ഡാറ്റാ സ്രോതസുകൾക്കായി അധിക നിക്ഷേപം നടത്തും
Wednesday, January 29, 2020 2:36 PM IST
ഇന്ത്യയിലെ ധനകാര്യ സ്ഥാപനങ്ങൾ ഡാറ്റാ ശേഖരണത്തിനുള്ള ബദൽ സ്രോതസുകൾക്കായി അടുത്ത രണ്ടു വർഷങ്ങളിൽ കൂടുതൽ നിക്ഷേപം നടത്തുമെന്ന് ട്രാൻസ് യൂണിയനു വേണ്ടി ന്യൂ എയിറ്റ് ഗ്രൂപ് ഗ്ലോബൽ നടത്തിയ ആഗോള പഠനം ചൂണ്ടിക്കാട്ടുന്നു. തങ്ങളുടെ കൈവശമുള്ള ഡാറ്റ കൈകാര്യം ചെയ്യുന്നതിനു വെല്ലുവിളികൾ നേരിടുന്നുണ്ടെന്ന് ഇന്ത്യയിലെ 86 ശതമാനം എക്സിക്യൂട്ടീവുകളും സമ്മതിക്കുന്ന പശ്ചാത്തലത്തിൽ കൂടിയാണ് ഈ പ്രവണത.
ഡാറ്റാ ശേഖരണത്തിനായി പുതിയ സ്രോതസുകൾ കണ്ടെത്താൻ 65 ശതമാനത്തോളം അധികം ചെലവു നടത്തുമെന്നാണ് ആഗോള തലത്തിൽ പ്രതികരിച്ചവരിൽ പകുതിയിലേറെ സൂചിപ്പിച്ചത്. ഇതേ സമയം ഇന്ത്യയിൽ 76 ശതമാനം അധികം ചെലവാണ് ഉദ്ദേശിക്കുന്നത്. വെബ് ബ്രൗസിംഗും ആപ് ഉപയോഗവും അടക്കമുള്ള പുതിയ രൂപത്തിലുള്ള ഡാറ്റയാണ് ഇതേ രീതിയിൽ ശേഖരിക്കുക. ബിസിനസ് തന്ത്രങ്ങൾ രൂപപ്പെടുത്താൻ ഇത്തരം സ്ഥിതി വിവര കണക്കുകളുടെ സംയോജനം ആവശ്യമാണെന്നാണ് എക്സിക്യൂട്ടീവുകൾ സൂചിപ്പിക്കുന്നത്.
മൊബൈൽ ഡാറ്റ (ബ്രൗസിംഗ്, ആപ് ഉപയോഗം), വാങ്ങലുകൾ സംബന്ധിച്ച വിവരം, സാമൂഹ്യ മാധ്യമ ഡാറ്റ, ബാങ്ക് അക്കൗണ്ടുകളും ഇടപാടുകളും സംബന്ധിച്ച ഡാറ്റ തുടങ്ങിയവയ്ക്കായാണ് നിക്ഷേപം വർധിപ്പിക്കുക.