ബോസ്റ്റൺ: മലങ്കര ഓർത്തഡോക്സ് സഭയുടെ നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസന ഫാമിലി യൂത്ത് കോൺഫറൻസിന്റെ രജിസ്ട്രേഷൻ ക്യാന്പയിന് ബോസ്റ്റൺ സെന്റ് മേരീസ് ഓർത്തഡോക്സ് ഇടവകയിൽ ആഘോഷം. ഏപ്രിൽ ആറിന് ഫാ. അലക്സാണ്ടർ കുര്യന്റെ മുഖ്യ കാർമികത്വത്തിൽ നടന്ന കുർബാനയോടെ പരിപാടികൾ ആരംഭിച്ചു.
തുടർന്ന് നടന്ന സ്വാഗത സമ്മേളനത്തിൽ ഇടവക വികാരി ഫാ. റോയ് പി. ജോർജ്, കോൺഫറൻസ് ട്രഷറർ ജോൺ താമരവേലിൽ, ജോയിന്റ് സെക്രട്ടറി ഡോ. ഷെറിൻ എബ്രഹാം, മുൻ ട്രഷറർ മാത്യു ജോഷ്വ, ഫിനാൻസ് കമ്മിറ്റി അംഗം പ്രേംസി ജോൺ കക, സ്പോർട്സ് എന്റർൻമെന്റ് കമ്മിറ്റി അംഗം ഈതൻ കൂട്ടുമാത എന്നിവരെയും ഇടവക സെക്രട്ടറി വിജു പോൾ, ട്രഷറർ സുജ ഫിലിപ്പോസ്, ഭദ്രാസന അസംബ്ലി അംഗം സിബു തോമസ്, മലങ്കര അസോസിയേഷൻ അംഗം ബെഞ്ചമിൻ സാമുവൽ തുടങ്ങിയവരെയും ഫാ. റോയ് പി. ജോർജ് സ്വാഗതം ചെയ്തു.
സഭയുടെ വളർച്ചയിൽ യുവജനങ്ങളുടെ പങ്ക് നിർണായകമാണെന്നും അവരെ നേതൃത്വത്തിലേക്ക് കൊണ്ടുവരേണ്ടത് അത്യാവശ്യമാണെന്നും ജോൺ താമരവേലിൽ അഭിപ്രായപ്പെട്ടു. ഈ കോൺഫറൻസ് സഭയുടെ ഭാവിക്ക് മുതൽക്കൂട്ടാകുമെന്നും എല്ലാവരും സഹകരിക്കണമെന്നും അദ്ദേഹം അഭ്യർഥിച്ചു.
ഡോ. ഷെറിൻ എബ്രഹാം കോൺഫറൻസിന്റെ പ്രധാന വിവരങ്ങൾ പങ്കുവച്ചു. കോൺഫറൻസ് നടക്കുന്ന സ്ഥലം, തീയതി, മുഖ്യ പ്രഭാഷകർ എന്നിവരെക്കുറിച്ചും അവർ വിശദീകരിച്ചു. യുവജനങ്ങളുടെ പ്രാധാന്യം എടുത്തുപറഞ്ഞ ഡോ. ഷെറിൻ, എല്ലാവരും എത്രയും പെട്ടെന്ന് രജിസ്റ്റർ ചെയ്യണമെന്നും ആവശ്യപ്പെട്ടു.റജിസ്ട്രേഷൻ നടപടികളെക്കുറിച്ച് പ്രേംസി ജോൺ വിശദീകരിച്ചു.
21 വയസിൽ താഴെയുള്ളവർക്കുള്ള പ്രത്യേക കിഴിവുകളും അദ്ദേഹം അറിയിച്ചു. സ്പോൺസർഷിപ്പ് പാക്കേജുകളെക്കുറിച്ചും അതിന്റെ ഗുണങ്ങളെക്കുറിച്ചും മാത്യു ജോഷ്വ സംസാരിച്ചു. കോൺഫറൻസിന്റെ സുവനീറിനെക്കുറിച്ചും അദ്ദേഹം വിശദീകരിച്ചു.
