ദിനേശ് കാര്‍ത്തിക് ഇനി പാൾ റോയലിൽ; ദക്ഷിണാഫ്രിക്കന്‍ ടി20 ലീഗിലെത്തുന്ന ആദ്യ ഇന്ത്യന്‍ താരം
Tuesday, August 6, 2024 1:56 PM IST
ന്യൂഡല്‍ഹി: മുന്‍ ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ബാറ്ററും ഐപിഎൽ ടീമായ ബംഗളൂരു റോയൽ ചലഞ്ചേഴ്സിന്റെ മെന്ററുമായ ദിനേശ് കാര്‍ത്തിക് ദക്ഷിണാഫ്രിക്കന്‍ ടി20 ലീഗിലേക്ക്. മൂന്നാം സീസണില്‍ പാൾ റോയല്‍സ് ടീമുമായി താരം കരാറില്‍ ഒപ്പുവച്ചു.
ആദ്യമായാണ് ഒരു ഇന്ത്യന്‍ ക്രിക്കറ്റ് താരം ദക്ഷിണാഫ്രിക്കന്‍ ലീഗിന്റെ ഭാഗമാകുന്നത്. 2025 ജനുവരി മൂന്നിനാണ് മൂന്നാം സീസണ് ആരംഭിക്കുന്നത്. കഴിഞ്ഞ ദിവസം ദക്ഷിണാഫ്രിക്കൻ മുൻ സൂപ്പർതാരം എബി ഡിവില്ലിയേഴ്സിനൊപ്പം ലീഗ് അംബാസഡറായി കാർത്തിക് നിയമിതനായിരുന്നു.
ദക്ഷിണാഫ്രിക്കയില്‍ കളിച്ചതിന്റെ ഒരുപാട് ഓര്‍മകള്‍ തനിക്കുണ്ടെന്നും ഇങ്ങനെയൊരു അവസരം വന്നപ്പോള്‍ വേണ്ടെന്ന് പറയാന്‍ കഴിഞ്ഞില്ലെന്നും ദിനേശ് കാർത്തിക് പറയുന്നു. മത്സര ക്രിക്കറ്റിലേക്ക് മടങ്ങിവന്ന് പാൾ റോയല്‍സിനെ വിജയത്തിലേക്ക് നയിക്കാന്‍ കഴിയുന്നത് തന്നെ സംബന്ധിച്ച് ഏറെ സന്തോഷം നല്കുന്ന കാര്യമാണെന്നും താരം കൂട്ടിച്ചേർത്തു.
39കാരനായ കാർത്തിക് കഴിഞ്ഞ ജൂണിലാണ് ക്രിക്കറ്റിന്റെ എല്ലാ ഫോര്‍മാറ്റില്‍ നിന്നും വിരമിച്ചത്. ഇതിനുശേഷം ബംഗളൂരു റോയല്‍ ചലഞ്ചേഴ്സിന്റെ മെന്ററും ബാറ്റിംഗ് കോച്ചുമായി തുടരുകയാണ്. മൂന്ന് ഫോര്‍മാറ്റുകളിലുമായി ഇന്ത്യക്കായി 180 മത്സരങ്ങള്‍ കാര്‍ത്തിക് കളിച്ചിട്ടുണ്ട്.