കീൻ അവാർഡുകൾ ദിലീപ് വർഗീസിനും ജോൺ ടൈറ്റസിനും
Thursday, October 11, 2018 12:51 AM IST
ന്യൂ ജേഴ്‌സി: അമേരിക്കയിലെ എൻജിനിയേഴ്‌സിന്‍റെ പ്രഫഷണൽ വേദിയായ കീൻ പത്താം വാർഷികത്തോടനുബന്ധിച്ച് അവാർഡ് ജേതാക്കളെ പ്രഖ്യാപിച്ചു.

D & K കൺസ്ട്രക്ഷൻ കമ്പനി ഉടമയും തൃശൂർ എൻജിനിയറിംഗ് കോളജ് പൂർവവിദ്യാർഥിയുമായ ദിലീപ് വർഗീസിനെ കീൻ ഡെസെനിയൽ എൻജിനിയർ (KEAN Decennial Engineer) ആയും സിയാറ്റിലിലെ എയ്റോ കോൺട്രോൾസ് എൻജിനിയറിംഗ് കമ്പനി സിഇഒ ഉം പ്രസിഡന്‍റുമായ ജോൺ ടൈറ്റസിനെ കീൻ ഡെസെനിയൽ എന്‍റർപ്രണർ (KEAN Decennial Enterprenuer) ആയും തെരഞ്ഞെടുത്തു.

2018-ലെ എൻജിനിയറിംഗ് ഓഫ് ദി ഇയർ ആയി ന്യൂയോർക്കിലെ ജോൺ കെ ജോർജിനെയും ടീച്ചർ ഓഫ് ദി ഇയർ ആയി പാലക്കാട് എൻഎസ്എസ് എൻജിനിയറിംഗ് കോളജ് പ്രഫസർ ഡോ. പി.പി. ഉമാ ദേവിയേയും തെരഞ്ഞെടുത്തു. കെ. ജെ. ഗ്രിഗറിയും ഷാജി കുര്യാക്കോസും അടങ്ങിയ കമ്മിറ്റിയാണ് അവാർഡ് ജേതാക്കളെ തെരഞ്ഞെടുത്തത്.

ഒക്ടോബർ 20-ന്, വൈകുന്നേരം 5.30 ന് ന്യൂജേഴ്സിയിലെ എഡിസൺ ഹോട്ടലിൽ നടക്കുന്ന വാർഷിക പൊതുയോഗത്തിൽ ‍അവാർഡുകൾ വിതരണം ചെയ്യും.

കേരളത്തിലെ നൂറിലധികം കുടുംബങ്ങൾക്ക് തണലായി, ആയിരക്കണക്കിന് എൻജിനിയറിംഗ് വിദ്യാർത്ഥികൾക്ക് തുണയായി, ജന സേവനം മുതലാക്കി, പ്രൊഫെഷണലിസത്തിന്‍റെ പാതയിൽ നിന്നുകൊണ്ട് അമേരിക്കയിലെ മലയാളി എൻജിനീയേഴ്‌സിന്റെ കൂട്ടായ്മക്കുവേണ്ടി പ്രവർത്തിക്കുന്ന സംഘടനയാണ് കീൻ. സെമിനാറുകൾ, വെബിനാറുകൾ, മെന്ററിങ് തുടങ്ങി പ്രൊഫഷണൽ പാതയിൽ കീൻ കഴിഞ്ഞ 10-വർഷമായി ചെയ്തു കൊണ്ടിരിക്കുന്നു.

അമേരിക്കൻ മലയാളികുളുടെ ക്ഷേമത്തിനായി പ്രവർത്തിക്കുന്നവരിൽ നേതൃ നിരയിൽ നിന്ന് പ്രവർത്തിക്കുന്ന സാമൂഹ്യ പ്രവർത്തകൻ കൂടിയാണ് ജോൺ ടൈറ്റസ്. ഫോമയുടെ പ്രസിഡന്റ് എന്ന നിലയിലും സ്തുത്യർഹമായ സേവനമാണ് അദ്ദേഹം മുൻ കാലങ്ങളിൽ ചെയ്തിട്ടുള്ളത്.