ആര്യാടന്റെ ചരമ വാർഷികം: അകന്പാടം ഡേ കെയറിൽ ഒത്തുചേരൽ സംഘടിപ്പിച്ചു
1338350
Tuesday, September 26, 2023 12:27 AM IST
നിലന്പൂർ: മുൻ മന്ത്രി ആര്യാടൻ മുഹമ്മദിന്റെ ഒന്നാം ചരമവാർഷിക ദിനത്തിൽ അകന്പാടം അനുയാത്ര ഡേ കെയറിൽ ഒത്തുചേരൽ സംഘടിപ്പിച്ച് ചാലിയാർ മണ്ഡലം കോണ്ഗ്രസ് കമ്മിറ്റി.
ഡേ കെയർ അംഗങ്ങൾക്കൊപ്പം ചെലവഴിച്ച് ആര്യാടൻ മുഹമ്മദിന്റെ മക്കളായ ആര്യാടൻ ഷൗക്കത്തും ഡോ. റിയാസ് അലി ആര്യാടനും. ചാലിയാർ മണ്ഡലം കോണ്ഗ്രസ് കമ്മിറ്റിയാണ് വ്യത്യസ്ഥമായ രീതിയിൽ അനുസ്മരണ പരിപാടി സംഘടിപ്പിച്ചത്.
കെപിസിസി ജനറൽ സെക്രട്ടറി ആര്യാടൻ ഷൗക്കത്തും ഡോ. റിയാസ് അലി ആര്യാടനും ഡേ കെയർ അംഗങ്ങൾക്കൊപ്പം അവരുടെ ആവശ്യങ്ങൾ ചോദിച്ചറിഞ്ഞും അവരുടെ പ്രശ്നങ്ങൾക്ക് ആശ്വാസം പകർന്നും പങ്കെടുത്തു.
അനുയാത്ര ഡേ കെയറിലെ അംഗങ്ങൾക്ക് പെരിന്തൽമണ്ണ എംഇഎസ് മെഡിക്കൽ കോളജാശുപത്രിയിൽ സൗജന്യ ചികിത്സ സഹായം നൽകുമെന്ന് ഡോ. റിയാസ് അലി ആര്യാടൻ പറഞ്ഞപ്പോൾ അനുയാത്ര ഡേ കെയറിന് സ്ഥലം ഉൾപ്പെടെ ലഭ്യമാക്കുന്ന കാര്യത്തിൽ എല്ലാവർക്കുമൊപ്പം തങ്ങളുടെയും സഹായം ഉണ്ടാകുമെന്നും നിലന്പൂർ അർബൻ ബാങ്കിന്റെ സഹായത്തോടെ ഡേ കെയറിലേക്ക് ആവശ്യമായ ഉപകരണങ്ങൾ നൽകാൻ തയാറാണെന്നും ആര്യാടൻ ഷൗക്കത്തും പറഞ്ഞു. ആര്യാടൻ മുഹമ്മദിന്റെ ഫോട്ടോക്ക് മുന്നിൽ പുഷ്പാർച്ചന നടത്തിയാണ് ചടങ്ങുകൾ ആരംഭിച്ചത്.
സംഘാടകർ പാട്ടു പാടിയും പുഷ്പാർച്ചന നടത്തിയും ഡേ കെയർ അംഗങ്ങളും അനുസ്മരണ ചടങ്ങിൽ പങ്കാളികളായി. ഡേ കെയർ അംഗങ്ങൾക്കുൾപ്പെടെ ഭക്ഷണവും ഒരുക്കിയിരുന്നു. മണ്ഡലം പ്രസിഡന്റ് തോണിയിൽ സുരേഷ്, ഡിസിസി ജനറൽ സെക്രട്ടറി എം.കെ. ഹാരിസ് ബാബു, നിലന്പൂർ ബ്ലോക്ക് കോണ്ഗ്രസ് പ്രസിഡന്റ് പാലോളി മെഹബൂബ്, നിലന്പൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി. പുഷ്പവല്ലി, ബ്ലോക്ക് കോണ്ഗ്രസ് മുൻ പ്രസിഡന്റ് എ. ഗോപിനാഥ്, ചാലിയാർ സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് ബെന്നി കൈതോലിൽ, മണ്ഡലം കോണ്ഗ്രസ് വൈസ് പ്രസിഡന്റ ഇ.പി. മുരളി, മഹിളാ കോണ്ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് ഷീബ പൂഴിക്കുത്ത്, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഗീതാ ദേവദാസ്, മഹിളാ കോണ്ഗ്രസ് മണ്ഡലം പ്രസിഡന്റ് ബീനാ ജോസഫ്, കോണ്ഗ്രസ് മണ്ഡലം മുൻ പ്രസിഡന്റുമാരായ കാട്ടുമുണ്ട മുഹമ്മദ്, ഹൈദരലി നാലകത്ത്, ജോയ് ഞള്ളംപുഴ, കൃഷ്ണൻകുട്ടി കോരംകോട്, വി.സി. ജോർജ് തുടങ്ങിയവർ ചടങ്ങിൽ പങ്കാളികളായി.