പത്തനംതിട്ട: കെട്ടിടനിർമാണം നടക്കുന്ന സ്ഥലത്തു കാപ്പ പ്രതിയുടെ നേതൃത്വത്തിൽ ഗുണ്ടാവിളയാട്ടം. വിവരമറിഞ്ഞെത്തിയ എസ്ഐയെയും പോലീസുകാരനെയും മർദിച്ചു. അഞ്ചുപേർ അറസ്റ്റിൽ. പ്രക്കാനം ഓവിൽപ്പീടിക സ്വദേശികളായ ശേഷാസെൻ, രാഹുൽ, ജിതിൻ, അശോക് , രാധാകൃഷ്ണൻ എന്നിവരാണ് അറസ്റ്റിലായത്. ഇവരിൽ ശേഷാസെന്നിനെതിരേ കാപ്പ കേസ് ചുമത്തിയിട്ടുണ്ട്.
സുരേഷ് എന്നയാൾ കരാറെടുത്ത കെട്ടിട നിർമാണ സ്ഥലത്തു സംഘം ചേർന്നു പരാക്രമം നടക്കുന്നതറിഞ്ഞാണ് ഇന്നലെ ഉച്ചയോടെ പോലീസ് സംഘം എത്തിയത്. ഇലവുംതിട്ട സ്റ്റേഷനിലെ എസ്ഐമാരായ ശശിധരൻ, അനിൽ, എസ്സിപിഒ സുധിലാൽ, സിപിഒ അരുൺ എന്നിവരാണ് സ്ഥലത്തെത്തിയത്. പ്രശ്നപരിഹാരത്തിനു ശ്രമിച്ച എസ്ഐ ശശിധരനെയും സിപിഒ അരുണിനെയും സംഘം അസഭ്യം പറഞ്ഞ് മർദിച്ചെന്നാണ് പരാതി. സംഭവം അറിഞ്ഞു കൂടുതൽ പോലീസ് സ്ഥലത്തെത്തി അഞ്ചുപേരെ കസ്റ്റഡിയിലെടുത്തു.