"ബുദ്ധമയൂരി'ക്ക് ഭക്ഷണസസ്യമൊരുക്കി കാസര്‍ഗോഡ് ഗവ.കോളജ്
1336210
Sunday, September 17, 2023 6:31 AM IST
കാസര്‍ഗോഡ്: സംസ്ഥാനത്തിന്റെ ഔദ്യോഗിക ചിത്രശലഭമായ ‘ബുദ്ധമയൂരി’യുടെ സംരക്ഷണം ഉറപ്പുവരുത്താന്‍ ഇവയുടെ ലാര്‍വകളുടെ ഇഷ്ടഭക്ഷണമായ മുള്ളിലം ചെടികളുടെ നഴ്സറിയൊരുക്കി കാസര്‍ഗോഡ് ഗവ.കോളജിലെ സസ്യശാസ്ത്ര വിഭാഗം. ഇടനാടന്‍ ചെങ്കല്‍ കുന്നുകളിലാണ് മുള്ളിലം ചെടികള്‍ പൊതുവേ കാണപ്പെടുന്നത്. കുന്നിടിക്കലും മണ്ണെടുപ്പും വ്യാപകമായതോടെ ഇവ നാശത്തിന്റെ വക്കിലെത്തിയിരുന്നു.
മുള്ളിലം ചെടികള്‍ ഇല്ലാതാകുന്നത് ബുദ്ധമയൂരി ശലഭങ്ങളുടെ നിലനില്പിനെയും ബാധിക്കുമെന്ന കാര്യം ശ്രദ്ധയില്‍ പെട്ടതോടെയാണ് ഗവ.കോളജിലെ സസ്യശാസ്ത്ര വിഭാഗം ഇവയുടെ സംരക്ഷണത്തിനായി മുന്നോട്ടുവന്നത്. കോളജിലെ ജൈവവൈവിധ്യ ക്ലബ്, ഭൂമിത്രസേന, നേച്ചര്‍ ക്ലബ് എന്നിവയുടെ സഹകരണത്തോടെയാണ് മുള്ളിലം തൈകളുടെ നഴ്സറിയൊരുക്കിയത്.
ഈ തൈകള്‍ സ്കൂളുകളിലെയും മറ്റും ശലഭോദ്യാനങ്ങളിലേക്ക് വിതരണം ചെയ്യും. ഇവ വളരുമ്പോള്‍ ബുദ്ധമയൂരി ശലഭങ്ങള്‍ ഇവയുടെ ഇലയ്ക്കടിയില്‍ മുട്ടയിടാന്‍ തുടങ്ങുമെന്നാണ് പ്രതീക്ഷ.
കോളജ് പ്രിന്‍സിപ്പല്‍ ഡോ.വി. എസ്. അനില്‍ കുമാര്‍, റിട്ട.കോളജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറും സാമൂഹിക പ്രവര്‍ത്തകനുമായ ഡോ.വി. ഗോപിനാഥന് നല്കി മുള്ളിലം തൈകളുടെ വിതരണം ഉദ്ഘാടനം ചെയ്തു. സസ്യശാസ്ത്ര വിഭാഗം മേധാവി ഡോ.ഇ. ജെ. ജോസ്കുട്ടി, അധ്യാപകരായ ഡോ.പി. ബിജു, എ. ഷഹനാസ്, സി. എച്ച്. ശ്വേത, ജീവനക്കാരായ കെ. ചന്ദ്രന്, കെ. വി. രാജീവന്, നബീസ എന്നിവരും വിദ്യാര്‍ഥികളും ചേര്‍ന്നാണ് നഴ്സറിയുടെ പരിപാലനം നടത്തുന്നത്.
മുള്ളിലം തൈകള്‍ ആവശ്യമുള്ളവര്‍ക്ക് 8301831529 എന്ന നമ്പറില്‍ ബന്ധപ്പെടാവുന്നതാണെന്ന് സസ്യശാസ്ത്ര വിഭാഗം മേധാവി അറിയിച്ചു.