മുഹമ്മദ് ഷിയാസ് പ്രതിപക്ഷനേതാവിന്റെ ഗുണ്ട: പി.വി.അന്‍വര്‍
Monday, September 16, 2024 10:22 PM IST
മലപ്പുറം: എറണാകുളം ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് പ്രതിപക്ഷനേതാവ് വി.ഡി.സതീശന്റെ ഗുണ്ടയാണെന്ന് പി.വി.അന്‍വര്‍ എംഎല്‍എ. ഡിസിസി പ്രസിഡന്റിന്റെ നെറ്റിപ്പട്ടവും ചുറ്റി ഷിയാസിനെ ഇരുത്തിയിരിക്കുകയാണെന്നും 2015ല്‍ ഹോട്ടല്‍ പൊളിക്കാന്‍ ക്വട്ടേഷന്‍ വാങ്ങിയ ആളാണെന്നും അൻവർ ആരോപിച്ചു.
ഹോട്ടല്‍ ഒഴിഞ്ഞു കൊടുക്കാത്തത് കൊണ്ട് മെട്രോയ്ക്ക് കൈമാറാനായില്ല. മെട്രോ തൊഴിലാളികളുടെ വേഷത്തിലെത്തി ഹോട്ടലുകാരെ ക്രൂരമായി മര്‍ദിച്ചു. ഇതിന് ഒത്താശ ചെയ്തത് അന്നത്തെ ഐജി അജിത് കുമാറാണ്. സംഭവത്തിൽ സിഐയെ സസ്പെന്‍ഡ് ചെയ്യുക മാത്രമാണ് ചെയ്തത്.
ഷിയാസിനെ കേസില്‍ പ്രതിചേര്‍ത്തില്ല. അന്ന് മുതല്‍ ഷിയാസിന് അജിത്കുമാറുമായി ബന്ധമുണ്ട്. തനിക്കെതിരായ ക്വട്ടേഷന്‍ പിന്നില്‍ വി.ഡി.സതീശന്റെയും അജിത് കുമാറിന്റെയും ഗൂഢാലോചനയുണ്ടെന്നും അന്‍വര്‍ പറഞ്ഞു. പീഡന പരാതി പിന്‍വലിക്കാന്‍ ഡിസിസി സെക്രട്ടറിയായ വനിതാ നേതാവിനെ ഭീഷണിപ്പെടുത്തി.
പാര്‍ട്ടി കോടതിയാണ് പീഡന പരാതി പിന്‍വലിക്കാന്‍ ഭീഷണിപ്പെടുത്തിയതെന്നും പി.വി.അന്‍വര്‍ എംഎല്‍എ ആരോപിച്ചു. മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി.ശശിക്കെതിരെ പരാതി തയാറാക്കി കഴിഞ്ഞു. രണ്ട് ദിവസത്തിനുള്ളില്‍ തിരുവനന്തപുരത്ത് നേരിട്ട് എത്തിയോ ദൂതന് മുഖേനയോ പാര്‍ട്ടിക്ക് പരാതി നല്‍കുമെന്നും അന്‍വര്‍ വ്യക്തമാക്കി.