ജലമലിനീകരണം
ജീവജാലങ്ങൾക്ക് ഉപയോഗിക്കാൻ കഴിയാത്തവിധം പലതരത്തിൽ ജലം മലിനമാകുന്ന പ്രക്രിയയെ ജലമലിനീകരണം എന്ന് വിളിക്കാം. ജലം മലിനമാകുന്നത് പ്രധാനമായും രണ്ട് മാർഗങ്ങളിലൂടെയാണ്.
പ്രകൃതിദുരന്തങ്ങളുടെ ഫലമായി (ഉദാ. ഉരുൾപൊട്ടൽ, ഭൂകന്പം, വെള്ളപ്പൊക്കം)
മനുഷ്യനുൾപ്പെടെയുള്ള ജീവജാലങ്ങളുടെ പ്രവർത്തനഫലമായി.
അനിയന്ത്രിതമായിക്കൊണ്ടിരിക്കുന്ന ജനപ്പെരുപ്പവും മനുഷ്യന്റെ വിവേചനരഹിതമായ പ്രവർത്തനങ്ങളുമാണ് ജലമലിനീകരണത്തിന്റെ പ്രധാനകാരണങ്ങൾ. കൃഷി, വ്യവസായം, നിർമാണം, സീവേജ് തുടങ്ങിയ മേഖലകളിൽനിന്നുള്ള മാലിന്യങ്ങളാണ് കൂടുതലായും ജലസ്രോതസുകളെ വിഷലിപ്തമാക്കുന്നത്.
ജലമലിനീകാരകങ്ങൾ (water pollutants)
സസ്യങ്ങളുടെയും ജന്തുക്കളുടെയും ശരീരഭാഗങ്ങൾ ചീയുന്നതുമുഖേനയുണ്ടാകുന്ന ജൈവപദാർഥങ്ങൾ.
വീടുകൾ, ഹോട്ടലുകൾ, അറവുശാലകൾ എന്നിവിടങ്ങളിൽനിന്നുള്ള പലതരം അവശിഷ്ടങ്ങൾ.
സീവേജ് മാലിന്യങ്ങൾ അവയെ വിഘടിപ്പിക്കുന്ന ബാക്ടീരിയകൾ.
വ്യവസായശാലകളിൽനിന്നുള്ള എണ്ണ, ഗ്രീസ്.
പേപ്പർമില്ലുകളിലും, തുകൽ സംസ്കരണശാലകളിലും, തുണിമില്ലുകളിലും നിന്നുള്ള അവശിഷ്ടങ്ങൾ.
ഡിറ്റർജന്റുകൾ.
ഉപ്പുവെള്ളത്തിന്റെ സാമീപ്യം മൂലം കപ്പലിന് കേട് സംഭവിക്കാതിരിക്കാൻ ഉപയോഗിക്കുന്ന പെയിന്റിൽ അടങ്ങിയിരിക്കുന്ന ട്രൈബ്യൂട്ടിൽ ടിൻ (TBT).
പെട്രോളിയം ഖനനത്തിനിടെ സമുദ്രത്തിൽ കലരുന്ന എണ്ണ.
കൃഷിയിടങ്ങളിൽ ഉപയോഗിക്കുന്ന രാസവളങ്ങൾ, കളനാശിനികൾ, കീടനാശിനികൾ.
ഘനലോഹങ്ങളായ ലെഡ്, കാഡ്മിയം, മെർക്കുറി, ആർസെനിക് ക്രോമിയം, കോപ്പർ, സെലിനിയം, സിങ്ക് തുടങ്ങിയവ ജല സ്രോതസുകളിലെത്തുന്നത്.
കൽക്കരി, ചെന്പ്, നിക്കൽ ഖനികളിൽനിന്നും സൾഫ്യൂരിക് അമ്ലം കലർന്ന ജലം തൊട്ടടുത്ത ജലസ്രോതസുകളിലെത്തുന്നത്.
