഹന്നാന്‍ ശങ്കരത്തില്‍ ആയിരുന്നു ബാങ്ക്വറ്റ് കമ്മിറ്റി ചെയര്‍മാന്‍. അദ്ദേഹത്തോടൊപ്പം തോമസ് എം ജോര്‍ജ്, ഡാനിയേല്‍ പി. തോമസ്, ജോണ്‍സണ്‍ മാത്യു എന്നിവര്‍ ബാങ്ക്വറ്റിനുള്ള എല്ലാ ക്രമീകരണങ്ങളും നടത്തി. യോഹന്നാന്‍ ശങ്കരത്തില്‍ വന്നെത്തിയ എല്ലാവരേയും സ്വാഗതം ചെയ്യുകയും, ഫൊക്കാനയിലും ഫോമയിലും മാപ്പ് എന്ന സംഘടനയ്ക്ക് വലിയ പ്രാതിനിധ്യം ഉണ്ടാക്കി കൊടുക്കാന്‍ സാധിച്ചതില്‍ താന്‍ സന്തുഷ്ടനാണെന്നും പ്രസംഗത്തില്‍ പറഞ്ഞു. രണ്ടു വര്‍ഷക്കാലം മാപ്പിന്റെ പ്രസിഡന്റായി സേവനം അനുഷ്ഠിക്കുന്ന അനു സ്‌കറിയ അദ്ദേഹത്തിന്റെ ചെറുപ്പം മുതല്‍ പിതാവിനോടൊപ്പം ഈ സംഘടനയില്‍ വരുമായിരുന്നെന്നും, കടുതല്‍ യുവജനങ്ങളെ ഈ സംഘടനയിലേക്ക് കൊണ്ടുവരാന്‍ സാധിച്ചു എന്നതില്‍ അഭിമാനം കൊള്ളുന്നുവെന്നും പറഞ്ഞു. ജനറല്‍ സെക്രട്ടറി തോമസ് ചാണ്ടി കഴിഞ്ഞ വര്‍ഷം ട്രഷററായിരുന്നപ്പോഴും ഇപ്പോള്‍ ജനറല്‍ സെക്രട്ടറിയായി പ്രവര്‍ത്തിക്കുമ്പോഴും ഈ മഹത്തായ സംഘനയില്‍ തനിക്ക് അഭിമാനമുണ്ടെന്നു പ്രസംഗത്തില്‍ പറഞ്ഞു. ട്രഷറര്‍ ഷാലു പുന്നൂസ് ഈവര്‍ഷം 22,000 ഡോളറിന്റെ ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ സാധിച്ചതില്‍ അഭിമാനം കൊള്ളുന്നുവെന്നും കേരളത്തിലെ വെള്ളപ്പൊക്ക ദുരിതാശ്വാസ പ്രവര്‍ത്തനത്തിന്റെ ഭാഗമായി റാന്നിയില്‍ മാപ്പ് നിര്‍മിച്ചു നല്‍കുന്ന രണ്ടു വീടുകളുടെ പണി ഉടന്‍ തുടങ്ങുമെന്നും പറഞ്ഞു.

മാപ്പ് മുന്‍ പ്രസിഡന്റുമാരായ വിന്‍സെന്റ് ഇമ്മാനുവേല്‍, വര്‍ഗീസ് ഫിലിപ്പ്, ജോര്‍ജ് എം. മാത്യു, ജേക്കബ് സി. ഉമ്മന്‍, അലക്‌സ് അലക്‌സാണ്ടര്‍, ഏലിയാസ് പോള്‍, സാബു സ്‌കറിയ എന്നിവര്‍ സംഘനടയുടെ മുന്‍കാല പ്രവര്‍ത്തനങ്ങളെക്കുറിച്ച് സംസാരിച്ചു. സംഘടനാ നേതാക്കളായ അനിയന്‍ ജോര്‍ജ്, ജോസ് ഏബ്രഹാം, ജിബി എം. തോമസ്, സ്റ്റാന്‍ലി കളത്തില്‍, പോള്‍ സി. മത്തായി എന്നിവര്‍ ആശംസാ പ്രസംഗങ്ങള്‍ നടത്തി. സാബു സ്‌കറിയ, റെജി ഫിലിപ്പ്, ദിയാ ചെറിയാന്‍ എന്നിവര്‍ക്ക് പ്ലാക്ക് നല്‍കി ആദരിച്ചു. ബാങ്ക്വറ്റ് ഡിന്നറിനോടൊപ്പം വിവിധ കലാപരിപാടികളും നടന്നു. പബ്ലിക്ക് മീറ്റിംഗിന്റേയും കലാപരിപാടികളുടേയും എം.സിയായി പ്രവര്‍ത്തിച്ചത് ലിജോ ജോര്‍ജ് ആയിരുന്നു.

ജനറല്‍ സെക്രട്ടറി തോമസ് ചാണ്ടി വന്നെത്തിയ എല്ലാവര്‍ക്കും പ്രത്യേകിച്ച് ഏഷ്യാനെറ്റ്, കൈരളി, ഫ്‌ളവേഴ്‌സ് എന്നീ ചാനലുകളുടെ പ്രതിനിധികള്‍, പത്രപ്രവര്‍ത്തകര്‍, സൗണ്ട് സിസ്റ്റവും ഡി.ജെയും ചെയ്ത ക്രിസ് യോഹന്നാന്‍ ശങ്കരത്തില്‍ എന്നിവരോടും നന്ദി അറിയിച്ചു.
യോഹന്നാന്‍ ശങ്കരത്തില്‍ അറിയിച്ചതാണിത്.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം