സിപിഎമ്മിന്റേത് ഏകാധിപത്യ മനോഭാവം; ഇപിക്കെതിരായ നടപടിയിൽ ജാവദേക്കർ
Sunday, September 1, 2024 3:35 PM IST
ന്യൂഡൽഹി: ഇ.പി. ജയരാജനെ എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനത്തുനിന്ന് പുറത്താക്കിയ സംഭവത്തില്‍ പ്രതികരണവുമായി ബിജെപി നേതാവ് പ്രകാശ് ജാവദേക്കര്‍. സിപിഎം നടപടി ഏകാധിപത്യ മനോഭാവത്തിന്റെയും തൊട്ടുകൂടായ്മയുടെയും അസഹിണുതയുടെയും തെളിവാണെന്ന് ജാവദേക്കര്‍ എക്സ് പ്ലാറ്റ്ഫോമിൽ കുറിച്ചു. ജാവദേക്കറുമായി കൂടിക്കാഴ്ച നടത്തിയത് അടക്കമുള്ള വിഷയങ്ങളുടെ പേരിലാണ് ഇ.പി.ജയരാജനെതിരേ പാര്‍ട്ടി അച്ചടക്ക നടപടിയുണ്ടായത്. പാര്‍ട്ടി നടപടിയില്‍ പ്രതിഷേധിച്ച് ശനിയാഴ്ച ചേർന്ന സിപിഎം സംസ്ഥാന സമിതി യോഗത്തിൽ പങ്കെടുക്കാതെ ഇ.പി കണ്ണൂരിലേക്ക് മടങ്ങിയിരുന്നു.
ലോക്സഭാ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പായിരുന്നു ഇ.പി, പ്രകാശ് ജാവദേക്കറുമായി കൂടിക്കാഴ്ച നടത്തിയെന്ന വെളിപ്പെടുത്തല്‍ പുറത്തുവന്നത്. തെരഞ്ഞെടുപ്പ് ദിവസം രാവിലെ കൂടിക്കാഴ്ച സ്ഥിരീകരിച്ചുകൊണ്ടുള്ള ഇ.പിയുടെ പരസ്യപ്രതികരണവും പാര്‍ട്ടിയെ വെട്ടിലാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ഇ.പിക്കെതിരേ നടപടിയുണ്ടായത്.