മരം മുറിക്കുന്നതിനിടെ കുരിശുപള്ളിയുടെ മേൽക്കൂര തകർന്നു
1565400
Saturday, June 7, 2025 1:00 AM IST
നെന്മാറ: റോഡരികിലെ ഉണങ്ങിയ മരം വെട്ടിമാറ്റുന്നതിനിടെ മരക്കൊമ്പ് വീണ് കുരിശുപള്ളിയുടെ മേൽക്കൂര തകർന്നു. അളുവശേരി സെന്റ് സെബാസ്റ്റ്യൻസ് പള്ളിയുടെ കുരിശുപള്ളിക്കു മുകളിലേക്കാണ് മരക്കൊമ്പ് വീണത്. മേൽക്കൂര, ചില്ലുകൂട്, പ്രധാന സ്ലാബ്, മെഴുകുതിരി സ്റ്റാൻഡ്, സൗരോർജ ലൈറ്റ് എന്നിവയാണ് തകർന്നത്.
നെന്മാറ-പോത്തുണ്ടി റോഡിലെ ഉണങ്ങിയ മരങ്ങൾ പൊതുമരാമത്ത് നിരത്ത് വിഭാഗത്തിന്റെ നേതൃത്വത്തിൽ മുറിച്ചുമാറ്റുന്നതിനിടെയാണ് അപകടം ഉണ്ടായത്.
കയർകെട്ടി മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച് ഒരു വശത്തേക്ക് വലിച്ചു മുറിച്ചുമാറ്റാനുള്ള ശ്രമത്തിനിടയാണ് കൊമ്പ് കുരിശുപള്ളിക്ക് മുകളിൽ വീണ് നാശം ഉണ്ടാക്കിയത്.
മുപ്പതിനായിരം രൂപയുടെ നഷ്ടം കണക്കാക്കുന്നതായി പള്ളി ഭാരവാഹികൾ പറഞ്ഞു. മേൽക്കൂര പുനർനിർമിച്ച് അറ്റകുറ്റപ്പണികൾ നടത്തിക്കൊടുക്കാമെന്ന് അധികൃതർ പറഞ്ഞതായി പള്ളി കമ്മിറ്റി പറഞ്ഞു.