വേതനമില്ല, വീഡിയോഗ്രാഫര്‍മാര്‍ പ്രക്ഷോഭത്തിലേക്ക്
1459135
Saturday, October 5, 2024 7:36 AM IST
കാസര്‍ഗോഡ്: കഴിഞ്ഞ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ കാസര്‍ഗോഡ് ജില്ലയില്‍ ഉടനീളം വിവിധ സ്ക്വാഡുകളിലും തെരഞ്ഞെടുപ്പ് ദിവസം ബൂത്തുകളിലും അടക്കം വീഡിയോ ചിത്രീകരിച്ച വീഡിയോ ഗ്രാഫര്‍മാര്‍ക്ക് മാസങ്ങള്‍ കഴിഞ്ഞിട്ടും വേതനം ലഭിച്ചിട്ടില്ല.
മൂന്നുമാസ കാലയളവില്‍ 1600ഓളം ഡ്യൂട്ടി ചെയ്ത വകയില്‍ 45 ലക്ഷത്തോളം രൂപ സംഘടന അംഗങ്ങള്‍ക്ക് മാത്രം ലഭിക്കാനുണ്ടെന്നും ഓള് കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷന് ജില്ലാ ഭാരവാഹികള്‍ പറഞ്ഞു.
മുഴുവന്‍ ഡ്യൂട്ടി സര്‍ട്ടിഫിക്കറ്റുകളും കളക്ടറേറ്റില്‍ ഹാജരാക്കുകയും പരിശോധന പൂര്‍ത്തിയാവുകയും ചെയ്തതാണ് പലവട്ടം ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ടെങ്കിലും ഓരോ അവധി പറഞ്ഞു കൊണ്ട് ഇപ്പോള്‍ മൂന്നുമാസമായി വേതനം ലഭിക്കാതെ വലയുകയാണ് വീഡിയോഗ്രാഫി വര്‍ക്ക് ചെയ്ത അംഗങ്ങള്‍.
കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ ഇതിനുള്ള ഫണ്ട് വകയിരുത്തിയിട്ടുണ്ട് ഇപ്പോള്‍ ട്രഷറി നിയന്ത്രണം ഒരു കാരണമായി പറയുകയാണ് ഉദ്യോഗസ്ഥര്‍.
കേരളത്തിലുടനീളം തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മാസങ്ങള്‍ ജോലി ചെയ്ത ആയിരക്കണക്കിന് പേര്‍ക്കാണ് ഇപ്പോള്‍ വേതനം ലഭിക്കാനുള്ളത്. മൂന്നു മാസത്തോളം ജില്ലയിലെ പല ഭാഗങ്ങളില്‍ രാവും പകലും ജോലി ചെയുകയും ഇതിന് വേണ്ടി യാത്രയ്ക്കും ഭക്ഷണത്തിനും വേണ്ടി കൈയില്‍ നിന്നും പൈസ മുടക്കിയാണ് ഓരോ വീഡിയോഗ്രാഫറും ജോലി ചെയ്തത് അത് കൊണ്ട് തന്നെ മാസങ്ങളായി വലിയ സാമ്പത്തിക ബുദ്ധിമുട്ടിലൂടെയാണ് ഓരോരുത്തരും കടന്നുപോകുന്നത്.
സ്റ്റുഡിയോ വാടക കൊടുക്കാനോ കാമറയുള്‍പ്പെടെ എടുത്ത ലോണിന്റെ ഇഎംഐ അടക്കാനോ കഴിയാതെ പ്രതിസന്ധിയിലാണ്.
വേതനം ലഭിക്കാതെ ഇനി പിടിച്ചു നില്ക്കാനാവാത്ത സ്ഥിതിയാണുള്ളതെന്നും അതിനാല്‍ സംഘടന ശക്തമായ സമരപരിപാടികളിലേക്ക് കടക്കാന്‍ നിര്‍ബന്ധിതമായിരിക്കുകയാണെന്നും ആദ്യഘട്ടം എന്ന രീതിയില്‍ നാളെ കളക്ടറേറ്റ് ധര്‍ണ നടത്തുമെന്നും ഭാരവാഹികള്‍ അറിയിച്ചു.
പത്രസമ്മേളനത്തില്‍ എകെപിഎ ജില്ലാ പ്രസിഡന്റ് കെ.സി. ഏബ്രഹാം, സെക്രട്ടറി ടി.വി. സുഗുണന്, ട്രഷറര്‍ പി.ടി. സുനില്‍കുമാര്‍, പി.എ. ഷെരീഫ്, എം.കെ. പ്രജിത്ത്, വി.എന്‍. രാജേന്ദ്രന്, പി.കെ. അശോകന് എന്നിവര്‍ സംബന്ധിച്ചു.