കൃഷിയിടങ്ങളിൽ പ്രയോഗിക്കുന്ന രാസവളങ്ങളിൽ അടങ്ങിയിരിക്കുന്ന ഫോസ്ഫേറ്റ്, നൈട്രേറ്റ് തുടങ്ങിയ പോഷകങ്ങൾ മഴ വെള്ളത്തിലൂടെ ജലാശയങ്ങളിലെത്തിച്ചേരുന്നത്.
പവർ പ്ലാന്റുകളിൽനിന്നും ചില വ്യവസായശാലകളിൽനിന്നും പുറന്തള്ളുന്ന മാലിന്യങ്ങൾ.
ന്യൂക്ലിയർ പവർ പ്ലാന്റുകളിൽനിന്നുള്ള ഇന്ധനങ്ങളെ പുനഃചംക്രമണം നടത്തുന്ന വ്യവസായ ശാലകളിൽനിന്നും റേഡിയോ ആക്ടീവതയുള്ള വസ്തുക്കൾ ജലത്തിൽ കലരുന്നത്.
അഗ്നിപർവത സ്ഫോടനത്തിന്റെ ഫലമായുണ്ടാകുന്ന കരിയും ചാരവും.
ചെളി, മണ്ണ്, എക്കൽ തുടങ്ങിയ ഖരവസ്തുക്കൾ അടിഞ്ഞുകൂടുന്നത്.
ജൈവഅധിനിവേശം അഥവാ വിദേശസ്പീഷിസുകളായ സസ്യജന്തുജാലങ്ങളുടെ കുടിയേറ്റം. ഉദാ. കുളവാഴ, ആഫ്രിക്കൻ പായൽ.
തുറസായ സ്ഥലങ്ങളിലെ വിസർജനം.
മലിനജലനിർമാർജനം ശരിയായ വിധത്തിൽ നടപ്പാക്കാത്തത്.
ജലമലിനീകരണത്തിന്റെ ദൂഷ്യഫലങ്ങൾ
ജലമലിനീകരണം പലതരം രോഗാണുക്കളുടെ വർധനയ്ക്കു കാരണമാകുന്നു. ഇത് മഞ്ഞപ്പിത്തം, ടൈഫോയ്ഡ്, കോളറ എന്നിവ പടർന്നുപിടിക്കുന്നതിന് കാരണമാകുന്നു.
ഭക്ഷണ പദാർഥങ്ങളുടെ അവശിഷ്ടങ്ങളും സീവേജ് മാലിന്യങ്ങളും ജലാശയത്തിൽ എത്തിച്ചേരുന്പോൾ ബാക്ടീരിയകളുടെ സഹായത്താൽ വിഘടിപ്പിക്കപ്പെടുന്നു. ഇതിനായി ജലത്തിൽ അടങ്ങിയിരിക്കുന്ന ഓക്സിജനെ പൂർണമായും ബാക്ടീരിയകൾ ഉപയോഗപ്പെടുത്തുന്നതിനാൽ ജലജീവികൾക്ക് ശ്വസനത്തിന് ആവശ്യമായ ഓക്സിജൻ ലഭിക്കാതെ വരുന്പോൾ അവയുടെ നാശത്തിന് കാരണമാകും.
ഗ്രീസ്, എണ്ണ, പേപ്പർ മില്ലുകളിലും, തുകൽസംസ്കരണശാലകളിലും തുണിമില്ലുകളിലും നിന്നുള്ള അവശിഷ്ടങ്ങൾ, ഡിറ്റർജന്റുകൾ എന്നിവ ജലാശയത്തിൽ കലരുന്പോൾ പ്രകാശരശ്മികൾക്ക് ജലാന്തർഭാഗത്ത് എത്താൻ കഴിയാതെ വരുകയും ഇത് അവിടെയുള്ള സസ്യജീവജാലങ്ങളുടെ വളർച്ചയെ പ്രതികൂലമായി ബാധിക്കുകയും ചെയ്യുന്നു.
കപ്പലിന് കേട് സംഭവിക്കാതിരിക്കാൻ ഉപയോഗിക്കുന്ന പെയിന്റിൽ അടങ്ങിയിരിക്കുന്ന ട്രൈബ്യൂട്ടിലിൻ (TBT) സമുദ്രജീവികളുടെ നിലനിൽപ്പിന് ഭീഷണിയാകുന്നു.
