വാവേയെ അനുവദിച്ചത് അപകടം: എസ്ജെഎം
Thursday, January 2, 2020 3:04 PM IST
ന്യൂഡൽഹി: 5ജി മൊബൈൽ സർവീസിന്റെ സാങ്കേതിക പരീക്ഷണത്തിൽ ചൈനീസ് കന്പനി വാവേയെ അനുവദിച്ചതിനെതിരേ സ്വദേശി ജാഗരൺ മഞ്ച് (എസ്ജെഎം).
സംഘപരിവാറിൽപ്പെടുന്ന എസ്ജെഎം, വാവേയ്ക്കു പ്രവേശനമനുവദിക്കുന്നത് അപകടകരമാണെന്നു പ്രസ്താവിച്ചു.
വാവേയ്ക്ക് അമേരിക്കയും ചില യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും പ്രവേശനം അനുവദിച്ചിട്ടില്ല. ചൈനീസ് സൈന്യവുമായി വളരെ അടുപ്പമുള്ളവരുടേതാണു വാവേ കന്പനി. വാവേയുടെ സാങ്കേതികവിദ്യ ഉപയോഗിച്ചാൽ അതുവഴി ചൈന വിവരങ്ങൾ ചോർത്തുമെന്നാണ് ആശങ്ക. ഇന്ത്യയുടെ സുരക്ഷയ്ക്കു വാവേ ഭീഷണിയാണെന്ന് എസ്ജെഎം കോ-കൺവീനർ അശ്വനി മഹാജൻ പറഞ്ഞു.
തമിഴ്നാട്ടിലെ മഹാബലിപുരത്തു നടന്ന നരേന്ദ്രമോദി - ഷി ചിൻപിംഗ് കൂടിക്കാഴ്ചയിലെ ധാരണയുടെ അടിസ്ഥാനത്തിലാണ് വാവേയെ അനുവദിച്ചതെന്നു നയതന്ത്ര വൃത്തങ്ങൾ പറയുന്നു. ടെലികോം വകുപ്പിന്റെ തീരുമാനത്തെ ചൈന സ്വാഗതം ചെയ്തു.
അമേരിക്കൻ, യൂറോപ്യൻ കന്പനികളെക്കാൾ കുറഞ്ഞ നിരക്കിൽ ഉപകരണങ്ങളും സാങ്കേതികവിദ്യയും നല്കാൻ വാവേയ്ക്കു കഴിയും. വാവേയ്ക്കു പ്രവേശനമനുവദിച്ചതിനാൽ പാശ്ചാത്യ കന്പനികൾ നിരക്കു കുറയ്ക്കുമെന്ന പ്രതീക്ഷ പലർക്കുമുണ്ട്. ടെലികോം നെറ്റ്വർക്ക് ഉപകരണങ്ങളുടെ ഏറ്റവും വലിയ നിർമാതാക്കളാണു വാവേ.