പക്ഷിക്കൂട്ടിലേക്ക് അതിഥികളെ വരവേല്‍ക്കുമ്പോള്‍
പക്ഷിക്കൂട്ടിലേക്ക് അതിഥികളെ വരവേല്‍ക്കുമ്പോള്‍
Wednesday, August 22, 2018 4:55 PM IST
ഓമനിച്ചു വളര്‍ത്തുന്ന പക്ഷിക്കൂട്ടം വിപുലമാക്കുന്നത് പക്ഷിപ്രേമികള്‍ക്ക് ഏറെ സന്തോഷകരമാണ്. അതേ സമയം പുതിയ അംഗങ്ങള്‍ എത്തിച്ചേരുമ്പോള്‍ ഏറെ മുന്‍കരുതലുകള്‍ എടുക്കേണ്ടതുണ്ട്. കൂട്ടിലേക്കു പുതുതായി വരുന്ന പക്ഷികള്‍ക്കു നേരിടേണ്ടി വരുന്ന ക്ലേശം അഥവാ സമ്മര്‍ദ്ദം (േെൃല)ൈ, അതിഥികള്‍ രോഗവുമായി വരാനുള്ള സാധ്യത എന്നിവയാണ് പ്രധാന പ്രശ്‌നങ്ങള്‍. പ്രശ്‌നങ്ങള്‍ ഒഴിവാക്കാന്‍ പ്രത്യേക പരിപാലനം, നിരീക്ഷണം, ചികിത്സാ സൗകര്യമൊരുക്കല്‍ എന്നിവയെല്ലാം വേണ്ടിവരും.

പുത്തന്‍ കൂട്ടുകാര്‍ പുതിയ വീടിനെ തങ്ങളുടെ തട്ടകമായി കണ്ട് തൂവലുകള്‍ പൊഴിച്ച് പുത്തന്‍ തൂവലുകളുടെ നിറപ്പകിട്ടില്‍ എത്തുകയും നിലവിലുള്ള അംഗങ്ങള്‍ രോഗഭീഷണിയില്ലാതെ അതിഥികളെ അംഗീകരിക്കുകയും ചെയ്യുന്നതുവരെ പ്രത്യേക ശ്രദ്ധ വേണം. പുതിയ പക്ഷികളെ നിശ്ചിത സമയത്തേക്കു പ്രത്യേക കൂടുകളില്‍ അല്ലെങ്കില്‍ സൗകര്യങ്ങളില്‍ പാര്‍പ്പിച്ചതിനു ശേഷമേ സ്ഥിരം കൂടുകള്‍ അല്ലെങ്കില്‍ ഏവിയറികളിലേക്കു മാറ്റാവൂ. ഇത്തരം മാറ്റിനിര്‍ത്തലിനെ ക്വാറന്റൈന്‍ എന്നാണ് പറയുക. പല പക്ഷിപ്രേമികളും 2-3 ആഴ്ചയാണ് ക്വാറന്റൈന്‍ അനുവര്‍ത്തിക്കുന്നതെങ്കിലും 40-42 ദിവസമെന്നാണ് വിദഗ്ധ നിര്‍ദ്ദേശം.

ദൂരയാത്ര, പുതിയ അന്തരീക്ഷം, അപരിചിത ഭക്ഷണം, പുത്തന്‍ കൂടുകളും വാസസ്ഥലങ്ങളും പുതിയ ഉടമ എന്നിവയെല്ലാം പക്ഷികളില്‍ സമ്മര്‍ദ്ദമുണ്ടാക്കും. അതിനാല്‍ സമ്മര്‍ദ്ദം കുറച്ച് അവയെ പുതിയ ചുറ്റുപാടുകളുമായി ഇണങ്ങാന്‍ പ്രാപ്തരാക്കുകയാണ് ആദ്യം ചെയ്യേ ണ്ടത്. സ്വാഭാവിക രോഗപ്രതിരോധശേഷി കുറയുന്നതോടെ ആരോഗ്യമുള്ള പക്ഷികള്‍ക്കു പോലും രോഗമുണ്ടാകും. സമ്മ ര്‍ദ്ദം താങ്ങാനാവാതെ ഭക്ഷണവും ജലപാനവും പോലും ഉപേക്ഷിച്ചെന്നുവരാം. ഇങ്ങനെ പട്ടിണി കിടന്നോ നിര്‍ജലീകരണം മൂലമോ പക്ഷികള്‍ ചത്തുപോകും. അതിനാല്‍ ക്വാറന്റൈന്‍ കാലത്ത് ആദ്യത്തെ ഒരാഴ്ച ഇവയുടെ ക്ലേശം കുറയ്ക്കാന്‍ ശ്രദ്ധിക്കണം.

