കിണറിൽ വീണ തൊഴിലാളിയെ രക്ഷപ്പെടുത്തി
1561133
Tuesday, May 20, 2025 7:18 AM IST
കൊയിലാണ്ടി: കിണറിൽ വീണ തൊഴിലാളിയെ അഗ്നിരക്ഷാ സേന രക്ഷപ്പെടുത്തി. ഇന്നലെ രാവിലെയാണ് സംഭവം. അരിക്കുളം അരിച്ചാൽ മീത്തൽ മോഹനൻ എന്നയാളുടെ വീട്ടിലെ കിണർ ആൾമറ കെട്ടുന്നതിനിടെ 25 അടി താഴ്ചയുള്ള വെള്ളമില്ലാത്ത കിണറിലേക്ക് തൊഴിലാളി നെടുംപൊയിൽ സ്വദേശി ബാബു തെന്നിവീഴുകയായിരുന്നു.
കൊയിലാണ്ടിയിൽ നിന്നും അഗ്നിരക്ഷാസേന അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ അനിൽകുമാറിന്റെ നേതൃത്വത്തിൽ എത്തുമ്പോൾ വലത് കാൽ പൊട്ടിയതിനാൽ മുകളിൽ കയറാൻ പറ്റാത്ത അവസ്ഥയിലായിരുന്നു.
തുടർന്ന് കിണറിൽ ഇറങ്ങുകയും സ്ട്രക്ച്ചറിൽ കിടത്തി സ്ട്രക്ച്ചർ നോട്ട് ഉപയോഗിച്ച് റെസ്ക്യു നെറ്റുമായി ബന്ധിപ്പിച്ചു സേനാംഗങ്ങളുടെയും നാട്ടുകാരുടെയും സഹായത്തോടു കൂടി മുകളിൽ എത്തിക്കുകയായിരുന്നു. തുടർന്ന് ബാബുവിനെ കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് മാറ്റി.