കോവിഡ് പോലെ മയക്കുമരുന്നു വ്യാപിക്കുന്പോൾ, നമ്മുടെ വീടിന്റെ സുരക്ഷ നമ്മുടെ മാത്രം ഉത്തരവാദിത്വമായിരിക്കുന്നു.
അവർ അവിടെയുണ്ട്, ഇവിടെയുണ്ട് എന്നു പറഞ്ഞിരുന്ന കാലം മാറി. ഇപ്പോഴാ മയക്കുമരുന്നു കച്ചവടക്കാർ നിങ്ങളുടെ വീടിന്റെ കതകിലാണു മുട്ടുന്നത്. അവർക്കു വേണ്ടത് നിങ്ങളുടെ മകനെയോ മകളെയോ സഹോദരനെയോ സഹോദരിയെയോ ആണ്. വിട്ടുകൊടുക്കില്ലെന്നു കേരളം പ്രതിജ്ഞയെടുക്കണം. സർക്കാരിന് യഥാസമയം തടയാനാവാതെപോയ മരണവ്യാപാരികൾ ഓരോ വീട്ടുപടിക്കലുമെത്തി. കേട്ടുകേൾവിയില്ലാത്തവിധമുള്ള അക്രമങ്ങൾ, കൊലപാതകങ്ങൾ, ലൈംഗികാതിക്രമങ്ങൾ... ആർക്കും തടയാനാകുന്നില്ല. കെണിയിൽപ്പെട്ട കുഞ്ഞുങ്ങളുടെ മാതാപിതാക്കൾ ഭയത്തിലാണ്. എതിർത്താൽ കൊല്ലാനും മടിയില്ലാത്തവരാണ് മയക്കുമരുന്ന് ഉപയോഗിക്കുന്നവരും കച്ചവടക്കാരുമെല്ലാം. ഈ മരണസംസ്കാരത്തിനെതിരേ യുദ്ധത്തിനിറങ്ങാൻ സമയമായി.
മയക്കുമരുന്നു വലയിൽ സ്വന്തം മക്കൾ കുടുങ്ങിയത് അറിയാതെപോയ ആയിരക്കണക്കിന് അച്ഛന്മാരിൽ ഒരാളായിരുന്നു വൈകുണ്ഠസ്വാമി ധർമ പ്രചാരണസഭ (വിഎസ്ഡിപി) നേതാവ് വിഷ്ണുപുരം ചന്ദ്രശേഖരൻ. അദ്ദേഹത്തിന്റെ മകനെ ലഹരിമരുന്നുമായി പോലീസ് സംഘം പിടിച്ചതറിഞ്ഞ് അദ്ദേഹം നടുങ്ങിപ്പോയി. അദ്ദേഹത്തിന് അതേക്കുറിച്ച് ഒരു സൂചനപോലും ഉണ്ടായിരുന്നില്ല. പക്ഷേ, പിന്നീടുണ്ടായത്, കേരളം ഇന്നുവരെ കണ്ടതിൽ ഏറ്റവും മാതൃകാപരമായ പ്രതികരണമായിരുന്നു. തന്റെ മൂത്ത മകനെ ലഹരിമരുന്നുകേസിൽ പൂവാർ പോലീസ് പിടികൂടിയെന്ന് അദ്ദേഹംതന്നെ ലോകത്തോടു പറഞ്ഞു. “സ്വന്തം മകനാണെങ്കിലും തെറ്റ് തെറ്റുതന്നെയാണ്. രക്ഷിക്കാൻ ഒരു ശ്രമവും നടത്തില്ല. നമ്മുടെ കുട്ടികളെ ലക്ഷ്യമിട്ട് ചെകുത്താന്മാർ വല വിരിച്ചിരിക്കുകയാണ്.”
ചെറിയ അളവിൽ എംഡിഎംഎ ആയിരുന്നതിനാൽ സ്റ്റേഷൻ ജാമ്യം ലഭിച്ച മകനെ ഒപ്പം നിർത്തി അദ്ദേഹം മാധ്യമങ്ങൾക്കു മുന്നിൽ സംസാരിച്ചു. താൻ തെറ്റു ചെയ്തെന്നും ഇനിയൊരിക്കലും ഇതുണ്ടാകില്ലെന്നും മകനും പറഞ്ഞു. മക്കളെ മയക്കുമരുന്നു കേസിൽ പിടിച്ചാലുടനെ പോലീസിനെയും മാധ്യമങ്ങളെയും ചീത്ത വിളിക്കുന്ന രാഷ്ട്രീയനേതാക്കളെയും അവരെ ന്യായീകരിക്കാൻ ചാടിപ്പുറപ്പെടുന്ന മന്ത്രിമാരെയുമൊക്കെ കണ്ടിട്ടുള്ള കേരളം ഈ പിതാവിനെ ആദരവോടെ കാണുന്നു. പോലീസെത്തുവോളം കാത്തിരിക്കരുത്. കോവിഡ് പോലെ മയക്കുമരുന്ന് പടരുകയാണ്. സർക്കാരിന്റെ പ്രതിരോധം എങ്ങുമെത്തിയില്ല. നമ്മുടെ വീടിന്റെ സുരക്ഷ നമ്മുടെ മാത്രം ഉത്തരവാദിത്വമായിരിക്കുന്നു.