പെട്രോളിയം ഖനനത്തിനിടെ സമുദ്രത്തിൽ കലരുന്ന എണ്ണ പാടപോലെ ജലോപരിതലത്തിൽ പടരുന്നത് സമുദ്ര ഇക്കോവ്യൂഹത്തെ പ്രതിസന്ധിയിലാക്കുന്നു.
കൃഷിയിടങ്ങളിൽ ഉപയോഗിക്കുന്ന രാസവളങ്ങൾ, കളനാശിനികൾ, കീടനാശിനികൾ എന്നിവ ജലത്തിൽ കലരുന്നത് ജലജീവികൾക്കും സസ്യങ്ങൾക്കും ഭീഷണി സൃഷ്ടിക്കുന്നു.
രാസവളങ്ങളിൽ അടങ്ങിയിരിക്കുന്ന ഫോസ്ഫേറ്റ്, നൈട്രേറ്റ് തുടങ്ങിയ പോഷകങ്ങൾ ജലാശയങ്ങളിൽ എത്തിച്ചേരുന്നത് ആൽഗകൾ പോലുള്ള ജലസസ്യങ്ങളുടെവളർച്ചയ്ക്ക് കാരണമാകുന്നു. ഇത് ജലാശയത്തിന്റെ അടിത്തട്ടിൽ വളരുന്ന സസ്യജന്തുജാലങ്ങളുടെ വളർച്ചയെ പ്രതികൂലമായി ബാധിക്കുന്നു.
പവർ പ്ലാന്റുകളിൽനിന്നും വ്യവസായശാലകളിൽനിന്നും പുറന്തള്ളുന്ന മാലിന്യങ്ങൾ ജലത്തിന്റെ താപനില വർധിപ്പിക്കുന്നു. ഇത് ജലത്തിന്റെ ഓക്സിജൻ ലേയത്വത്തെ കുറയ്ക്കും. അത് മത്സ്യങ്ങളടക്കമുള്ള ജലജീവികളുടെ നിലനില്പിനെ പ്രതിസന്ധിയിലാക്കും.
ന്യൂക്ലിയർ പവർ പ്ലാന്റുകളിൽനിന്നുള്ള റേഡിയോ ആക്ടീവതയുള്ള വസ്തുക്കൾ ജലത്തിൽ കലരുന്പോൾ ഭക്ഷ്യശ്യംഖലയിലൂടെ മനുഷ്യരിലെത്തുകയും കാൻസർ പോലുള്ള മാരക രോഗങ്ങൾക്കും ജനിതകരോഗങ്ങൾക്കും കാരണമാകുന്നു.
ജൈവഅധിനിവേശം (കുളവാഴ, ആഫ്രിക്കൻ പായൽ) ജലസ്രോതസുകളെ നശിപ്പിക്കുന്നു.
ഗൗരവമായ തോതിൽ ജലമലിനീകരണം നേരിടുന്ന രാജ്യമാണ് ഇന്ത്യ. ഇന്ത്യയിൽ കാണപ്പെടുന്ന രോഗങ്ങളിൽ മൂന്നിൽ രണ്ടു ഭാഗവും ജലജന്യമാണ്. ടൈഫോയ്ഡ്, കോളറ, ആമാശയവീക്കം, ഹെപറ്റൈറ്റിസ് എന്നിങ്ങനെ നിരവധി പകർച്ച വ്യാധികളാണ് ഇതുമൂലം ഉണ്ടാകുന്നത്. അനുദിനം വർധിച്ചുകൊണ്ടിരിക്കുന്ന ജനസംഖ്യയും വ്യാവസായികോത്പാദനവും ജലമലിനീകരണത്തിന്റെ തോത് വർധിപ്പിക്കുന്നു. രാസവസ്തുക്കളുടെ നിർമാണത്തിൽ ലോകരാഷ്ട്രങ്ങൾക്കിടയിൽ ഇന്ത്യയ്ക്ക് രണ്ടാം സ്ഥാനമാണ്. ഇന്ത്യയിലെ പ്രധാന നദികളായ ഗംഗ, യമുന, കൃഷ്ണ, ഗോദാവരി, കാവേരി, മഹാനദി എന്നിവയെല്ലാം തന്നെ വർധിച്ച തോതിൽ മലിനീകരണ ഭീഷണി നേരിടുന്നു.