ടാലന്റ് നൈറ്റിൽ എല്ലാവരും തങ്ങളുടെ കഴിവുകൾ പ്രകടിപ്പിക്കണമെന്നും വിവിധ കായിക മത്സരങ്ങളിൽ പങ്കെടുക്കണമെന്നും ഈതൻ കൂട്ടുമാത ആഹ്വാനം ചെയ്തു. ഇടവകാംഗങ്ങളുടെ ഭാഗത്തുനിന്ന് മികച്ച പ്രതികരണമാണ് കോൺഫറൻസിന് ലഭിക്കുന്നത്. ഫാ. റോയ് പി. ജോർജും കുടുംബവുമാണ് ആദ്യമായി രജിസ്റ്റർ ചെയ്തത്. ഡോ. സീമ ജേക്കബ് ഗോൾഡ് ലെവൽ സ്പോൺസർഷിപ് നൽകി.
സൈലേഷ് ചെറിയാൻ ഗ്രാന്റ് ലെവൽ സ്പോൺസർഷിപ്പ് നൽകി പിന്തുണ അറിയിച്ചു. ജോർജ് വർഗീസ്, സാറാ വർഗീസ് തുടങ്ങിയ നിരവധി പേർ രജിസ്റ്റർ ചെയ്യുകയും സുവനീറിൽ പരസ്യം നൽകുകയും വ്യക്തിഗത ആശംസകൾ അറിയിക്കുകയും ചെയ്തു.
എല്ലാവരും ഈ ആത്മീയ സമ്മേളനത്തിൽ പങ്കുചേരണമെന്ന് ഫാ. റോയ് പി. ജോർജ് അഭ്യർഥിച്ചു. ഇത് വിശ്വാസം ശക്തിപ്പെടുത്താനും കൂട്ടായ്മ വളർത്താനും സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.കോൺഫറൻസിന് പിന്തുണ നൽകുന്ന എല്ലാവർക്കും ജോൺ താമരവേലിൽ നന്ദി അറിയിച്ചു.
ജൂലൈ ഒന്പത് മുതൽ 12 വരെ കണക്ടിക്കട് ഹിൽട്ടൺ സ്റ്റാംഫർഡ് ഹോട്ടൽ & എക്സിക്യൂട്ടീവ് മീറ്റിംഗ് സെന്ററിലാണ് കോൺഫറൻസ് നടക്കുന്നത്. റവ. ഡോ. നൈനാൻ വി. ജോർജ്, റവ. ഡോ. റ്റിമത്തി (ടെന്നി) തോമസ്, ഫാ. ജോൺ (ജോഷ്വ) വർഗീസ്, റവ. ഡീക്കൻ അന്തോണിയോസ് (റോബി) ആന്റണി എന്നിവരാണ് മുഖ്യ പ്രഭാഷകർ.
""നമ്മുടെ പൗരത്വം സ്വർഗത്തിലാണ്, അവിടെനിന്നുള്ള ഒരു രക്ഷകനായ കർത്താവായ യേശുക്രിസ്തുവിനെ ഞങ്ങൾ ആകാംക്ഷയോടെ കാത്തിരിക്കുന്നു” (ഫിലിപ്പിയർ 3:20) എന്ന വേദവാക്യത്തെ അടിസ്ഥാനമാക്കി "പരദേശിയുടെ വഴി’ എന്നതാണ് ഈ വർഷത്തെ കോൺഫറൻസിന്റെ പ്രമേയം.
കുട്ടികൾക്കും യുവജനങ്ങൾക്കും മുതിർന്നവർക്കും പ്രത്യേകം ബൈബിൾ, വിശ്വാസം, പാരമ്പര്യം, സമകാലിക വിഷയങ്ങൾ എന്നിവയെക്കുറിച്ചുള്ള സെഷനുകൾ ഉണ്ടായിരിക്കും. ഫാമിലി & യൂത്ത് കോൺഫറൻസ് രജിസ്ട്രേഷനനിൽ നിന്ന് രജിസ്ട്രേഷനും കൂടുതൽ വിവരങ്ങൾക്കും www.fycnead.org സന്ദർശിക്കുക.
കൂടുതൽ വിവരങ്ങൾക്ക്: ഫാ. അബു വർഗീസ് പീറ്റർ (കോൺഫറൻസ് കോഓർഡിനേറ്റർ, ഫോൺ: 914 806 4595), ജെയ്സൺ തോമസ് (കോൺഫറൻസ് സെക്രട്ടറി, ഫോൺ: 917 612 8832), ജോൺ താമരവേലിൽ (കോൺഫറൻസ് ട്രഷറർ, ഫോൺ: 917 533 3566).