പാമത്തട്ടിലും മുണ്ടാത്തടത്തും ക്വാറികൾക്ക് വിലക്കു വീഴുന്നു
1454544
Friday, September 20, 2024 1:56 AM IST
വെള്ളരിക്കുണ്ട്: മുണ്ടക്കൈയിലെയും ചൂരൽമലയിലെയും ദുരന്തചിത്രങ്ങൾ സർക്കാർ സംവിധാനങ്ങളുടെ കണ്ണു തുറപ്പിക്കുന്നു. ജില്ലയുടെ മലയോരമേഖലയിൽ വൻ പാരിസ്ഥിതിക ആഘാതങ്ങൾക്ക് വഴിയൊരുക്കാവുന്ന രണ്ട് ക്വാറികൾക്ക് സംസ്ഥാന പരിസ്ഥിതി ആഘാത നിർണയ അഥോറിറ്റിയുടെ ചുവപ്പുകൊടി.
കോട്ടഞ്ചേരി മലനിരകളിലെ പാമത്തട്ടിൽ പുതിയ ക്വാറി തുടങ്ങുന്നതിനുള്ള നീക്കങ്ങൾക്ക് അനുമതി നിഷേധിക്കാനും പരപ്പ മുണ്ടാത്തടം ക്വാറിയുടെ പാരിസ്ഥിതിക അനുമതി റദ്ദാക്കാനുമാണ് അഥോറിറ്റിയുടെ തീരുമാനം. എട്ടുമാസമായി പ്രവർത്തനം നിർത്തിവച്ചിരിക്കുന്ന മുണ്ടാത്തടം ക്വാറി പൂർണമായും അടച്ചുപൂട്ടുന്നതിന് ജില്ലാ മൈനിംഗ് ആൻഡ് ജിയോളജി വിഭാഗം നടപടിയെടുക്കണമെന്നും അഥോറിറ്റി ശുപാർശ ചെയ്തു.
പാമത്തട്ടിൽ ക്വാറി അനുവദിച്ചാൽ ഉരുൾപൊട്ടലിനും മണ്ണിടിച്ചിലിനും സാധ്യതയുണ്ടെന്ന് പാരിസ്ഥിതിക അനുമതി നല്കുന്നതുമായി ബന്ധപ്പെട്ട സാങ്കേതിക സമിതി നേരത്തേ പഠന റിപ്പോർട്ട് സമർപ്പിച്ചിരുന്നു. ഈ റിപ്പോർട്ടും ജില്ലാ ദുരന്തനിവാരണ അഥോറിറ്റിയുടെ 2021 ലെ യോഗതീരുമാനങ്ങളും സംസ്ഥാന അഥോറിറ്റി അംഗീകരിച്ചു. വനാതിർത്തി പ്രദേശമാണെന്നും കർണാടകയിലെ തലക്കാവേരി വന്യജീവി സങ്കേതത്തിന് വളരെ അടുത്താണെന്നുമുള്ള വസ്തുതകളും അഥോറിറ്റി പരിഗണിച്ചു.
ക്വാറിയുമായി ബന്ധപ്പെട്ട് സ്ഫോടകവസ്തു ലൈസൻസിനുള്ള അപേക്ഷ നേരത്തേ ജില്ലാതലത്തിൽ തന്നെ നിരസിക്കപ്പെട്ടിരുന്നു. ഈ തീരുമാനവും സംസ്ഥാന അഥോറിറ്റി ശരിവച്ചു. ഇതോടെ പാമത്തട്ടിൽ ക്വാറി തുടങ്ങുന്നതിനുള്ള നടപടിക്രമങ്ങൾക്ക് ഫലത്തിൽ പൂട്ടുവീണു.
മുണ്ടാത്തടത്ത് ഇതുവരെ നടന്ന ഖനനം തന്നെ ഗുരുതരമായ പരിസ്ഥിതി പ്രശ്നങ്ങൾക്ക് ഇടയാക്കിയിട്ടുണ്ടെന്നാണ് പരിസ്ഥിതി ആഘാത നിർണയ സമിതിയുടെ റിപ്പോർട്ട്. പരിസ്ഥിതിലോലമായ പ്രദേശത്ത് തികച്ചും അശാസ്ത്രീയമായ രീതിയിലാണ് ഖനനം നടന്നതെന്നും ഇത് ഇനിയും തുടരാൻ അനുവദിക്കാനാവില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.
കരിങ്കൽ ക്വാറികൾക്കെതിരായി ബഹുജന പങ്കാളിത്തത്തോടെ ജില്ലയിൽ ഏറ്റവുമധികം സമരങ്ങൾ നടന്ന ഇടങ്ങളാണ് മുണ്ടാത്തടവും പാമത്തട്ടും. കർഷകരുടെയും നാട്ടുകാരുടെയും ബഹുജന സംഘടനകളുടെയും നേതൃത്വത്തിൽ മാസങ്ങൾ നീണ്ട സമരപരിപാടികളും ഹൈക്കോടതി വരെയെത്തിയ നിയമപോരാട്ടങ്ങളും നടന്നിരുന്നു. അതത് പ്രദേശങ്ങളുടെ പാരിസ്ഥിതിക പ്രാധാന്യവും ക്വാറികളുമായി ബന്ധപ്പെട്ട അപകടസാധ്യതയും ഇവിടങ്ങളിൽ തെളിവെടുപ്പ് നടത്താനെത്തിയ സാങ്കേതിക സമിതി അംഗങ്ങളെ കൃത്യമായി ബോധ്യപ്പെടുത്താനായതും സമരത്തിന്റെ വിജയമായി.
പാമത്തട്ടിലും മുണ്ടാത്തടത്തും ഖനനനീക്കങ്ങൾക്ക് വിലക്ക് വീഴുന്നത് വടക്കാംകുന്ന് കേന്ദ്രമായി ആറ് പുതിയ ക്വാറികൾ തുടങ്ങുന്നതിനുള്ള നീക്കത്തെയും പിന്നോട്ടടിപ്പിക്കുമെന്നാണ് സൂചന. ഇവിടെ പാരിസ്ഥിതിക ആഘാതവുമായി ബന്ധപ്പെട്ട തെളിവെടുപ്പ് ഇതുവരെ നടന്നിട്ടില്ല. പാമത്തട്ടും മുണ്ടാത്തടവുമായി ബന്ധപ്പെട്ട് നിലവിലുള്ള പാരിസ്ഥിതിക പ്രശ്നങ്ങളും അപകടസാധ്യതയും വടക്കാംകുന്നിലും ഉണ്ടെന്ന കാര്യം ഇനി തെളിവെടുപ്പ് നടക്കുമ്പോൾ ചൂണ്ടിക്കാണിക്കാൻ കഴിയും. ക്വാറികൾ തുടങ്ങാനുള്ള നീക്കത്തിനെതിരെ ഇവിടെ തുടക്കം മുതൽ നടക്കുന്ന സമരപരിപാടികൾക്ക് സംസ്ഥാന പരിസ്ഥിതി അഥോറിറ്റിയുടെ തീരുമാനം ഊർജം പകരും.