ഗംഗ, യമുന തുടങ്ങിയ നദികളിലെ ജലം കുളിക്കാൻ പോലും ഉപയുക്തമാകില്ല എന്നാണ് കേന്ദ്രമലിനീകരണ നിയന്ത്രണസമിതി (central pollution control board - CPCB) യുടെ കണ്ടെത്തൽ. 2525 കിലോമീറ്റർ നീളമുള്ള ഗംഗയുടെ 600 കിലോമീറ്റർ ഭാഗം മാരകമായി മലിനമാണ്. ഇതിന്റെ ഭാഗമായിട്ടാണ് ഗംഗാനദിയെ ശുദ്ധീകരിക്കാൻ ഗംഗാനദി ശുദ്ധീകരണ പദ്ധതിക്ക് (Ganga River Action Plan) സർക്കാർ രൂപം നല്കുകയും പദ്ധതിക്കായി 900 കോടി രൂപ വകയിരുത്തുകയും ചെയ്തു.
കേന്ദ്രമലിനീകരണ നിയന്ത്രണബോർഡാണ് ഇന്ത്യയിൽ ജലത്തിന്റെ ഗുണമേന്മ നിരീക്ഷിക്കാൻ ഉത്തരവാദപ്പെട്ട സ്ഥാപനം. 1982 ലെ കണക്കനുസരിച്ച് ഇന്ത്യയിലെ ഉപരിതലജലത്തിന്റെ 70 ശതമാനം മലിനമാണ്. ഇന്ത്യയിലെ ഏറ്റവും മലിനമായ നദി ദാമോദർ നദിയാണ്. ഇന്ത്യയിലെ ഏറ്റവും ചെറിയ സംസ്ഥാനങ്ങളിൽ ഒന്നായ കേരളത്തിൽ പെരിയാർ നദിയുടെ കരകളിലാണ് കേരളത്തിന്റെ വൻകിട വ്യവസായങ്ങളിൽ കൂടുതലും സ്ഥിതിചെയ്യുന്നത്. വ്യവസായങ്ങളിലെ ഒട്ടനവധി മാലിന്യങ്ങൾ ഈ പുഴ സ്വീകരിക്കുന്നു. മാവൂർ ഗ്വാളിയോർ റയോണ്സിൽ നിന്നുള്ള മലിനീകരണം മൂലം ചാലിയാർ മലിനീകരിക്കപ്പെട്ടത് വൻ പ്രക്ഷോഭങ്ങൾക്ക് വഴി തെളിച്ചിരുന്നു.
ഇന്ത്യയിലെ 16 സംസ്ഥാനങ്ങളിലായി 22 സ്ഥലങ്ങളിൽ ഭൗമ ജലമലിനീകരണ പ്രശ്നമുണ്ടെന്ന് വനം പരിസ്ഥിതി മന്ത്രാലയം കണ്ടെത്തിയിട്ടുണ്ട്. ബാക്ടീരിയ മൂലമുള്ള മലിനീകരണം കാണപ്പെടുന്ന സ്ഥലങ്ങളാണ് ഹൗറ, ദുർഗാപുർ, സീൻഗ്രൗലി, കൊച്ചി, നജാഫ്ഗഢ് ബേസിൻ, വിശാഖപട്ടണം എന്നിവ. പല വ്യവസായിക പ്രദേശങ്ങളിലും തദ്ദേശീയർ ജലമലിനീകരണത്തിനെതിരേ പ്രതിഷേധിക്കാൻ തുടങ്ങിയിട്ടുണ്ട്. ചില കേസുകളിൽ കോടതി ഇടപെടുകയും മലിനീകരണം നടത്തുന്ന വ്യവസായശാലകൾ അടച്ചുപൂട്ടാൻ ഉത്തരവിടുകയും ചെയ്തിട്ടുണ്ട്.
