ഫൈന്‍ ആര്‍ട്‌സ് ഇന്ത്യ വിയന്നയുടെ "ഉത്സവ് 2019' ന് ഗംഭീര സമാപനം
Tuesday, October 8, 2019 7:45 PM IST
വിയന്ന: ഐതിഹ്യങ്ങളുടെ പുനരവതരണവും സംഗീതവും കോരിത്തരിപ്പിക്കുന്ന നൃത്തനൃത്യങ്ങളും ഓണാഘോഷവും ഭാരതത്തിന്‍റെ സ്വാതന്ത്യ്രദിനാചരണവും കോര്‍ത്തിണക്കി ഓസ്ട്രിയയിലെ മലയാളി സംഘടനയായ ഫൈന്‍ ആര്‍ട്‌സ് ഇന്ത്യ വിയന്ന അരങ്ങിലെത്തിച്ച ‘ഉത്സവ് 2019’ വര്‍ണോജ്വലമായി.

അന്തരിച്ച കലാകാരൻ ബാലഭാസ്‌കറിന് ആദരാഞ്ജലി അര്‍പ്പിച്ചായിരുന്നു ചടങ്ങുകൾക്ക് തിരി തെളിഞ്ഞത്. ഭാരതത്തിന്റെ സ്വാതന്ത്ര്യസമര ചരിത്രത്തിന്റെ നാള്‍വഴികളും രാജ്യം നേടിയെടുത്ത വിജയങ്ങളും നിലവിലെ സംഭവവികാസങ്ങളും ഉള്‍ക്കൊള്ളിച്ച ഹൃസ്വചിത്രത്തോടെ, സംഘടനയുടെ ആര്‍ട്സ് ക്ലബ് സെക്രട്ടറിമാരായ സോണിയ മാര്‍ക്കോസും നീതു ഐക്കേരേട്ടും നല്‍കിയ വിവരണത്തോടുകൂടി പൊതുപരിപാടികള്‍ ആരംഭിച്ചു.

ഫൈന്‍ ആര്‍ട്‌സ് ഇന്ത്യ പ്രസിഡന്‍റ് ക്ലൗഡിയ അഞ്ചേരില്‍ സ്വാഗതം ആശംസിച്ച സമ്മേളനത്തില്‍ ആര്‍ബൈതര്‍ കാമറിന്‍റേയും ഫെഡറല്‍ ചേംബര്‍ ഓഫ് ലേബറിന്‍റേയും പ്രസിഡന്‍റ് റെനാറ്റെ അന്‍ഡെറ്ല്‍ മുഖ്യാഅതിഥിയായിരുന്നു. ജില്ലാ ഭരണാധികാരി ഏര്‍ണ്‍സ്റ്റ് നേവ്രിവി, ഇന്ത്യന്‍ എംബസിയില്‍ നിന്നുള്ള പ്രതിനിധികള്‍ തുടങ്ങിയവര്‍ സംസാരിച്ചു.

സംഘടനയിലെ കുട്ടികള്‍ അവതരിപ്പിച്ച ക്ലാസിക്കല്‍ ഡാന്‍സും സിനിമാറ്റിക് ഡാന്‍സും മുതിര്‍ന്നവര്‍ അവതരിപ്പിച്ച തിരുവാതിരയും കോല്‍കളിയും ഷാജി ചേലപ്പുറം സംവിധാനം നിവഹിച്ച സ്‌കിറ്റും ഏറെ പ്രശംസ പിടിച്ചുപറ്റി.

കാഴ്ചാവൈകല്യമുള്ള യൂറോപ്യന്‍ ഗായിക ആദിന അഡ്രിയാന ആലപിച്ച മലയാള ഗാനം പരിപാടിയിലെ വേറിട്ട അനുഭവമായി. ഓണാഘോഷങ്ങളുടെ മധ്യേ നടത്തിയ തമ്പോല മത്സരങ്ങള്‍ക്ക് ഘോഷ് അഞ്ചേരില്‍, ലിസി ഐക്കരേട്ട്, സജി മതുപ്പുറത്ത്, മോഹന്‍ പ്രെറ്റ്‌നര്‍ എന്നിവര്‍ നേതൃത്വം നല്‍കി. പ്രിന്‍സ് പത്തിപ്പറമ്പില്‍, നിതിന്‍ ഐക്കരേട്ട് തുടങ്ങിയവര്‍ ടെക്ക്നിക്കല്‍ സപ്പോര്‍ട്ടും ജോമോന്‍ ചേലപ്പുറത്ത് സ്റ്റേജ് ക്രമീകരിക്കുന്നതിലും സാങ്കേതിക സഹായം നല്‍കി. മെല്‍വിന്‍ ജോണും മേഘ്ന റോണായും അവതാരകായിരുന്ന പരിപാടിയില്‍ സെക്രട്ടറി കെവിന്‍ മതുപ്പുറത്ത് നന്ദി പറഞ്ഞു.

റിപ്പോർട്ട്: ജോബി ആന്‍റണി