നിപ: ബംഗളൂരുവില്‍ നിന്ന് മലപ്പുറത്തെത്തിയ വിദ്യാര്‍ഥികളും നിരീക്ഷണത്തില്‍
Monday, September 16, 2024 2:09 PM IST
ബംഗളൂരു: മലപ്പുറം തിരുവാലിയില്‍ നിപയെ തുടര്‍ന്ന് യുവാവ് മരിച്ച സംഭവത്തില്‍ ബംഗളൂരുവിലും ജാഗ്രതാ നിര്‍ദേശം. യുവാവിന്റെ സഹപാഠികള്‍ നിരീക്ഷണത്തിലാണ്. മരിച്ച 24 കാരന് ബംഗളൂരുവിലായിരുന്നു പഠിച്ചിരുന്നത്.
മരണ വിവരമറിഞ്ഞ് സഹപാഠികള്‍ തിരുവാലിയില്‍ എത്തിയിരുന്നു. ഇതില്‍ 13 വിദ്യാര്‍ഥികള്‍ നിലവില്‍ കേരളത്തിലാണ്. ഇവരോട് നാട്ടില്‍ തുടരാനും ആരോഗ്യവകുപ്പ് നിര്‍ദേശിച്ചു.
അതേസമയം, ബംഗളൂരുവിലുള്ള മൂന്ന് വിദ്യാര്‍ഥികള്‍ താമസസ്ഥലത്ത് നിരീക്ഷണത്തിലാണ്. ഇവരോട് എല്ലാവരോടും പിസിആര്‍ പരിശോധന നടത്താനും നിര്‍ദേശം നല്‍കിയിട്ടുണ്ട്. കേരളത്തില്‍ നിന്ന് ആരോഗ്യവകുപ്പ് കൈമാറിയ വിവരങ്ങളനുസരിച്ച് കര്‍ണാടക ആരോഗ്യവകുപ്പ് അടിയന്തരയോഗം ചേര്‍ന്ന് സ്ഥിതി വിലയിരുത്തി.
കഴിഞ്ഞ തിങ്കളാഴ്ചയാണ് ബംഗളൂരുവില്‍ നിന്നെത്തിയ വിദ്യാര്‍ഥിയായ 24 കാരന് പെരിന്തല്‍മണ്ണയിലെ എംഇഎസ് മെഡിക്കല്‍ കോളജില്‍ മരിച്ചത്. ബംഗളൂരുവില്‍ വച്ച് കാലിനുണ്ടായ പരിക്കിന് ആയുര്‍വേദ ചികിത്സയ്ക്കായിരുന്നു നാട്ടിലെത്തിയത്. ഇതിനിടെയാണ് ഇയാള്‍ക്ക് പനി ബാധിച്ചത്.
വെള്ളിയാഴ്ച മെഡിക്കല്‍ കോളജ് മൈക്രോബയോളജി വിഭാഗത്തില്‍ നടത്തിയ പിസിആര്‍ പരിശോധനയില്‍ സാമ്പിള്‍ ഫലം പോസിറ്റീവാകുകയായിരുന്നു. തുടര്‍ന്ന് സ്ഥിരീകരണത്തിനായി പുന നാഷണല്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് സാമ്പിള്‍ അയച്ചിരുന്നു. ഈ പരിശോധനയുടെ ഫലമാണ് പോസിറ്റീവായത്.
അതേസമയം, നിപ സ്ഥിരീകരിച്ച തിരുവാലിയില്‍ ഇന്ന് ആരോഗ്യ വകുപ്പ് സര്‍വേ തുടങ്ങും. വീടുകള്‍ കയറിയിറങ്ങി രോഗലക്ഷണങ്ങളുള്ളവരെ കണ്ടെത്തും. മരിച്ച വിദ്യാര്‍ഥിയുടെ യാത്രയുടെ റൂട്ട് മാപ്പ് ആരോഗ്യ വകുപ്പ് ഇന്ന് പ്രസിദ്ധീകരിക്കും.
തിരുവാലി പഞ്ചായത്തിലെ നാല് മുതല്‍ ഏഴുവരെയുള്ള വാര്‍ഡുകളും സമീപത്തെ മമ്പാട് പഞ്ചായത്തിലെ ഏഴാം വാര്‍ഡും കണ്ടെയ്മെന്റ് സോണാക്കി കഴിഞ്ഞദിവസം ജില്ലാ കളക്ടര്‍ പ്രഖ്യാപിച്ചിരുന്നു. ഈ സ്ഥലങ്ങളില്‍ നിപ പ്രോട്ടോകോള്‍ പ്രകാരമുള്ള നിയന്ത്രങ്ങളും ഏര്‍പെടുത്തി. ഈ വാര്‍ഡുകളില്‍ ഇന്നത്തെ നബിദിന ഘോഷയാത്രയ്ക്കും വിലക്കുണ്ടാവും. തിരുവാലി പഞ്ചായത്തിലാകെ മാസ്ക് നിര്‍ബന്ധമാക്കിയിട്ടുണ്ട്.