റിക്കി പോണ്ടിംഗിനെ പഞ്ചാബ് കിംഗ്സിന്റെ മുഖ്യ പരിശീലകനായി നിയമിച്ചു
Wednesday, September 18, 2024 9:26 PM IST
ചണ്ഡീഗഡ്: ഐപിഎൽ 2025 സീസണിന് മുന്നോടിയായി മുൻ ഡൽഹി ക്യാപിറ്റൽസ് കോച്ചും ക്രിക്കറ്റ് ഇതിഹാസവുമായ റിക്കി പോണ്ടിംഗിനെ പഞ്ചാബ് കിംഗ്സിന്റെ മുഖ്യ പരിശീലകനായി നിയമിച്ചു.
ഡൽഹി ക്യാപിറ്റൽസ് മുഖ്യ പരിശീലക സ്ഥാനമൊഴിഞ്ഞ് രണ്ടുമാസങ്ങൾക്ക് ശേഷമാണ് പഞ്ചാബ് കിംഗ്സിന്റെ മുഖ്യ പരീശിലകനായി പോണ്ടിംഗ് തിരിച്ചുവരുന്നത്. പഞ്ചാബ് കിംഗ്സുമായി 2028 വരെ നാല് വർഷത്തെ കരാറിൽ പോണ്ടിംഗ് ഒപ്പുവച്ചു.
പഞ്ചാബ് കിംഗ്സിന്റെ ആറാമത്തെ മുഖ്യ പരിശീലകനാണ് പോണ്ടിംഗ്. കഴിഞ്ഞ സീസണിൽ ഒമ്പതാം സ്ഥാനത്തായിരുന്നു പഞ്ചാബ്.
2014-ൽ റണ്ണർഅപ്പ് ഫിനിഷ് ചെയ്തതിന് ശേഷം ടീമിന് ഐപിഎൽ പ്ലേഓഫിൽ സ്ഥാനം കണ്ടെത്താനായില്ല. 2025 സീസണിന് മുന്നോടിയായി നടക്കുന്ന മെഗാ ലേലത്തിൽ മികച്ച താരങ്ങളെ കണ്ടെത്തുകയായിരിക്കും പോണ്ടിങ്ങിന് മുന്നിലുള്ള വെല്ലുവിളി.