എൻഡോസൾഫാൻ ദുരിതബാധിതരുടെ കുടുംബസംഗമം 18 ന്
1416450
Sunday, April 14, 2024 7:00 AM IST
കാഞ്ഞങ്ങാട്:എൻഡോസൾഫാൻ ദുരിതബാധിതരുടെ പട്ടികയിൽ ഉൾപ്പെടുത്തി കാരണമില്ലാതെ ഒഴിവാക്കിയ 1031 പേരെ തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ട് അമ്മമാരുടെ നേതൃത്വത്തിൽ കാഞ്ഞങ്ങാട് മിനി സിവിൽ സ്റ്റേഷനു മുന്നിൽ രണ്ടരമാസമായി നടക്കുന്ന സമരവുമായി ബന്ധപ്പെട്ട് ചർച്ചകൾ നടത്താൻ പോലും തയ്യാറാകാത്ത അധികാരികളുടെ നിലപാടിനെതിരെ 18 ന് സമരപ്പന്തലിൽ കുടുംബസംഗമം സംഘടിപ്പിക്കും.
മുതിർന്ന അധ്യാപകനും സാമൂഹ്യപ്രവർത്തകനുമായ പി.പി.കെ.പൊതുവാൾ ഉദ്ഘാടനം ചെയ്യും. ദുരിതബാധിതരുടെ തികച്ചും ന്യായമായ ആവശ്യങ്ങളോട് സംസ്ഥാന സർക്കാരും കോടതി വിധി നേടിയെടുത്തതായി അഭിമാനിക്കുന്ന ഡിവൈഎഫ്ഐയുമുൾപ്പെടെ നിശബ്ദത പാലിക്കുകയാണെന്ന് എൻഡോസൾഫാൻ പീഡിത ജനകീയ മുന്നണി സെക്രട്ടറി അമ്പലത്തറ കുഞ്ഞികൃഷ്ണൻ പറഞ്ഞു.
അമ്മമാരുടെ സമരം ഏറ്റെടുക്കാനുള്ള ധാർമിക ഉത്തരവാദിത്തം ജനാധിപത്യ സമൂഹത്തിനുണ്ട്. ചികിത്സയും മരുന്നും നൽകണമെന്നും സെൽ യോഗം ചേരണമെന്നുമൊക്കെയുള്ള ആവശ്യങ്ങൾ തികച്ചും ന്യായമാണെന്ന് പറഞ്ഞവരെല്ലാം ചർച്ചയ്ക്കുപോലും വിളിക്കാതെ നിസംഗത പാലിക്കുകയാണ്.
സർക്കാർ നല്കുന്ന നഷ്ടപരിഹാരത്തുക കീടനാശിനി കമ്പനിയിൽ നിന്ന് വാങ്ങിയെടുക്കുന്നതിനായി സുപ്രീംകോടതിയെ സമീപിക്കാമായിരുന്നിട്ടും സംസ്ഥാന സർക്കാർ മാറിനില്ക്കുകയാണ്.
ഭരണകൂടങ്ങളെ വിലക്കെടുക്കാൻ പ്രാപ്തിയുള്ളവരാണ് കീടനാശിനി കമ്പനികളെന്ന ബോധ്യം ശക്തമാവുകയാണ്. എന്നാൽ ജനകീയ സമരങ്ങൾക്കു മുമ്പിൽ എത്ര ശക്തനായ ഭരണാധികാരിക്കും മുട്ടുമടക്കേണ്ടി വന്നതാണ് ചരിത്രമെന്നും അദ്ദേഹം പറഞ്ഞു.