മനംനിറച്ച് മറയൂരിലെ ഓറഞ്ച് തോട്ടങ്ങള്‍
മനംനിറച്ച് മറയൂരിലെ ഓറഞ്ച് തോട്ടങ്ങള്‍
Saturday, January 28, 2023 8:21 PM IST
രുചി കൊണ്ടും മനോഹാരിത കൊണ്ടും മറയൂരിലെ ഓറഞ്ച് തോട്ടങ്ങള്‍ സന്ദര്‍ശകരുടെ മനം നിറയ്ക്കുന്നു. മറയൂരിനു സമീപത്തെ തേയിലത്തോട്ടങ്ങളിലും കാന്തല്ലൂരിലും ശരിക്കും ഓറഞ്ച് വസന്തമാണ്. ജൂണ്‍- ജൂലൈ മാസങ്ങളില്‍ പൂത്തു തുടങ്ങിയ ഓറഞ്ച് മരങ്ങള്‍ സെപ്റ്റംബര്‍ മുതല്‍ ജനുവരി അവസാനം വരെയുള്ള മാസങ്ങളിലാണു വിളഞ്ഞു പാകമാകുന്നത്.

ഇപ്പോള്‍ വിളവെടുക്കുന്ന ഓറഞ്ചിന് കിലോയ്ക്ക് 50 മുതല്‍ 60 രൂപ വരെയാണു തോട്ടത്തിലെ വില. മറയൂരിലെ കാലാവസ്ഥക്ക് അനുയോജ്യമായതും പരിപാലന ചെലവ് കുറഞ്ഞതും മികച്ച വില ലഭിക്കുന്നതും അധികം രോഗബാധയേല്‍ക്കാത്ത തുമായതിനാല്‍ ഓറഞ്ച് കൃഷിക്കു നാള്‍ക്കുനാള്‍ പ്രിയമേറി വരികയാണ്. മറയൂര്‍-മൂന്നാര്‍ പാതയില്‍ തേയിലത്തോട്ടങ്ങള്‍ക്കിടയില്‍ തല ഉയര്‍ത്തി നില്ക്കുന്ന ഓറഞ്ച് മരങ്ങളിലും അതില്‍ നിറയെ വിളഞ്ഞു പാകമായിക്കിടക്കുന്ന പഴങ്ങളിലും ആരുടെയും കണ്ണുടക്കാതിരിക്കില്ല.

സഹ്യപര്‍വതത്തിന്റെ കിഴക്കന്‍ ചരിവായ മറയൂര്‍ മലനിരകളിലെ കണ്ണന്‍ ദേവന്‍ കമ്പനിയുടെ ഉടമസ്ഥതയിലുള്ള വാഗുവര ടോപ്പ്, ലോവര്‍, എന്നിവിടങ്ങളിലും, തലയാര്‍, ചട്ടമൂന്നാര്‍ ഭാഗങ്ങളിലും കാന്തല്ലൂര്‍, ഗുഹനാഥപുരം, തലചോര്‍ കടവ്, വട്ടവട എന്നിവടങ്ങളിലുമാണു മലയാളത്തില്‍ മധുരനാരങ്ങ എന്നറിയപ്പെടുന്ന ഓറഞ്ച് നിറകാഴ്ച്ചകളായി വസന്തം ഒരുക്കിയിരിക്കുന്നത്.

നോക്കെത്താ ദൂരത്തോളം പരന്നു കിടക്കുന്ന ഹരിതാഭമായ തേയില തോട്ടങ്ങള്‍ക്ക് അലങ്കാരമായും കാന്തല്ലൂരിലെ ഓറഞ്ച് ചെടികള്‍ മാത്രമുള്ള തോട്ടങ്ങളില്‍ വിളഞ്ഞ് പാകമായും കിടക്കുന്ന പഴങ്ങളും മലനിരകളിലെ കോടമഞ്ഞും തണുപ്പും ദിനംപ്രതി ആയിരക്കണക്കിന് സന്ദര്‍ശകരെയാണ് മറയൂരിലേക്ക് മാടി വിളിക്കുന്നത്.