പുതിയവരെ ഉടന്‍തന്നെ നിലവിലുള്ളവര്‍ക്കൊപ്പം കൂട്ടിലിടുന്നത് അപകടകരമാണ്. അതിഥികളെ പഴയവര്‍ ആക്രമിക്കാം. ഇതും പക്ഷികളില്‍ സമ്മര്‍ദ്ദമായി മാറുന്നു. പക്ഷികളെ കൂട്ടമായി പാര്‍പ്പിക്കുന്ന കൂടുകളില്‍ രൂപപ്പെടുന്ന സാമൂഹിക അധികാര ശ്രേണിയില്‍ പുതുമുഖങ്ങള്‍ പിന്‍തള്ളപ്പെടും. മേധാവിത്തമുള്ള പഴയവര്‍ ഉയര്‍ന്ന ചില്ലകളും വിശ്രമസ്ഥലങ്ങളും കൈ യടക്കുകയും അതിഥികള്‍ക്കു തീറ്റപ്പാത്രംവരെ നിഷേധിക്കുകയും ചെയ്യുന്നു. ഇങ്ങനെ പല സമ്മര്‍ദ്ദങ്ങളില്‍ പെടാനിടയുള്ള പക്ഷികള്‍ക്കു ക്വാറന്റൈന്‍ കാലത്ത് പ്രത്യേക പരിചരണം നല്‍കണം. നിലവിലുള്ള പക്ഷികളെ പാര്‍പ്പിക്കുന്ന കൂട്ടില്‍ നിന്നു പരമാവധി അകലെയാകണം ക്വാറന്റൈന്‍ കൂട്. നാലടി നീളം, രണ്ടടി വീതി, മൂന്നടി ഉയരമുള്ള ഒരു കൂട്ടില്‍ ഫിഞ്ചസ്, ബഡ്ജറിഗര്‍ പോലുള്ള പത്തു പക്ഷികളെയെങ്കിലും പാര്‍പ്പിക്കാം.

നിര്‍ജലീകരണത്തില്‍ നിന്നു സുരക്ഷ നല്‍കാന്‍ ഇലക്‌ട്രോലൈറ്റ് ലായനികളോ, കരിക്കിന്‍ വെള്ളമോ നല്‍കാം. സമ്മര്‍ദാവസ്ഥ രോഗത്തിലേക്കു വഴിമാറുന്നതു തടയാന്‍ പ്രോബയോട്ടിക്കുകള്‍ കൊടുക്കുക, ലാക്‌ടോബാസിലസ്, സ്‌ട്രെപ്‌റ്റോകോ ക്കസ് തുടങ്ങിയ മിത്രബാക്ടീരിയകള്‍ (ഉദാഹരണത്തിന് തൈര്, യോഗര്‍ട്ട്) അടങ്ങിയ മരുന്നുകളാണ് പ്രോബയോട്ടിക്കുകള്‍. സമ്മര്‍ദാവസ്ഥയില്‍ രോഗപ്രതിരോധശേഷി കുറയുന്ന സമയത്ത് ആമാശയത്തില്‍ ഗുണകരമായ ബാക്ടീരിയകളുടെ എണ്ണം കുറഞ്ഞ് രോഗകാരികളുടെ എണ്ണം കൂടി വയറിളക്കം പോ ലുള്ള രോഗങ്ങള്‍ ഉണ്ടാകാം. ഇത്തരം സാഹചര്യങ്ങളില്‍ ദീര്‍ഘകാലത്തില്‍ പാര്‍ശ്വഫലങ്ങളുണ്ടാകുന്ന ആന്റിബയോട്ടിക്കുകള്‍ നല്‍കുകയാണ് ഉടമകള്‍ ചെയ്യാറുള്ളത്. എന്നാല്‍ പ്രോബയോട്ടിക്കുകള്‍ ആമാശയത്തിന്റെ അമ്ലത ക്രമീകരിക്കുകയും ദഹനപ്രക്രിയ എളുപ്പമാക്കുകയും ചെയ്യുന്നു. ഉപകാരി ബാക്ടീരിയകളുടെ എണ്ണവും, രോഗകാരികളുടെ എണ്ണവും സംതുലിതമാക്കുകയും ചെയ്യുന്നു.


