കനാൽവെള്ളത്തിൽ വീണ മൂന്നു വയസുകാരനെ രക്ഷിച്ച പത്തുവയസുകാരിയായ ഏയ്ഞ്ചലിന് ഇന്ത്യൻ കൗണ്‍സിൽ ഫോർ ചൈൽഡ് വെൽഫെയറിന്റെ (ഐസിസിഡബ്ല്യു) ദേശീയ ധീരതാ പുരസ്കാരം.
മെഡലും പ്രശസ്തിപത്രവും 75,000 രൂപയും അടങ്ങുന്നതാണ് കൗൺസിലിന്റെ ധീരതയ്ക്കുള്ള ഏകലവ്യ പുരസ്കാരം.
രാമവർമപുരം പള്ളിമൂലയിൽ തുത്തിക്കാട്ടിൽ ലിന്റോയുടെ മകൻ മൂന്നുവയസുകാരൻ അനയ് വീടിനു സമീപത്തുകൂടി കടന്നുപോകുന്ന കനാലിൽ വീണ് ഒഴുകിപ്പോകുന്നതു കണ്ടാണ് കനാലിലേക്ക് എടുത്തു ചാടി എയ്ഞ്ചൽ രക്ഷിച്ചത്. കുട്ടി വീഴുന്നതു കണ്ട മറ്റു കുട്ടികളുടെ കരച്ചിൽ കേട്ടാണ് ഏയ്ഞ്ചൽ ഓടിയെത്തിയത്.
തൃശൂർ ദേവമാതാ സിഎംഐ പബ്ലിക് സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർഥിനിയായ ഏയ്ഞ്ചൽ പള്ളിമൂല മണ്ണാത്ത് ജോയ് - ലിഡിയ ദമ്പതികളുടെ മകളാണ്. സഹോദരങ്ങളായ ജ്യുവൽ എട്ടാംക്ലാസിലും ഏബൽ ക്രിസ് ഒന്നാം ക്ലാസിലും ദേവമാതയിലെ തന്നെ വിദ്യാർഥികളാണ്.
പുരസ്കാര ജേതാവിനെ ദേവമാത പ്രൊവിൻഷ്യൽ ഫാ. ഡേവീസ് പനയ്ക്കലും പ്രിൻസിപ്പൽ ഫാ. സണ്ണി പുന്നേലിപ്പറമ്പിലും അഭിനന്ദിച്ചു.