മാന്നാർ മഹാത്മാഗാന്ധി ജലോത്സവം 19ന്
1450707
Thursday, September 5, 2024 3:11 AM IST
പത്തനംതിട്ട: അന്പത്തെട്ടാമത് മാന്നാർ മഹാത്മാഗാന്ധി ജലോൽസവം 19ന് ഉച്ചകഴിഞ്ഞ് 2.30ന് പമ്പാനദിയിലെ കൂര്യത്ത് കടവിലുള്ള മാന്നാർ മഹാത്മാ വാട്ടർ സ്റ്റേഡിയത്തിൽ നടക്കുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു.
ജലമേളയോടെ അനുബന്ധിച്ച് നടക്കുന്ന സമ്മേളനം ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഉദ്ഘാടനം ചെയ്യും. ജനറൽ കൺവീനർ എൻ. ഷൈലാജ് അധ്യക്ഷത വഹിക്കും. നിരണം, വീയപുരം, മേൽപാടം, കടവിൽ, എന്നീ ചുണ്ടൻ വള്ളങ്ങൾ ഉൾപ്പെടെ 12 ചുണ്ടൻ വള്ളങ്ങളും മണലി, പുന്നത്ര വെങ്ങാഴി, നവജ്യാതി, പട്ടേരി പുരയ്ക്കൽ, ഷോട്ട്, അമ്പലക്കടവൻ എന്നീ വെപ്പ് വള്ളങ്ങളും മറ്റ് ചെറു വള്ളങ്ങളും ഉൾപ്പെടെ 40ൽപരം കളിവള്ളങ്ങൾ മത്സരത്തിൽ പങ്കെടുക്കും.
കൊടിക്കുന്നിൽ സുരേഷ് എംപി പതാക ഉയർത്തും. ജലഘോഷയാത്ര മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്യും. പ്രഫ. പി.ജെ. കുര്യൻ, മാത്യു ടി.തോമസ് എംഎൽഎ, ആന്റോ ആന്റണി എംപി തുടങ്ങിയവർ പങ്കെടുക്കും .
കളി വള്ളങ്ങളുടെ രജിസ്ട്രേഷൻ ആറു മുതൽ ജലോൽസവ സമിതി ഓഫീസിൽ നടക്കുമെന്ന് ഭാരവാഹികൾ പറഞ്ഞു. ജനറൽ കൺവീനർ എൻ. ഷൈലാജ്, ജനറൽ സെക്രട്ടറി ടി.കെ. ഷാജഹാൻ എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.