തീറ്റക്രമം വഴിയും സമ്മര്‍ദ്ദം ലഘൂകരിക്കാം. മുപ്പതു ശതമാനമെങ്കിലും നല്ലപോലെ കുതിര്‍ത്ത തിന പോലുള്ള ധാന്യങ്ങള്‍ മൃദു ഭക്ഷണം , വിറ്റാമിന്‍, ധാതുലവണ മിശ്രിതങ്ങള്‍ എന്നിവ കൃത്യമായി നല്‍കണം. പുതുതായി വരുന്നവര്‍ക്കു മുമ്പു കൊടുത്തിരുന്ന ഭക്ഷണം തത് കാലം തുടരണം. ഭക്ഷണത്തില്‍ മാറ്റങ്ങള്‍ 1-2 ആഴ്ചകൊണ്ടുമതി. കൈത്തീറ്റ കൊടുത്തു വളര്‍ത്തിയിരുന്ന പക്ഷികള്‍ പെട്ടെന്ന് പ്രശ്‌നത്തില്‍പ്പെടും.

വിശേഷിച്ച് ദഹന പ്രശ്‌നങ്ങള്‍. നന്നായി കുതിര്‍ത്ത തിന, മുളപ്പിച്ച പയര്‍, ചീര, മല്ലിയില, തുളസിയില എന്നിവകൊണ്ടു തയാര്‍ ചെയ്ത സോഫ്റ്റ് ഫുഡ്, വിപണിയില്‍ നിന്നു വാങ്ങുകയോ സ്വന്തമായി തയാറാക്കുകയോ ചെയ്യാം.

റൊട്ടിപ്പൊടി, കോഴിമുട്ട തോടോടുകൂടിയത്, സോയ, വെളുത്തുള്ളി, എള്ളെണ്ണ, കോഡ് ലിവര്‍ ഓയില്‍, ധാതുലവണ മിശ്രിതം, പ്രോബയോട്ടിക്ക് തുടങ്ങിയവയും മൃദുഭക്ഷണത്തിലെ ഘടകങ്ങളാണ്. മൃദുഭക്ഷണം നല്‍കുമ്പോഴും മൊത്തം തീറ്റയുടെ 30 ശതമാനമെങ്കിലും ധാന്യമായിരിക്കണം. 40 ദിവസത്തെ ക്വാറന്റൈന്‍ കാലത്തെ തീറ്റക്രമം വെറ്ററിനറി ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം ക്രമീകരിക്കണം.

പുതിയവരുടെ ആരോഗ്യം പരിപാലിക്കുകയും നിലവിലുള്ളവര്‍ക്കു പുതിയവയില്‍ നിന്ന് രോഗം വരാതെ നോക്കുകയുമാണ് ക്വാറന്റൈന്‍ പ്രക്രിയയുടെ മറ്റൊരു ലക്ഷ്യം. പല സ്രോതസുകളില്‍ നിന്നു കൃത്യമായ ചരിത്രമറിയാതെയാണ് പക്ഷികളെ വാങ്ങുന്നത്.

ഇവ വളര്‍ന്നുവന്ന സാഹചര്യങ്ങളിലെ രോഗാണുക്കളുമായി സ്വാഭാവിക പ്രതിരോധശേഷി നേടിയവയാകാം, രോഗമില്ലാത്തവയാകാം. ചിലര്‍ രോഗാണുക്കള്‍ ഉള്ളില്‍ പ്രവേശിച്ചിട്ട് രോഗലക്ഷണം കാണിക്കാനുള്ള സമയമാകാത്തവയാകാം. മറ്റു ചിലര്‍ ലക്ഷണങ്ങള്‍ പ്രകടിപ്പിക്കാത്ത രോഗവാഹകരാകാം. രോഗാണുക്കള്‍ ഉള്ളിലുണ്ടെങ്കില്‍ ക്വാറന്റൈന്‍ സമയത്ത് ലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെടും. ചില പക്ഷികള്‍ സമ്മര്‍ദ്ദം കാരണം രോഗലക്ഷണങ്ങള്‍ കാണിച്ചുവെന്നും വരാം. അതി നാല്‍ ക്വാറന്റൈന്‍ സമയത്ത് ശാരീരിക പരിശോധനയും, കാഷ്ഠ, രക്തപരിശോധനയും നടത്തുകയും, നിരന്തരം നിരീക്ഷിക്കുകയും ചെയ്യണം. പൊതുവായ പ്രതിരോധ ചികിത്സാക്രമം വെറ്ററിനറി ഡോക്ടറുടെ സഹായത്തോടെ രൂപപ്പെടുത്തുകയും വേണം.

ഡോ. സാബിന്‍ ജോര്‍ജ്
അസിസ്റ്റന്റ് പ്രഫസര്‍, വെറ്ററിനറി കോളജ്, മണ്ണുത്തി
[email protected]
ഫോണ്‍: 9446203839