എറണാകുളം ജില്ലയിലെ ഒന്‍പതാം ക്ലാസ് വിദ്യാർഥിനിയുടെ പിതാവ് കഴിഞ്ഞ ദിവസം ചാനൽ ചർച്ചയിൽ പങ്കെടുത്തു പറഞ്ഞത്, അദ്ദേഹത്തിന്റെ മകൾ ഉൾപ്പെട്ട ഹൈസ്കൂൾ വിദ്യാർഥികളുടെ മയക്കുമരുന്നുസംഘത്തെക്കുറിച്ചാണ്. മകൾക്കു മയക്കുമരുന്നു കൊടുക്കുന്ന കൗമാരസംഘത്തിലെ പത്താം ക്ലാസുകാരൻ, വിവരം അന്വേഷിക്കാൻ ചെന്ന അദ്ദേഹത്തോടു പറഞ്ഞത്, കൊന്നുകളയുമെന്നാണ്. നിസഹായനായ ആ പിതാവും പോലീസിനു പരാതി കൊടുത്തു കാത്തിരിക്കുന്നു. കൊല്ലപ്പെടുമോയെന്ന ഭയവും അദ്ദേഹത്തിനുണ്ട്. കഴിഞ്ഞ നാലഞ്ചു ദിവസത്തെ ഏതാനും സംഭവങ്ങൾ കേൾക്കുക.
ശാസ്താംകോട്ടയിൽ എംഡിഎംഎയും കഞ്ചാവുമായി യുവാവിനെ സ്വന്തം വീടിനടുത്തുനിന്നു പിടിച്ചത് അഞ്ചു ദിവസം മുന്‍പാണ്. രണ്ടു ദിവസം മുന്‍പാണ് ഒഡീഷയിൽനിന്നെത്തിച്ച രണ്ടു കോടി രൂപ വിലവരുന്ന രണ്ടു കിലോ ഹാഷിഷ് ഓയിലുമായി രണ്ടു പേരെ തൃശൂരിൽ പിടിച്ചത്. അതേദിവസം, വാളയാർ എക്സൈസ് ചെക്ക്പോസ്റ്റിൽ 200 മയക്കുമരുന്ന് ഗുളികകളുമായി തമിഴ്നാട് സ്വദേശിയെ അറസ്റ്റ് ചെയ്തു. 27നാണ് കായംകുളത്ത് അഞ്ചു കിലോ കഞ്ചാവുമായി യുവാവിനെ ജില്ലാ ലഹരിവിരുദ്ധ സ്ക്വാഡ് പിടിച്ചത്. അന്നുതന്നെ 20 ലക്ഷം രൂപ വിലവരുന്ന 550 ഗ്രാം എംഡിഎംഎയുമായി കൊണ്ടോട്ടിയിൽ യുവാവ് പിടിയിലായി.
രണ്ടു ദിവസം മുന്‍പാണ് കോഴിക്കോട് നഗരത്തിൽ എംഡിഎംഎ വിൽക്കുന്ന രണ്ടു പേരെ പിടിച്ചത്. കോഴിക്കോട്-ബംഗളൂരു സർവീസ് നടത്തുന്ന ബസിലെ ഡ്രൈവർമാരാണ് രണ്ടുപേരും. ഇരിങ്ങാലക്കുടയിൽ ജില്ലാ റൂറൽ പോലീസ് പരിധിയിൽ പോലീസ് പരിശോധനയിൽ ഒറ്റ ദിവസം രജിസ്റ്റർ ചെയ്തത് 31 കേസുകൾ! തൃശൂരിൽതന്നെ ആളൂർ പോലീസ് സ്റ്റേഷൻ പരിധിയിൽ നടത്തിയ പരിശോധനയിൽ രാസലഹരിയുമായി മൂന്നു പേരാണ് പിടിയിലായത്. കഴിഞ്ഞ നാലഞ്ചു ദിവസത്തെ രണ്ടോ മൂന്നോ ജില്ലകളിലെ ഏതാനും കേസുകളാണ് ഇവ. കേരളത്തിലെ ഒരു വീടും അപകടമേഖലയ്ക്കു പുറത്തല്ല.
പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ കഴിഞ്ഞദിവസം പറഞ്ഞത്, മദ്യത്തേക്കാൾ നാട്ടിൽ സുലഭമായി മയക്കുമരുന്ന് എന്നാണ്. കേട്ടുകേൾവിയില്ലാത്ത ക്രൂരതകളാണ് മയക്കുമരുന്നുപയോഗിക്കുന്നവർ നടത്തുന്നതെന്നും സർക്കാർ ഇതിനെതിരേ നടപടിയെടുത്താൽ പ്രതിപക്ഷത്തിന്റെ പൂർണ പിന്തുണയുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. എക്സൈസ് വകുപ്പിന്റെ കണക്കനുസരിച്ച് 2024ൽ ഡിസംബർ 18 വരെ 7,830 എന്‍ഡിപിഎസ് (നാര്‍കോട്ടിക് ഡ്രഗ്സ് ആന്‍ഡ് സൈകോട്രോപിക് സബ്സ്റ്റന്‍സ് ആക്ട്) കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. 7,691.53 ഗ്രാം ഹാഷിഷ് ഓയില്‍, 12,590.15 ഗ്രാം കഞ്ചാവ് ഭാംഗ്, 39.075 ഗ്രാം ചരസ്, 3,263.95 ഗ്രാം എംഡിഎംഎ എന്നിങ്ങനെ 2024ല്‍ പിടികൂടി. 2016 മുതൽ 2022 വരെയുള്ള കണക്കനുസരിച്ച്, ലഹരിക്കേസുകളിൽ സംസ്ഥാനത്ത് 360 ശതമാനം വർധനയുണ്ടായെന്നും റിപ്പോർട്ടുകളുണ്ട്.
ഫെബ്രുവരി ആദ്യമാണ് കോട്ടയത്ത് തട്ടുകടയിൽ പോലീസുകാരനെ മയക്കുമരുന്നടിച്ചവൻ ചവിട്ടിക്കൊന്നത്. ഇത്തരക്കാർക്ക് ആരെയും കൊല്ലാൻ മടിയില്ലാതായി. മയക്കുമരുന്നു കഴിച്ചവർ എന്തു ചെയ്താലും പ്രതികരിക്കാൻ ജനത്തിനും പോലീസിനും ഭയമായി. മയക്കുമരുന്നു മാഫിയ പോലീസിനെയും വെറുതേ വിടില്ലെന്ന് ‘ഓഫീസർ ഓൺ ഡ്യൂട്ടി’ എന്ന സിനിമ ഓർമിപ്പിക്കുന്നു. സിനിമാക്കഥകളെ വെല്ലുന്ന ക്രൂരതകളാണ് കേരളത്തിൽ സമീപകാലത്ത് അരങ്ങേറുന്നത്. സംസ്ഥാനത്തെ കുറ്റകൃത്യങ്ങളിൽ മയക്കുമരുന്നിന്റെ സ്വാധീനം എത്രയുണ്ടെന്നു കണക്കെടുക്കേണ്ടതാണ്. അല്ലെങ്കിൽ രോഗമറിഞ്ഞു ചികിത്സിക്കാനാവില്ല. ഇന്നത്തെ രീതിയിലുള്ള ബോധവത്കരണവും ഓപ്പറേഷൻ ഡി ഹണ്ടുമൊക്കെ തുടരട്ടെ. പക്ഷേ, കേരളത്തിലെ മയക്കുമരുന്നു വ്യാപനവും അനുബന്ധ കുറ്റകൃത്യങ്ങളും തടയാൻ അതൊന്നും പര്യാപ്തമല്ല. ലഹരിമാഫിയയും പോലീസും രാഷ്ട്രീയക്കാരുമായുള്ള കൂട്ടുകെട്ടില്ലാതെ ഇതിങ്ങനെ വളരില്ലെന്നുകൂടി ഓർമിപ്പിക്കട്ടെ.
അമേരിക്കൻ എഴുത്തുകാരൻ ഫിലിപ് ഡിക് പറയുന്നത്, മയക്കുമരുന്നുപയോഗം ഒരു രോഗമല്ല, തീരുമാനമാണ് എന്നാണ്; ഓടിക്കൊണ്ടിരിക്കുന്ന വാഹനത്തിനു മുന്നിലേക്ക് എടുത്തുചാടാൻ തീരുമാനിക്കുന്നതുപോലെ. കേരളത്തിൽ മരണത്തിലേക്ക് എടുത്തുചാടാൻ തീരുമാനിച്ചവരുടെ എണ്ണം വർധിച്ചു; ആൺ-പെൺ വ്യത്യാസമില്ലാതെ. സർക്കാരും പൊതുജനങ്ങളും ചേർന്ന് അടിയന്തര ഇടപെടലുണ്ടാകണം. മയങ്ങുന്ന യുവത്വത്തെ വീണ്ടെടുക്കാൻ കേരളം മയക്കംവിട്ടുണരണം.