മണ്ണ് മലിനീകരണം
മനുഷ്യജന്യമായ പ്രവർത്തനങ്ങളിലൂടെ സൃഷ്ടിക്കപ്പെടുന്ന വിഷപദാർഥങ്ങൾ, ജൈവവിഘടനത്തിന് വിധേയമാവാത്ത വസ്തുക്കൾ എന്നിവ കലരുന്നതിലൂടെ മണ്ണിന്റെ സ്വാഭാവികമായ ജൈവഘടന തകരാറിലാകുന്ന പ്രക്രിയയാണ് മണ്ണ് മലിനീകരണം.
മണ്ണ് മലിനീകരണത്തിന് കാരണമാവുന്ന ഘടകങ്ങൾ
കീടനാശിനികളുടെയും കളനാശിനികളുടെയും പ്രയോഗം.
എണ്ണ മലിനീകരണം (Oil Spill).
കൽക്കരിപ്പൊടിയുടെയും മറ്റു വ്യാവസായിക മാലിന്യങ്ങളുടെയും നിക്ഷേപം.
ഭൂമിക്കടിയിൽ സ്ഥാപിതമായിരിക്കുന്ന സംഭരണ ടാങ്കുകളിൽനിന്നുമുള്ള എണ്ണച്ചോർച്ച.
പോളിന്യൂക്ലിയർ ആരോമാറ്റിക് ഹൈഡ്രോ കാർബണുകൾ (poly nuclear aromatic hydrocarbons), പെട്രോളിയം, ഹൈഡ്രോകാർബണുകൾ, കറുത്തീയം (lead), നാഫ്തലിൻ (Naphthalene), ബെൻസോപൈറീൻ (Benzo Pyrene).
ഓർഗാനിക് ലായകങ്ങൾ (Organic solvents).
കീടനാശിനികൾ: ഡിഡിറ്റി, എച്ച്സി, ക്ലോറിനേറ്റഡ് ഹൈഡ്രോകാർബണുകൾ, ഓർഗാനോ ഫോസ്ഫേറ്റുകൾ, അൾഡ്രിൻ, മാലത്തിയോൻ, ഡൈ എൽഡ്രിൻ, ഫ്യൂരിഡാൻ, ഗമാക്സിൻ
ഘനലോഹങ്ങൾ: ആർസെനിക് (Arsenic), കാഡ്മിയം (cadmium), ക്രോമിയം (Chromium), കറുത്തീയം (lead), രസം (Mercury), സിങ്ക് (Zinc).
കൃത്രിമ വളങ്ങൾ: അമോണിയം നൈട്രേറ്റ്, ഫോസ്ഫറസ് പെന്റോക്സൈഡ്, റോക്ക് ഫോസ്ഫേറ്റ്.
മണ്ണുമലിനീകരണം മൂലമുള്ള ആരോഗ്യ പ്രശ്നങ്ങൾ
ക്രോമിയം, കറുത്തീയം തുടങ്ങിയ ലോഹങ്ങൾ, പെട്രോളിയം, വിവിധതരം ഓർഗാനിക് ലായകങ്ങൾ (organic solvents), കീടനാശിനികൾ, കളനാശിനികൾ എന്നിവ മിക്കവാറും അർബുദജന്യങ്ങളാണ്. ഗർഭസ്ഥശിശുക്കളിൽ വൈകല്യങ്ങൾ സൃഷ്ടിക്കുന്നതിലൂടെ തലമുറകളോളം നീളുന്ന ദുരന്തങ്ങൾ സൃഷ്ടിക്കാൻ ഇവയ്ക്കു കഴിയും.
ബെൻസീനുമായി ദീർഘനാൾ സന്പർക്കത്തിലേർപ്പെടുന്നത് രക്താർബുദത്തിന്റെ സാധ്യത വർധിപ്പിക്കും.
രസം (Mercury), സൈക്ലോഡൈയീനുകൾ (Cyclodienes) എന്നിവ ഗുരുതരമായ വൃക്കനാശത്തിന് ഇടയാക്കുന്നു.
