എയ്ഡഡ് അധ്യാപകരുടെ ശമ്പളം മുടക്കുന്ന ഉത്തരവ് പിന്‍വലിക്കണം: എഎച്ച്എസ്ടിഎ
1458669
Thursday, October 3, 2024 6:15 AM IST
കാസര്‍ഗോഡ്: ട്രഷറിയില്‍ നിന്നും ശമ്പളം ലഭിക്കുന്നതിന് ശമ്പള ബില്‍ വിദ്യാഭ്യാസ ഓഫീസര്‍മാര്‍ കൗണ്ടര്‍ സൈന്‍ ചെയ്യണമെന്ന ഫിനാന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ ഉത്തരവ് എയ്ഡഡ് മേഖലയോടുള്ള വിവേചനമാണെന്ന് എഎച്ച്എസ്ടിഎ ജില്ലാ കമ്മിറ്റി ആരോപിച്ചു. എയ്ഡഡ് വിദ്യാലയങ്ങളില്‍ സര്‍ക്കാരിന്റെ അമിതമായ ഇടപെടലുകള്‍ക്ക് അവസരമൊരുക്കുന്നതിനും രാഷ്ട്രീയ താത്പര്യങ്ങള്‍ സ്ഥാപിച്ചെടുക്കുന്നതിനും വേണ്ടിയാണ് പുതിയ ഉത്തരവെന്ന് സംശയിക്കേണ്ടിയിരിക്കുന്നു.
ട്രഷറികള്‍ ഡിജിറ്റലൈസ് ചെയ്ത് സ്ഥാപന മേധാവികള്‍ക്ക് നേരിട്ട് ശമ്പള ബില്ലുകള്‍ സമര്‍പ്പിക്കാനുള്ള അനുമതിയും നല്‍കിയതോടെ സാങ്കേതികമായ നൂലാമാലകള്‍ ഒഴിവാക്കി അധ്യാപകര്‍ക്ക് സമയത്ത് ബില്ലുകള്‍ മാറിയെടുക്കാന്‍ ഇതുവരെ സാധിച്ചിരുന്നു.
അമിത ജോലിഭാരം മൂലം ജീവനക്കാരേയും അധ്യാപകരേയും ആത്മഹത്യയിലേക്ക് തള്ളിവിട്ടുകൊണ്ടിരിക്കുന്ന സര്‍ക്കാര്‍, പുതിയ ഉത്തരവിലൂടെ കൂടുതല്‍ ജോലിഭാരം വിദ്യാഭ്യാസ ഓഫീസ് ജീവനക്കാരില്‍ അടിച്ചേല്പിക്കുകയാണ്. എയ്ഡഡ് വിദ്യാലയങ്ങളെ തകര്‍ക്കാനുള്ള ആസൂത്രിത നീക്കത്തില്‍ നിന്നു സർക്കാര്‍ പിന്മാറണമെന്നും പ്രസ്തുത ഉത്തരവ് അടിയന്തിരമായി പിന്‍വലിക്കണമെന്നും എഎച്ച്എസ്ടിഎ ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.