ഇംഗ്ലണ്ടിലെ സ്വേച്ഛാധിപത്യരാജവാഴ്ചയിൽനിന്ന് വ്യക്തിസ്വാതന്ത്ര്യത്തിലധിഷ്ഠിതമായ പാർലമെന്ററി ജനാധിപത്യത്തിലേക്ക് നയിച്ച വിപ്ലവമാണ് മഹത്തായ വിപ്ലവം അഥവ, രക്തരഹിതവിപ്ലവം എന്നറിയപ്പെടുന്നത്.
മറ്റൊരുതരത്തിൽ വ്യാഖ്യാനിച്ചാൽ ഫ്യൂഡൽ ഭൂവുടമസ്ഥരുടെ കൈയിൽനിന്ന് പുതുതായി ഉടലെടുത്ത മധ്യവർഗത്തിന്റെ - ബൂർഷ്വാസിയുടെ കൈയിലേക്കുള്ള രാഷ്ട്രീയാധികാര കൈമാറ്റം. ഫ്യൂഡൽ വ്യവസ്ഥിതിയുടെ മേൽ മുതലാളിത്തത്തിന്റേതായ പുതിയൊരു സാമൂഹ്യവ്യവസ്ഥിതിയുടെ വിജയം. ഈ വിപ്ലവമാണ് ഇംഗ്ലണ്ടിനെ പുരോഗമനപരമായ ഒരു രാഷ്ട്രവും ലോകത്തിലെ ഒന്നാമത്തെ ശക്തിയും ആക്കിയത്. ഈ വിപ്ലവം ലോകത്തിനു നല്കിയ മഹത്തായ സംഭാവനകളാണ് പാർലമെന്റെറി ജനാധിപത്യം, തദ്ദേശസ്വയംഭരണം, വ്യക്തിസ്വാതന്ത്ര്യം, അഭിപ്രായസ്വാതന്ത്ര്യം തുടങ്ങിയവ.
1688നുശേഷം രാജവാഴ്ചയുടെ പദവിയും പ്രൗഢിയും നിലനിർത്തിയെങ്കിലും അതിന് അധികാരം നഷ്ടപ്പെടുത്തിയ നിയന്ത്രണം ഒരു നിയമ പരന്പരയിലൂടെയാണ് പ്രഖ്യാപിക്കപ്പെട്ടത്. ഇവയിൽ പ്രധാനപ്പെട്ടത് 1689ലെ അവകാശനിയമം (Bill of Rights) ആണ്.
അന്നു മുതൽ ഇംഗ്ലണ്ടിൽ രാജാവ് വാഴുന്നേ ഉള്ളൂ ഭരിക്കുന്നില്ല. ഇംഗ്ലണ്ട് കിരീടം ധരിച്ച ഒരു റിപ്പബ്ലിക്കായിത്തീർന്നു.
പി.വി. എൽദോ
ഗവ. വൊക്കേഷണൽ എച്ച്എസ്എസ്, തൊടുപുഴ