പോളിക്ലോറിനേറ്റഡ് ബൈഫിനൈൽസും (Polychlorinated biphenyls - PCBC), സൈക്ലോഡയിനുകളും കരൾരോഗങ്ങൾക്ക് കാരണമാകുന്നു.
ഓർഗാനോ ഫോസ്ഫേറ്റുകളും, കാർബണേറ്റുകളും നാഡീവ്യവസ്ഥയെയും പേശികളെയും ബാധിക്കുന്നു.
ക്ലോറിൻ അടങ്ങിയ ലായകങ്ങൾ വ്യക്കകളെയും കേന്ദ്രനാഡീവ്യവസ്ഥയെയും തകരാറിലാക്കും.
പരിഹാര മാർഗങ്ങൾ
മലിനീകരിക്കപ്പെട്ട മണ്ണ് നീക്കം ചെയ്യൽ (Excavation of soil). മനുഷ്യരുമായി നേരിട്ട് സന്പർക്കത്തിൽ വരാത്തതോ ജനബാഹുല്യമില്ലാത്തതോ ആയ സ്ഥലങ്ങളിലേക്ക് മലിനീകരിക്കപ്പെട്ട മണ്ണ് നീക്കം ചെയ്യുക.
വായുസഞ്ചാരം സൃഷ്ടിക്കൽ (Aeration of soil). മലിനീകരിക്കപ്പെട്ട മണ്ണിന്റെ സ്വാഭാവിക ഘടനയെ പുനരുജ്ജീവിപ്പിക്കുന്നതിനായി വായു സഞ്ചാരം സൃഷ്ടിക്കുന്നതിനായുള്ള മാർഗങ്ങൾ കൃത്രിമമായി സ്വീകരിക്കുക.
മണ്ണിനെ ചൂടു പിടിപ്പിക്കൽ (Thermal remediation). മണ്ണിലെ ബാഷ്പീകരണ(Volatile) ശീലമുള്ള മാലിന്യങ്ങളെ നീക്കം ചെയ്യുന്നതിനായി താപം കടത്തിവിടുന്ന പ്രക്രിയ.
ബയോറെമഡിയേഷൻ (Bio remediation). മണ്ണ് മലിനീകരണം മൂലം നശിപ്പിക്കപ്പെട്ട മണ്ണിലെ സൂക്ഷ്മജീവികളെ (soil Biota) തിരികെ കൊണ്ടുവരുന്നതിനുള്ള പ്രവർത്തനം.
ജലശുദ്ധീകരണം. മണ്ണിൽനിന്നും ബാഷ്പരൂപത്തിലെ ജലമോ ഭൂഗർഭ ജലമോ വലിച്ചെടുക്കുകയും അതിൽ നിന്നും മാലിന്യങ്ങളെ നീക്കം ചെയ്യുകയും ചെയ്യുന്നു.
ഫൈറ്റോറെമഡീയേഷൻ (phytoremediation). മണ്ണിൽ അടങ്ങിയിരിക്കുന്ന ഘനലോഹമൂലകങ്ങളെ നീക്കം ചെയ്യാൻ ചില പ്രത്യേകതരം ചെടികളെ വളർത്തുന്നതിലൂടെ സാധ്യമാവും. ഉദാ: വില്ലോ (Willow) മരം
അടച്ചുസൂക്ഷിക്കൽ (containment). മലിനീകരിക്കപ്പെട്ട മണ്ണിന്റെ അവശിഷ്ടങ്ങളെ അടച്ചുസംരക്ഷിക്കുക.
ഇ-വേസ്റ്റ്
പഴക്കം ചെന്നതും കേടായതും ഉപയോഗശൂന്യമായതുമായ ഇലക്ട്രോണിക് വസ്തുക്കളെ ഇലക്ട്രോണിക് മാലിന്യങ്ങളുടെ ഗണത്തിൽപ്പെടുത്തും. ഇവ കുന്നുകൂടി ഉണ്ടാകുന്ന പരിസ്ഥിതി പ്രശ്നങ്ങളെ സൂചിപ്പിക്കാൻ ഇ-വേസ്റ്റ് എന്ന വാക്ക് ഉപയോഗിക്കുന്നു.
