കൂട്ടരാജിയില്‍ വിയോജിപ്പ്; ഭിന്നാഭിപ്രായമുയര്‍ത്തി സരയുവും അനന്യയും
Wednesday, August 28, 2024 8:48 AM IST
കൊച്ചി: ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിനു പിന്നാലെയുണ്ടായ വിവാദങ്ങള്‍ക്കൊടുവില്‍ താരസംഘടനയായ അമ്മയുടെ ഭരണസമിതി പിരിച്ചുവിട്ടതില്‍ ഭിന്നാഭിപ്രായം. കൂട്ടരാജിയെന്ന തീരുമാനം ഏകകണ്ഠമായിട്ടല്ല എടുത്തതെന്ന് നടി സരയു പ്രതികരിച്ചു. താന്‍ ഇതുവരെ രാജിവെച്ചിട്ടില്ല. അതിനാല്‍ ഐകകണ്ഠേനയാണ് രാജിയെന്ന് പറയാന്‍ കഴിയില്ലെന്ന് സരയു കൂട്ടിച്ചേര്‍ത്തു.
ആരോപണ വിധേയര്‍ വ്യക്തിപരമായി രാജിവെച്ച് ഒഴിയുകയെന്നതാണ് ശരിയെന്നും ധാര്‍മിതക മുന്‍നിര്‍ത്തിയാണ് രാജിവെച്ചതെന്നും നടി അനന്യയും പ്രതികരിച്ചു. വ്യക്തിപരമായി രാജിയോട് താത്പര്യം ഉണ്ടായിരുന്നില്ലെന്നും അവര്‍ വ്യക്തമാക്കി. വിനു മോഹന്‍, ടൊവിനോ, ജഗദീഷ് എന്നിവര്‍ക്കും കൂട്ടരാജിയില്‍ വിയോജിപ്പ് ഉള്ളതായാണ് വിവരം.
ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിനെ തുടര്‍ന്ന് സംഘടനയിലെ ഭരണ സമിതിയിലെ ചില ഭാരവാഹികള്‍ നേരിടേണ്ടി വന്ന ലൈംഗികാരോപണങ്ങളുടെ പശ്ചാത്തലത്തില്‍ ധാര്‍മികമായ ഉത്തരവാദിത്വം മുന്‍നിര്‍ത്തിയാണ് അമ്മ ഭരണസമിതി കഴിഞ്ഞദിവസം പിരിച്ചുവിട്ടത്. വിമര്‍ശനങ്ങളുടെ എല്ലാ ഉത്തരവാദിത്തവും ഏറ്റെടുത്തുകൊണ്ടായിരുന്നു പ്രസിഡന്റ് മോഹന്‍ലാല്‍ രാജിവെച്ചത്. ഒപ്പം ഭരണസമിതിയിലെ അംഗങ്ങളും രാജിവെച്ചിരുന്നു.
രണ്ടു മാസത്തിനുള്ളില്‍ പൊതുയോഗം ചേര്‍ന്ന് പുതിയ ഭാരവാഹികളെ തെരഞ്ഞെടുക്കും. അതുവരെ ഓഫീസ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാനും സഹായം ലഭ്യമാക്കാനും നിലവിലുള്ള ഭരണ സമിതി താത്കാലിക സംവിധാനമായി തുടരുമെന്ന് രാജിക്കത്തില്‍ പറയുന്നു.