റേഷൻ കടകൾ അടച്ചിട്ട് സമരം നടത്തും
1396035
Wednesday, February 28, 2024 1:34 AM IST
കാസർഗോഡ്: വിവിധ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് സംസ്ഥാനത്തെ റേഷൻ വ്യാപാരികൾ മാർച്ച് ഏഴിന് റേഷൻ കടകൾ അടച്ചിട്ട് സമരം നടത്തുമെന്ന് റേഷൻ വ്യാപാരി കോ-ഓർഡിനേഷൻ കമ്മിറ്റി ജില്ലാ കൺവൻഷൻ അറിയിച്ചു. സെക്രട്ടേറിയറ്റിലേക്കും ജില്ലാ ആസ്ഥാനങ്ങളിലേക്കും മാർച്ചും നടത്തും.
സംസ്ഥാനത്ത് ഭക്ഷ്യ സുരക്ഷാനിയമം നടപ്പിലാക്കുമ്പോൾ റേഷൻ വ്യാപാരികളുടെ സേവന വേതന വ്യവസ്ഥകൾ ആറ് മാസത്തിനുള്ളിൽ പരിഷ്കരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നൽകിയ ഉറപ്പ് അഞ്ച് വർഷമായിട്ടും നടപ്പായിട്ടില്ല. കോവിഡ് കാലത്ത് ജനങ്ങളെല്ലാം ജീവരക്ഷാർഥം വീട്ടിലിരിക്കുമ്പോഴും സർക്കാർ നല്കിയ പഴംതുണി കൊണ്ടുള്ള മാസ്കുമായി ഭക്ഷ്യധാന്യ വിതരണവും കിറ്റ് വിതരണവും നിർവഹിക്കേണ്ടി വന്നവരാണ് റേഷൻ വ്യാപാരികൾ.
63 റേഷൻ വ്യാപാരികളാണ് സംസ്ഥാനത്ത് കോവിഡ് പിടിപെട്ട് മരണമടഞ്ഞത്. കിറ്റ് വിതരണം നടത്തിയതിനുപോലും റേഷൻ വ്യാപാരികൾക്ക് ഒന്നും നൽകിയില്ല.
ക്ഷേമനിധിയുടെ പേരിൽ റേഷൻ വ്യാപാരികൾക്ക് ലഭിക്കുന്ന തുച്ഛമായ കമ്മീഷനിൽ നിന്നുപോലും പിടിച്ചുപറിക്കുന്ന നിലയാണ്. അരിവിഹിതം വെട്ടിക്കുറച്ചതോടെ വ്യാപാരികൾക്ക് ലഭിക്കുന്ന ശരാശരി പ്രതിമാസ കമ്മീഷൻ 18000 രൂപയിൽ താഴെയായി.
മുറി വാടകയും വൈദ്യുതച്ചെലവും സഹായിയുടെ വേതനവും കഴിച്ചാൽ ജീവിക്കാനുള്ള കാശുപോലും കിട്ടാതെയായി. റേഷൻ കാർഡ് സംബന്ധിയായ എന്ത് ജോലി ചെയ്താലും അക്ഷയ കേന്ദ്രങ്ങൾക്ക് 50 രൂപ ഫീസ് വാങ്ങാം.
പക്ഷേ സംസ്ഥാനത്തെ ഒന്നരക്കോടിയോളം വരുന്ന ബിപിഎൽ, എഎവൈ കാർഡ് അംഗങ്ങളുടെ മസ്റ്ററിംഗ് ജോലികൾ ദൈനംദിന ജോലിത്തിരക്കിനിടയിലും അവധി ദിവസങ്ങളിലും ചെയ്തുതീർക്കേണ്ടിവരുന്ന റേഷൻ വ്യാപാരികൾക്ക് ഉപഭോക്താക്കളോ സർക്കാരോ പ്രതിഫലമൊന്നും നല്കേണ്ടതില്ലെന്നാണ് സർക്കാർ നിലപാടെന്നും സംഘടനാ നേതാക്കൾ ചൂണ്ടിക്കാട്ടി.
എം. സുരേശൻ മേലാങ്കോട് അധ്യക്ഷത വഹിച്ചു, ബാലകൃഷ്ണ ബല്ലാൾ, പി. ശരത്ത്, സതീശൻ ഇടവേലി, പി.കെ. അബ്ദുൾ റഹിമാൻ, എ. നടരാജൻ, കെ.സി. രവി, സജീവ് പാത്തിക്കര, കെ.പി. തമ്പാൻ, കെ. ശശിധരൻ, കെ.എൻ. ഹരിദാസ്, ചരൺ ബന്തിയോട്, ജോഷി ജോർജ് എന്നിവർ പ്രസംഗിച്ചു.