ജെഫ് ബെസോസ് ആമസോണ്‍ സിഇഒ പദവിയില്‍ നിന്നു മാറുന്നു; ആന്‍ഡി ജാസി പുതിയ സിഇഒ
ജെഫ് ബെസോസ് ആമസോണ്‍ സിഇഒ പദവിയില്‍ നിന്നു മാറുന്നു; ആന്‍ഡി ജാസി പുതിയ സിഇഒ
Wednesday, February 3, 2021 5:29 PM IST
ലോകത്തെ ഏറ്റവും വലിയ ധനികന്‍ ജെഫ് ബെസോസ് ആമസോണ്‍ സിഇഒ പദവിയില്‍ നിന്നു പടിയിറങ്ങുന്നു. ആമസോണ്‍ വെബ് സര്‍വീസസിന്റെ മേധാവി ആന്‍ഡി ജാസിയാണ് പുതിയ മേധാവി.

പദവി ഒഴിഞ്ഞാലും ആമസോണിന്റെ പ്രധാന പരിപാടികളെല്ലാം പങ്കെടുക്കുമെന്ന് ജീവനക്കാര്‍ക്കെഴുതിയ കത്തില്‍ ബെസോസ് സൂചിപ്പിച്ചിട്ടുണ്ട്.

2021ന്റെ മൂന്നാം പാദത്തില്‍ സിഇഒ പദവി ഒഴിയുമെന്നാണ് ബെസോസ് അറിയിച്ചിരിക്കുന്നത്. ലാഭം ഇരട്ടിയധികം കുതിച്ച് 7.2 ബില്യണ്‍ ഡോളറായും (ഏകദേശം 52,540 കോടി രൂപ) വരുമാനം 44 ശതമാനം വര്‍ധിച്ച് 125.6 ബില്യ്ണ്‍ ഡോളറായും (ഏകദേശം 916,600 കോടി രൂപ) ഉയര്‍ന്നതിനു പിന്നാലെയാണ് രാജി എന്നതും ശ്രദ്ധേയം.

കോവിഡിന്റെ പശ്ചാത്തലത്തില്‍ ഓഫ്‌ലൈന്‍ വിപണിയില്‍ മാന്ദ്യം നേരിട്ടപ്പോള്‍ ഓണ്‍ലൈന്‍ വിപണി കുതിച്ചതാണ് ആമസോണിന്റെ ഈ നേട്ടത്തിനു പിന്നില്‍.

ഡേ വണ്‍ ഫണ്ട്, ബെസോസ് ഏര്‍ത്ത് ഫണ്ട് പോലുള്ള സംഘടകളുടെ പ്രവര്‍ത്തനങ്ങള്‍ക്കു വേണ്ടി സമയം ചെലവഴിക്കാനാണ് സിഇഒ പദവി ഒഴിയുന്നതെന്നാണ് ബെസോസ് അറിയിച്ചിരിക്കുന്നത്. ഇതോടൊപ്പം ബഹിരാകാശ ഗവേഷണവും പദ്ധതി ഇടുന്നു.

ജെഫ് ബെസോസിന്റെ ബ്ലൂ ഒറിജിന്‍ ബഹിരാകാശത്തേക്ക് ആദ്യ യാത്രികരെ ഏപ്രിലില്‍ എത്തിക്കാനാണ് ലക്ഷ്യമിടുന്നത്. അമേരിക്കയിലെ പ്രമുഖ ാഷിംഗ്ടണ്‍ പോസ്റ്റ് ദിനപത്രവും ബെസോസിന്റേതാണ്.

പുതിയ സിഇഒ ആയി ചാര്‍ജെടുക്കുന്ന ജെസി 1997ല്‍ മാര്‍ക്കറ്റിംഗ് മാനേജരായാണ് ആമസോണിലെത്തുന്നത്. പിന്നിട് 2003ല്‍ ആമസോണ്‍ വെബ് സര്‍വീസ് ആരംഭിച്ചു. ആമസോണിന്റെ തന്നെ ഏറ്റവും ലാഭമുണ്ടാക്കുന്ന കമ്പനിയാണ് ഇന്ന് ആമസോണ്‍ വെബ് സര്‍വീസ്.




ജാസിയില്‍ തനിക്കു പൂര്‍ണ വിശ്വാസമുണ്ടെന്നും മികച്ചൊരു ലീഡറാണ് ജാസിയെന്നും ബെസോസ് പറഞ്ഞു.

57കാരനായ ബെസോസ് 1994ല്‍ തന്റെ ഗാരേജില്‍ ആരംഭിച്ച ചെറിയ സ്റ്റാര്‍ട്ടപ്പ് ആണ് ലോകത്തെ തന്നെ ഏറ്റവും വലിയ ഓണ്‍ലൈന്‍ ഷോപ്പിംഗ് കമ്പനിയായി മാറിയത്.

വാഷിംഗ്ടണിലെ സീയാറ്റില്‍ കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന ആമസോണ്‍ യുഎസ് തലസ്ഥാനത്തിനു പുറത്ത് മറ്റൊരു ഹെഡ്ക്വാര്‍ട്ടേഴ്‌സ് കൂടെ നിര്‍മിക്കാനൊരുങ്ങുകയാണ്.

നിലവിലെ കണക്കനുസരിച്ച് 1.69 ട്രില്യണ്‍ ഡോളര്‍ (ഏകദേശം 1,23,35,560 കോടി രൂപ) ആണ് ആമസോണിന്റെ മാര്‍ക്കറ്റ് മൂല്യം. ലോകത്തെ ഏറ്റവും മൂല്യമേറിയ കമ്പനിയും ആമസോണ്‍ തന്നെ. ബെസോസിന്റെ കാലത്താണ് കമ്പനി അതിവേഗം വളര്‍ന്നത്.

കഴിഞ്ഞ പത്തുവര്‍ഷത്തിനിടയില്‍ പത്തിരട്ടിയില്‍ അധികം നേട്ടമുണ്ടാക്കി അതിഭീമമായൊരു വളര്‍ച്ചയാണ് കമ്പനി നേടിയത്. കമ്പനിയില്‍ അദ്ദേഹത്തിന്റെ മാത്രം ഓഹരിയുടെ മൂല്യം 196 ബില്യണ്‍ ആണ്. ഏകദേശം 14,30,600 കോടി രൂപ.

ലോകത്തെ ഏറ്റവും വലിയ സമ്പന്നന്‍ എന്ന പദം അലങ്കരിച്ച ഇലക്ട്രിക് കാര്‍ നിര്‍മാതാക്കളായ ടെസ് ല കമ്പനി ഉടമ ഇലോണ്‍ മസ്‌കിനെയും ഇതോടെ അദ്ദേഹം പിന്തള്ളി സമ്പന്നന്മാരുടെ പട്ടികയില്‍ ഒന്നാമതെത്തിയിരുന്നു.

ലോകത്താകമാനം ഒരു മില്യണിലധികം ജീവനക്കാരുള്ള കമ്പനിയുടെ എട്ടു ലക്ഷത്തോളം ജീവനക്കാര്‍ യുഎസിലുണ്ട്.