ബ്രിട്ടീഷുകാരുടെ ഭരണകാലം മുതല്‍ ഓറഞ്ച് കൃഷിയുണ്ടായിരുന്നെങ്കിലും 10 വര്‍ഷം മുമ്പു മുതലാണ് വ്യാവസായികാടിസ്ഥാനത്തില്‍ കൃഷി ആരംഭിച്ചത്. ജാഫ് ലില്ലി, സാത് ഗുഡി ഇനങ്ങളാണ് പ്രധാനമായും കൃഷി ചെയ്യുന്നത്. ഒരേക്കറില്‍ പതിനഞ്ച് അടി അകലത്തില്‍ ഭൂമിയുടെ ചരിവ് അനുസരിച്ച് 250 മുതല്‍ 300 ചെടികള്‍ വരെ നടാം.


ചാണകം മാത്രമാണ് വളമായി ഉപയോഗിച്ചു വരുന്നത്. ചെടി നട്ടു മൂന്നാം വര്‍ഷം മുതല്‍ കായ്ച്ചു തുടങ്ങും. പത്ത് വര്‍ഷം വരെ ഒരു ചെടിയില്‍ നിന്നു ശരാശരി 20 കിലോ പഴം കിട്ടും. 10 വര്‍ഷത്തിനുശേഷം 50 കിലോയിലധികം വിളവു ലഭിക്കു മെന്നു കാന്തലൂരിലെ വലിയ ഓറഞ്ച് തോട്ട ഉടമകളായ കൊച്ചുമണ്ണില്‍ ബാബുവും, ബാലസുബ്രമണ്യനും പറഞ്ഞു.

ഓറഞ്ച് വാങ്ങാനെത്തുന്ന കച്ചവടക്കാരിലേറെയും തെങ്കാശി, ബംഗളൂരൂ തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നുള്ളവരാണ്. പെരുമ്പാവൂരില്‍ നിന്ന് എത്തുന്നുവരുമുണ്ട്. മറയൂര്‍, കാന്തല്ലൂര്‍, ചട്ടമൂന്നാര്‍ എന്നിവിടങ്ങളില്‍ നിന്നായി മൂന്നര ടണ്‍ ഓറഞ്ചാണു ശരാശരി പ്രതിവര്‍ഷ ഉത്പാദനം.



ഗുണമേറെ

അഞ്ചുനാട് മലനിരകളില്‍ വിളയുന്ന ഓറഞ്ച് ഔഷധ ഗുണത്തില്‍ ഏറെ മുന്നിലാണ്. കാത്സ്യത്തിന്റെ മികച്ച ശേഖരമാണ് ഓറഞ്ചിലുള്ളത്. 100 ഗ്രാം ഓറഞ്ചില്‍ 26 മില്ലി ഗ്രാം കാത്സ്യം അടങ്ങിയിരിക്കുന്നു. സോഡിയം, മഗ്‌നീഷ്യം, കോപ്പര്‍, സള്‍ഫര്‍, ക്ലോറിന്‍, ഫോസ്ഫറസ് എന്നിവയും ജീവകം എ, ബി, സി തുടങ്ങിയ മൂലകങ്ങളും ഓറഞ്ചിലുണ്ട്.

വിറ്റാമിന്‍ സി യുടെ കലവറയാണ് ഓറഞ്ച്. പ്രായമേറുന്നതിനനുസരിച്ച് ചര്‍മത്തിലുണ്ടാകുന്ന മാറ്റങ്ങളെ ഒരു പരിധിവരെ പ്രതിരോധിക്കാന്‍ ഓറഞ്ചിനു കഴിയും. ഇതില്‍ അടങ്ങിയിരിക്കുന്ന വിറ്റാമിന്‍ സി, എ , പൊട്ടാസ്യം എന്നിവ കണ്ണിന്റെ ആരോഗ്യസംരക്ഷണത്തിന് ഏറെ സഹായകമാണ്. ഓറഞ്ചില്‍ അടങ്ങിയിട്ടുള്ള നാരുകള്‍ വയറിന്റെ ആരോഗ്യത്തിനും ഗുണപ്രദമാണ്. ഫോണ്‍: 9946612802

ജിതേഷ് ചെറുവള്ളില്‍