പള്ളിയിൽ പോകാൻ ആവശ്യപ്പെട്ട പിതാവിനെതിരെ മകൾ, പിതാവ് കുറ്റക്കാരനല്ലെന്നു പോലീസ്
Thursday, November 8, 2018 9:45 PM IST
സൗത്ത് കരോളൈന: മകളോട് പള്ളിയിൽ പോകാൻ പിതാവ്, എന്നാൽ പിതാവിനെതിരെ മകളുടെ പരാതി പോലീസിൽ. ഒടുവിൽ പിതാവ് കുറ്റക്കാരനല്ലെന്ന് പോലീസ്.

സംഭവം ഇങ്ങനെ: സൗത്ത് കരോളൈനയിലെ വീട്ടിൽ ഞായറാഴ്ച രാവിലെ പിതാവ് മകളുടെ മുറിയിൽ ചെന്നു പള്ളിയിൽ പോകാൻ തയാറാകണമെന്ന് ആവശ്യപ്പെട്ടു. ഇതിൽ പ്രകോപിതയായ, മുപ്പതുകാരി മകൾ ആഷ് ലി ഷാനൻ 911 നമ്പർ ഡയൽ ചെയ്തു പോലീസിനെ വിളിച്ചു. പിതാവ് തന്നെ പള്ളിയിൽ പോകാൻ ആവശ്യപ്പെട്ടു ശല്യം ചെയ്യുന്നതായി അറിയിച്ചു.സംഭവം അറിഞ്ഞു സ്ഥലത്തെത്തിയ പോലീസ് ഇരുവരേയും വിളിച്ചു കാര്യം തിരക്കി. പള്ളിയിൽ പോകണമെന്നും ഹോളി കമ്യൂണിയനിൽ പങ്കെടുക്കണമെന്നും താൻ മകളോട് പറഞ്ഞതായി പിതാവ് സമ്മതിച്ചു. പള്ളിയിൽ പോകാൻ പറഞ്ഞത് തെറ്റാണെന്ന് പറയാൻ കഴിയില്ലെന്ന് അറിയിച്ച പോലീസിനെ മകൾ അസഭ്യം പറയാൻ ആരംഭിച്ചു. ശല്യം സഹിക്ക വയ്യാതെയായപ്പോൾ ആഷ് ലിയെ പോലീസ് അറസ്റ്റ് ചെയ്ത് കൗണ്ടി ജയിലിലടച്ചു.

ഇവർക്കെതിരെ ഉദ്യോഗസ്ഥരുടെ കൃത്യ നിർവഹണത്തെ തടസപ്പെടുത്തി എന്നതിനു കേസെടുക്കുകയും ചെയ്തു. ലഹരി മരുന്നോ, മദ്യമോ കഴിച്ചിട്ടില്ലെന്ന് ബോധ്യപ്പെട്ടതിനെ തുടർന്ന് ഇവരെ പിറ്റേ ദിവസം വിട്ടയ്ക്കുകയും ചെയ്തു.

റിപ്പോർട്ട്: പി.പി. ചെറിയാൻ