ആകാശ് തില്ലങ്കേരിയുടെ ജീപ്പ് റൈഡ്; വാഹന ഉടമയ്ക്ക് 45,500 രൂപ പിഴ
Tuesday, July 9, 2024 5:13 PM IST
കൽപ്പറ്റ: ഷുഹൈബ് വധക്കേസിലെ പ്രതി ആകാശ് തില്ലങ്കേരി നിയമങ്ങൾ ലംഘിച്ച് വാഹനം ഓടിച്ച സംഭവത്തിൽ നടപടിയുമായി മോട്ടോർവാഹന വകുപ്പ്. വാഹനത്തിന്റെ ആർസി ഓണർ മൊറയൂർ സ്വദേശി സുലൈമാനെതിരെ ഒമ്പതുകേസും 45,500 രൂപ പിഴയും ചുമത്തി.
കഴിഞ്ഞ ഏഴിന് വയനാട്ടിലൂടെ നടത്തിയ യാത്രയുടെ ദൃശ്യങ്ങൾ പോലീസിൽ നിന്ന് ലഭിച്ചതിന് പിന്നാലെയാണ് മോട്ടോർ വാഹന വകുപ്പിന്റെ നടപടിയുണ്ടായത്. വാഹനത്തിന്റെ ആർസി സസ്പെൻഡ് ചെയ്യാനും ശിപാർശ ചെയ്തിട്ടുണ്ട്. അതേസമയം ആകാശ് ഓടിച്ച വാഹനം കണ്ടെത്താൻ കഴിഞ്ഞിട്ടില്ല.
ലൈസൻസ് ഇല്ലാതെ വാഹനം ഓടിക്കാൻ വിട്ടു നൽകിയതിലും ഉടമക്കെതിരെ കേസുണ്ട്. ആകാശ് തില്ലങ്കേരിയുടെ ഡ്രൈവിംഗ് ലൈസൻസ് ലഭിക്കാത്ത സാഹചര്യത്തിലാണ് ഈ വകുപ്പ് ചുമത്തിയത്. നേരത്തെ ലൈസൻസ് വിവരങ്ങൾ കണ്ണൂർ ആർടിഒയിൽ നിന്ന് തേടിയിരുന്നു. ആകാശിന്റെ ലൈസൻസ് വിവരങ്ങൾ ലഭിച്ചാൽ ലൈസൻസ് ഇല്ലെന്ന കുറ്റം ഒഴിവാകും.
സംഭവത്തിൽ ആകാശ് തില്ലങ്കേരിക്കെതിരെ ഹൈക്കോടതി സ്വമേധയാ കേസെടുത്തിരുന്നു. കൊലപാതകം ഉൾപ്പടെ നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയാണ് ആകാശ് തില്ലങ്കേരി.