ഡോണൾഡ് ട്രംപിനു നേരെ വീണ്ടും വധശ്രമം; ഒരാൾ കസ്റ്റഡിയിൽ
Monday, September 16, 2024 5:43 AM IST
വാഷിംഗ്ടൺ ഡിസി: യുഎസ് മുൻ പ്രസിഡന്റും പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ സ്ഥാനാർഥിയുമായ ഡോണൾഡ് ട്രംപിന് നേരെ വെടിവയ്പ്. ഫ്ലോറിഡ വെസ്റ്റ് പാം ബീച്ച് ഗോൾഫ് ക്ലബിനു സമീപം പ്രദേശിക സമയം ഉച്ചയ്ക്ക് രണ്ടിനാണ് വെടിവയ്പ്പുണ്ടായത്.
ക്ലബിൽ ഗോൾഫ് കളിക്കുകയായിരുന്ന ട്രംപിന്റെ സുരക്ഷാ ക്രമീകരണത്തിന്റെ ഭാഗമായി ഗോൾഫ് കോഴ്സ് പാതി അടച്ചിരുന്നു. തോക്കുമായി എത്തിയ പ്രതി വേലിക്കെട്ടിന് പുറത്തുനിന്ന് ഒന്നിലേറെ തവണ വെടിവച്ചതായാണ് റിപ്പോർട്ടുകൾ.
പ്രതി ഹവായ് സ്വദേശിയായ റയൻ വെസ്ലി റൗത്ത് (58) ആണെന്ന് സുരക്ഷാ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് വാർത്താ ഏജൻസികൾ റിപ്പോർട്ടു ചെയ്തു. പ്രതിക്കു നേരെ സുരക്ഷാ ഉദ്യോഗസ്ഥർ വെടിയുതിർത്തെങ്കിലും എസ്യുവിയിൽ സ്ഥലത്തു നിന്നു രക്ഷപ്പെട്ട ഇയാളെ പിന്തുടർന്ന് കീഴ്പ്പെടുത്തുകയായിരുന്നു.
ഇയാൾ വെടിയുതിർക്കാൻ ഉപയോഗിച്ച തോക്ക്, രണ്ട് ബാക്ക്പാക്കുകൾ തുടങ്ങിയവ ഗോൾഫ് കോഴ്സിനു സമീപത്തു നിന്നു കണ്ടെടുത്തു. ട്രംപ് സുരക്ഷിതനാണെന്ന് അദ്ദേഹത്തിന്റെ പ്രചാരണ സംഘവും സീക്രട്ട് സർവീസും അറിയിച്ചു.