ഇ-വേസ്റ്റ്
കംപ്യൂട്ടറുകൾ
മൊബൈൽഫോണുകൾ
ടെലിവിഷനുകൾ
സി.ഡി.കൾ
ഫ്ലോപ്പി ഡിസ്ക്കുകൾ
ഇലക്ട്രോണിക് വേസ്റ്റുകളിൽനിന്ന് ചുറ്റുപാടുമുള്ള മണ്ണിലും ജലത്തിലുമെല്ലാം കലരുന്ന ഘനലോഹങ്ങൾ ഈയം, രസം (മെർക്കുറി), കാഡ്മിയം തുടങ്ങിയവ പരിസ്ഥിതി പ്രശ്നങ്ങൾക്ക് കാരണമാകുന്നു.
ആഗോളതലത്തിൽ പ്രതിവർഷം 20 മുതൽ 50 വരെ ദശലക്ഷം ടണ് മാരകങ്ങളായ ഇ-മാലിന്യങ്ങളാണ് ഉത്പാദിപ്പിക്കപ്പെടുന്നത്. ഇന്ത്യയിൽ പ്രതിവർഷം ഒന്നര ലക്ഷം ടണ് ഇ-മാലിന്യങ്ങൾ സൃഷ്ടിക്കപ്പെടുന്നതായി കണക്കാക്കപ്പെടുന്നു. ഏതാനും വർഷങ്ങൾക്കുള്ളിൽ ഇത് എട്ട് ലക്ഷം ടണ്ണായി വർധിക്കുമെന്നും പഠനങ്ങൾ സൂചിപ്പിക്കുന്നു.
ഇലക്ട്രോണിക് ഉപകരണങ്ങളുടെ പുനഃചംക്രമണം (recycling) വഴി ആസിഡുകൾ ഉൾപ്പെടെ നിരവധി മാലിന്യങ്ങൾ പുറന്തള്ളപ്പെടുന്നു. കൂടാതെ ഇത്തരം ഉപകരണങ്ങൾ കത്തിക്കുന്നതുമൂലം ഡയോക്സിൻ, ഫുറാൻ തുടങ്ങിയ മാരക വിഷവസ്തുക്കൾ അന്തരീക്ഷത്തിൽ സ്വതന്ത്രമാക്കപ്പെടുകയും ചെയ്യുന്നു. ഇത് രൂക്ഷമായ പാരിസ്ഥിതിക - ആരോഗ്യപ്രശ്നങ്ങൾ സൃഷ്ടിക്കുന്നു.
ഇ-വേസ്റ്റ് തടയുന്നതുമായി ബന്ധപ്പെട്ട് 1987-ൽ ഐക്യരാഷ്ട്രസംഘടനയുടെ ആഭിമുഖ്യത്തിൽ നടന്ന ബാസൽ കണ്വൻഷൻ മുന്നോട്ടുവച്ച നിർദ്ദേശങ്ങൾ 1992 മുതൽ പ്രാബല്യത്തിലുണ്ട്.
ഈയം, ക്രോമിയം, കാഡ്മിയം, രസം, ബേരിയം, ബെറീലിയം തുടങ്ങിയ മാരക പദാർഥങ്ങൾ അടങ്ങിയ ഇ-മാലിന്യങ്ങളുടെ ഇറക്കുമതി ശക്തമായി നിയന്ത്രിക്കുക.
ഇലക്ട്രോണിക് മാലിന്യങ്ങളുടെ പുനഃചംക്രമണത്തിനും പുനരുപയോഗത്തിനുമുള്ള ശാസ്ത്രീയ മാർഗങ്ങൾ അവലംബിക്കുക.
ഇ-മാലിന്യ പുനഃചംക്രമണം ഉത്പാദകരുടെ (ആഗോള ഇലക്ട്രോണിക് കന്പനികൾ) ഉത്തരവാദിത്തമായി നിജപ്പെടുത്തുക.
ഇലക്ട്രോണിക് വേസ്റ്റുകളുടെ പാരിസ്ഥിതിക പ്രശ്നങ്ങളെപ്പറ്റി ഉപയോക്താക്കളെ ബോധവാന്മാരാക്കുക.